'ആരും സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കരുത്, എബോള വൈറസ് അടങ്ങിയിരിക്കുന്നു'; സന്ദേശം വ്യാജം - Fact Check
സോഫ്റ്റ് ഡ്രിങ്കുകളെ കുറിച്ചുള്ള വാട്‌സ്ആപ്പ് സന്ദേശം വ്യാജമാണ് എന്ന് സ്ഥിരീകരണം
ഹൈദരാബാദ്: സോഫ്റ്റ് ഡ്രിങ്കുകളില്‍ അപകടകാരിയായ എബോള വൈറസ് കലര്‍ന്നിട്ടുണ്ടെന്നും അതിനാല്‍ ശീതളപാനീയങ്ങള്‍ കുടിക്കരുതെന്നും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. സന്ദേശത്തിനെതിരെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വരെ രംഗത്തെത്തിയ സാഹചര്യത്തില്‍ വ്യാജ പ്രചാരണത്തിന്‍റെ വസ്‌തുത വിശദമായി മനസിലാക്കാം.
പ്രചാരണം
ഹൈദരാബാദ് പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പ് എന്ന രീതിയിലാണ് വാട്‌സ്ആപ്പില്‍ സന്ദേശം പ്രചരിക്കുന്നത്. ഇന്ത്യാ സര്‍ക്കാരിന്‍റെ പേരും ലോഗോയും ഇതിനൊപ്പം കാണാം. അതിലെ ഉള്ളടക്കം ഇങ്ങനെ... 'കൊക്കോക്കോള, 7അപ്, പെപ്‌സി, സ്പ്രൈറ്റ്, മാജ അടക്കമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കരുത്. കമ്പനിയിലെ ഒരാള്‍ അപകടകാരിയായ എബോള വൈറസ് അടങ്ങിയ രക്തം ഇതില്‍ കലര്‍ത്തിയതിനാലാണിത്. ഈ വാര്‍ത്ത ഇന്നലെ എന്‍ഡിടിവിയും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അതിനാല്‍ ഈ മെസേജ് എല്ലാവരിലേക്കും ഷെയര്‍ ചെയ്യുക'- എന്നുമാണ് വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നത്.
വസ്‌തുത
സോഫ്റ്റ് ഡ്രിങ്കുകളെ കുറിച്ചുള്ള വാട്‌സ്ആപ്പ് സന്ദേശം വ്യാജമാണ് എന്ന് വ്യക്തമാക്കി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു സന്ദേശവും പുറത്തിറക്കിയിട്ടില്ല എന്നും പിഐബി വ്യക്തമാക്കി.
മെസേജ് മുമ്പും
ഈ സന്ദേശത്തെ കുറിച്ച് പരിശോധിച്ചപ്പോള്‍ 2016ലും 2017ലും 2018ലും 2019ലുമെല്ലാം ഫേസ്‌ബുക്കിലും ട്വിറ്ററിലും വൈറലായിരുന്ന വ്യാജ സന്ദേശമാണിത് എന്ന് വ്യക്തമായിട്ടുണ്ട്.
നിഗമനം
സോഫ്റ്റ് ഡ്രിങ്കുകളില്‍ എബോള വൈറസ് പടര്‍ത്തിയിട്ടുള്ളതിനാല്‍ അവ കുടിക്കരുത് എന്നാവശ്യപ്പെട്ട് ഹൈദരാബാദ് പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പ് എന്ന പേരിലുള്ള സന്ദേശം വ്യാജമാണ്. ഇത്തരമൊരു മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാരും പൊതുജനങ്ങള്‍ക്കായി പുറത്തിറക്കിയിട്ടില്ല.
Read more: നിലമ്പൂരില്‍ സിംഹം പെട്രോള്‍ പമ്പില്‍ എത്തിയോ? വീഡിയോയുടെ വസ്‌തുത എന്ത്- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം