ക്രിക്കറ്റ് ദൈവത്തിന്‍റെ കാല്‍തൊട്ട് വണങ്ങി ഗ്ലെന്‍ മാക്‌സ്‌വെല്‍; ചിത്രം നിങ്ങളെ പറ്റിച്ചു! Fact Check
ഒരു ചിത്രം സഹിതം നടക്കുന്ന പ്രചാരണത്തിന്‍റെ വസ്‌തുത പരിശോധിക്കാം
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം, ഇതില്‍ കുറഞ്ഞ ഒരു വിശേഷണവും ഓസീസ് ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് നല്‍കാനാവില്ല. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സ്കോര്‍ പിന്തുടരവെ ഇരട്ട സെഞ്ചുറിയുമായി ലോകത്തെ ഞെട്ടിക്കുകയായിരുന്നു ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറായ മാക്‌സി. ലോകത്തെ അമ്പരപ്പിച്ച പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കാല്‍തൊട്ട് വന്ദിച്ചോ ഗ്ലെന്‍ മാക്‌സ്‌വെല്‍? ഒരു ചിത്രം സഹിതം നടക്കുന്ന പ്രചാരണത്തിന്‍റെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കാലുകളില്‍ തൊട്ട് ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ വണങ്ങുന്ന ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളായ ട്വിറ്ററിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നത്. 'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അഭിനന്ദിക്കാനെത്തിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ അദേഹത്തിന്‍റെ കാലുകളില്‍ സ്‌പര്‍ശിച്ച് അനുഗ്രഹം തേടി. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മഹത്തായ നിമിഷങ്ങളിലൊന്നാണിത്. രണ്ട് മഹാ ക്രിക്കറ്റര്‍മാര്‍ക്കും സല്യൂട്ട്. മാക്‌സ്‌വെല്ലിന്‍റെ പത്നി ഒരു ഹിന്ദുവാണ്, പേര് വിനി രാമന്‍'- ഇത്രയുമാണ് ചിത്രത്തിനൊപ്പം കുറിച്ചുകൊണ്ട് കിഷോര്‍ പരേഖ് എന്നയാള്‍ 2023 നവംബര്‍ 9ന് എഫ്‌ബിയില്‍ പോസ്റ്റ് ചെയ്‌തത്. ഫേസ്‌ബുക്കിലും ട്വിറ്ററിലും മറ്റ് നിരവധി പേരും ഇതേ ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത് കാണാം.
വസ്‌തുത
എന്നാല്‍ മത്സരത്തിന് മുന്നോടിയായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അഫ്‌ഗാന്‍ താരങ്ങളെ പരിചയപ്പെടുന്നതിന്‍റെ ചിത്രവും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ മറ്റൊരു ചിത്രവും എഡിറ്റ് ചെയ്‌ത് ചേര്‍ത്താണ് വൈറല്‍ ഫോട്ടോ തയ്യാറാക്കിയിരിക്കുന്നത്. വൈറല്‍ ചിത്രം സൂം ചെയ്‌ത് നോക്കിയാല്‍ സച്ചിന്‍റെ വലത്തേകൈയില്‍ എതിരെയുള്ള ആളുടെ കൈയും കാണാം. അതേസമയം തലതാഴ്‌ത്തി നില്‍ക്കുന്ന മാക്‌സ്‌വെല്ലിന്‍റെ ഒരു കൈ ബാറ്റിലും രണ്ടാമത്തേത് കാലില്‍ തൊടുന്ന നിലയിലുമാണ്. മത്സരത്തിനിടെ പേശീവലിവ് പലകുറി അനുഭവപ്പെട്ട മാക്‌സ്‌വെല്‍ സ്ട്രെച്ച് ചെയ്യുന്നതിന്‍റെ ചിത്രമാണ് ഇതെന്ന് ഊഹിക്കാം. സച്ചിന്‍റെയും മാക്‌സ്‌വെല്ലിന്‍റേതുമായി പ്രചരിക്കുന്ന ചിത്രം വ്യാജമാണ് എന്ന് ഈ തെളിവുകള്‍ കൊണ്ട് ഉറപ്പിക്കാം.
Read more: 'എന്തൊരു തട്ടിപ്പ്, ഗാസയില്‍ കണ്ണുതുറന്ന് മൃതദേഹം'; വൈറല്‍ വീഡിയോയുടെ ചുരുളഴിഞ്ഞു! Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം