സ്റ്റാലിന് തൊട്ടുകൂടായ്‌മയോ, കുട്ടിയെ എടുക്കുന്നത് കയ്യുറ ധരിച്ച്; ശരിയോ ചിത്രം- Fact Check
തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും ഇല്ലാത്ത ദ്രാവിഡ ഉണ്ണാക്കന്‍മാര്‍ എന്ന തലക്കെട്ടോടെയാണ് ചിത്രം ട്വിറ്ററില്‍ ഭഗത് എന്ന യൂസര്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സ്റ്റാലിന്‍ കയ്യുറ ധരിച്ചുകൊണ്ട് ഒരു കുട്ടിയെ എടുത്തുനില്‍ക്കുന്നതാണ് ചിത്രം. ഇങ്ങനെയുള്ള ഡിഎംകെയാണോ തൊട്ടുകൂടായ്‌മയെയും തീണ്ടിക്കൂടായ്‌മയും വിമര്‍ശിക്കുന്നത് എന്ന് ചോദിച്ചാണ് ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. എന്താണ് ഈ വാദത്തിന് പിന്നിലെ വസ്‌തുത. കുട്ടികളെ എടുക്കാനുള്ള പ്രയാസം കാരണം കയ്യുറ ധരിച്ചിരിക്കുകയാണോ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.
പ്രചാരണം
'തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും ഇല്ലാത്ത ദ്രാവിഡ ഉണ്ണാക്കന്‍മാര്‍' എന്ന തലക്കെട്ടോടെയാണ് ചിത്രം ട്വിറ്ററില്‍ ഭഗത് എന്ന യൂസര്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. മലയാളത്തിലാണ് ഈ പോസ്റ്റ്. ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ വേറൊരു കുട്ടിയെ എടുത്തു നില്‍ക്കുന്ന ചിത്രവും കൊളാഷായി ഇതിനൊപ്പമുണ്ട്. കുട്ടിയെ എടുക്കാന്‍ സ്റ്റാലിന്‍ കയ്യുറ ധരിക്കുമെങ്കില്‍ അണ്ണാമലൈക്ക് അതിന്‍റെ ആവശ്യമില്ല താരതമ്യമാണ് ഈ ചിത്രത്തിലൂടെ ട്വിറ്റര്‍ യൂസര്‍ ഉദേശിക്കുന്നത് എന്ന് വ്യക്തം. എന്നാല്‍ ട്വീറ്റില്‍ അവകാശപ്പെടുന്നതുപോലെ കയ്യുറ ധരിച്ചാണോ എം കെ സ്റ്റാലിന്‍ കുട്ടികളെ എടുക്കാറ്.
പ്രചാരണത്തിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
കയ്യുറ ധരിച്ചുകൊണ്ട് സ്റ്റാലിന്‍ ഒരു കുട്ടിയെ എടുത്തു എന്നത് വസ്‌തുതയാണ്. എന്നാലിത് കൊവിഡ് നിയന്ത്രണങ്ങളുള്ള സമയത്തായിരുന്നു എന്നതാണ് പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നവര്‍ മനപ്പൂര്‍വം മറച്ചുവെക്കുന്നത്. ഇപ്പോള്‍ വൈറലായിരിക്കുന്ന ചിത്രം മുമ്പും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്‌തുതാ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. തൊട്ടുകൂടായ്‌മ ഒരു കുറ്റമാണ് എന്ന തലക്കെട്ടില്‍ 2023 ജൂലൈ 18ന് ഒരാള്‍ ചിത്രം ട്വീറ്റ് ചെയ്‌തതിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ.
രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന ദിനങ്ങളിലൊന്നായ 2021 ഫെബ്രുവരി 27ന് ഈ ചിത്രം തമിഴ് മാധ്യമമായ സണ്‍ ന്യൂസ് ട്വീറ്റ് ചെയ്‌തതും പരിശോധനയില്‍ കണ്ടെത്താനായി. 2021 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കാഞ്ചീപുരത്ത് നിന്നുള്ള ചിത്രമാണിത് എന്നാണ് സണ്‍ ന്യൂസിന്‍റെ വാര്‍ത്തയില്‍ പറയുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ നിലനിന്നിരുന്ന സമയത്തായിരുന്നു 2021ല്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ട്വീറ്റില്‍ പറയുന്നത് പോലയേ അല്ല, സ്റ്റാലിന്‍ കുട്ടികളെ എടുക്കുന്നതും അവരോട് കുശലം പറയുന്നതുമായ നിരവധി ചിത്രങ്ങള്‍ ഗൂഗിളില്‍ കണ്ടെത്താനായി. ഈ തെളിവുകളെല്ലാം ഇപ്പോള്‍ സ്റ്റാലിനെതിരെ നടക്കുന്ന പ്രചാരണം തെറ്റാണ് എന്ന് വ്യക്തമാകുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ നിലവിലുണ്ടായിരുന്ന സമയത്ത് 2021ല്‍ എടുത്ത ചിത്രമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ വ്യാജ പ്രചാരണം നടത്താന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തം.
Read more: നീണ്ട തലയും, മൂന്ന് വിരലുകളുള്ള കൈകളും, മെക്സിക്കന്‍ കോണ്‍ഗ്രസില്‍ അന്യഗ്രഹ ജീവികള്‍, വസ്തുത ഇതാണ്