പീഡിപ്പിക്കപ്പെട്ട 5 വയസുകാരിയെയും കൊണ്ട് പിതാവിന്‍റെ പ്രതിഷേധം; കണ്ണീരണിയിച്ച വീഡിയോയില്‍ ട്വിസ്റ്റ്
ഒറ്റത്തവണ പോലും കണ്ടുതീര്‍ക്കാന്‍ പറ്റാത്തൊരു സങ്കടക്കാഴ്‌ചയായി ഈ ദൃശ്യങ്ങള്‍ മാറുമ്പോള്‍ കമന്‍റ് ബോക്‌സില്‍ അവരോട് ചേര്‍ന്നുനില്‍ക്കുകയാണ് മനുഷ്യമനസുള്ള എല്ലാവരും
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലി വലിയ പ്രതിഷേധങ്ങളുടെ വേദി കൂടിയാണ്. ദില്ലിയില്‍ പാര്‍ലമെന്‍റ് പരിസരത്ത് പെണ്‍കുഞ്ഞിനെ കൈയിലേന്തി പിതാവ് അലറിവിളിച്ചുകൊണ്ട് പ്രതിഷേധിക്കുന്ന വീഡിയോ ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ആളുകളെ കരയിക്കുകയാണ്. 'പീഡിപ്പിക്കപ്പെട്ട 5 വയസുകാരിയെയും കൊണ്ട് പാർലമെന്‍റിന് ചുറ്റും അലറി വിളിച്ചുകൊണ്ട് നടക്കേണ്ടി വരുന്ന ഒരു പിതാവിന്‍റെ അവസ്ഥയാണിത്' എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്. ഒറ്റത്തവണ പോലും കണ്ടുതീര്‍ക്കാന്‍ പറ്റാത്തൊരു സങ്കടക്കാഴ്‌ചയായി ഈ ദൃശ്യങ്ങള്‍ മാറുമ്പോള്‍ കമന്‍റ് ബോക്‌സില്‍ അവരോട് ചേര്‍ന്നുനില്‍ക്കുകയാണ് മനുഷ്യമനസുള്ള എല്ലാവരും. എന്നാല്‍ പ്രചരിക്കപ്പെടുന്നതുപോലെയല്ല ഈ വീഡിയോയുടെ യാഥാര്‍ഥ്യം.
പ്രചാരണം
ഫേസ്ബുക്കില്‍ സെപ്റ്റംബര്‍ 24-ാം തിയതി ബിജു ജോണ്‍ എന്നയാളാണ് മലയാളം കുറിപ്പോടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ ഒന്നരലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഒരാള്‍ പെണ്‍കുട്ടിയെ എടുത്തുകൊണ്ട് നിലവിളിച്ച് പ്രതിഷേധിക്കുന്നതും സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ എത്തി അവരെ പിടികൂടുന്നതുമാണ് വീഡിയോയില്‍. ദൃശ്യത്തിനൊപ്പമുള്ള കുറിപ്പില്‍ ബിജു ജോണ്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. 'പീഡിപ്പിക്കപ്പെട്ട 5 വയസുകാരിയേയും കൊണ്ട് പാർലമെന്‍റിന് ചുറ്റും അലറി വിളിച്ചുകൊണ്ട് നടക്കേണ്ടി വരുന്ന ഒരു പിതാവിന്‍റെ അവസ്ഥ... ഈ രാജ്യത്ത് സാധാരണക്കാരന്‍റെ ജീവിതം എങ്ങോട്ടാണെന്നതിന്‍റെ വ്യക്തമായ സൂചനയാണ്... ബേട്ടീ ബച്ചാവോ'.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
ദില്ലിയിലെ പഴയ പാര്‍ലമെന്‍റ് പരിസരമാണ് ദൃശ്യത്തില്‍ കാണുന്നത് എന്ന് ഒറ്റക്കാഴ്‌ചയില്‍ തന്നെ വ്യക്തമാണ്. സമീപത്തെ കെട്ടിടങ്ങള്‍ ഇത് ഉറപ്പിക്കുന്നു. ചുറ്റുംകൂടി നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ മൈക്കുകള്‍ക്കും ക്യാമറകള്‍ക്കും മധ്യേയാണ് ഒരു പിതാവ് തന്‍റെ പെണ്‍കുട്ടിയുമായി പ്രതിഷേധിക്കുന്നത് എന്നും വീഡിയോയില്‍ നിന്ന് മനസിലാക്കാം. എന്നാല്‍ പ്രചരിക്കപ്പെടുന്നതുപോലെ പീഡനത്തിനിരയായ അഞ്ച് വയസുകാരിയെയും കൊണ്ട് ഒരു പിതാവ് നടത്തുന്ന പ്രതിഷേധമല്ലിത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ വസ്‌തുതാ പരിശോധനയില്‍ വ്യക്തമായത്.
വീഡിയോ ദില്ലിയില്‍ നിന്നാണ് എന്ന് വ്യക്തമായതോടെ 'delhi father daughter protest' എന്ന കീവേഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തു. 2019 ഡിസംബര്‍ 5ന് എബിപി ലൈവ് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ആദ്യ സെര്‍ച്ച് റിസല്‍റ്റായി ലഭിച്ചത്.
കീവേഡ് സെര്‍ച്ച് ഫലം- സ്ക്രീന്‍ഷോട്ട്
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ തന്‍റെ പെണ്‍കുഞ്ഞിനെ കൈകളിലെടുത്ത് ഒരു പിതാവ് പ്രതിഷേധിക്കുന്നു എന്ന തലക്കെട്ടോടെയാണ് എബിപി ലൈവ് വീഡിയോ സഹിതം വാര്‍ത്ത നല്‍കിയിരിക്കുന്നത്. പിതാവിന്‍റെ വെളുത്ത വേഷവും കയ്യിലെ പ്ലക്കാര്‍ഡും കുട്ടിയുടെ ഓറഞ്ച് നിറത്തിലുള്ള കുപ്പായവും ദില്ലിയുടെ പശ്ചാത്തലവും പ്രചരിക്കുന്ന വീഡിയോയും എബിവി ലൈവ് നല്‍കിയിരിക്കുന്ന ദൃശ്യവും സമാന സംഭവത്തിന്‍റേതാണ് എന്ന് വ്യക്തമാക്കുന്നു. ദില്ലിയിലെ വിജയ് ചൗക്കിലാണ് ഈ പ്രതിഷേധം എന്നും പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ബലാല്‍സംഗത്തിനിരയായ മകളുമായാണ് അച്ഛന്‍ പ്രതിഷേധിക്കുന്നത് എന്ന് വാര്‍ത്തയിലൊരിടത്തും പറയുന്നില്ല. അതിനാല്‍ ഇക്കാര്യം ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടിവന്നു.
എബിപി വീഡിയോയുടെ വിവരണം- സ്ക്രീന്‍ഷോട്ട്
ഇതിലാണ്, ദില്ലി പൊലീസ് 2023 മെയ് രണ്ടിന് ചെയ്തിട്ടുള്ള ഒരു ട്വീറ്റ് കാണാനായത്. '2019 ഡിസംബറില്‍ നടന്ന ഒരു പ്രതിഷേധത്തിന്‍റെ പഴയ വീഡിയോ ചിലര്‍ ഇപ്പോള്‍ ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട 5 വയസുകാരിയായ മകളെയും കൊണ്ട് പിതാവ് നടത്തുന്ന പ്രതിഷേധമാണിത് എന്ന് അവകാശപ്പെടുന്നു. എന്നാല്‍ തെറ്റായ വിവരമാണിത്. വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്' എന്നും അപേക്ഷിച്ചുകൊണ്ടായിരുന്നു ദില്ലി പൊലീസിന്‍റെ ട്വീറ്റ്.
ദില്ലി പൊലീസ് ട്വീറ്റ്- സ്ക്രീന്‍ഷോട്ട്
നിഗമനം
എബിപി ന്യൂസിന്‍റെ 2019 ഡിസംബര്‍ 5ലെ വാര്‍ത്തയും ദില്ലി പൊലീസ് 2023 മെയ് രണ്ടിന് നടത്തിയ ട്വീറ്റും വ്യക്തമാക്കുന്നത് പീഡിപ്പിക്കപ്പെട്ട 5 വയസുകാരിയായ മകളെയും കൊണ്ട് ഇന്ത്യന്‍ പാർലമെന്‍റിന് സമീപത്ത് ഒരു പിതാവ് പ്രതിഷേധം നടത്തിയിട്ടില്ല എന്നാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരായി 2019ല്‍ പാര്‍ലമെന്‍റ് പരിസരത്ത് നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ തെറ്റായ തലക്കെട്ടുകളോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം