മദ്യപിച്ച് കോണ്‍ തെറ്റി പുള്ളിപ്പുലി! വീഡിയോ സത്യമോ? ദൃശ്യം കേരളത്തിലും വൈറല്‍
അവശത തോന്നിക്കുന്ന ഒരു പുള്ളിപ്പുലിയെ നാട്ടുകാര്‍ പൂച്ചക്കുട്ടിയെ പോലെ താലേലിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്
ഉജ്ജയിൻ: പുള്ളിപ്പുലി എന്ന് കേട്ടാല്‍ എല്ലാവര്‍ക്കും പേടിയാണ്. നേരിട്ട് കണ്ടാല്‍ നമ്മുടെയൊക്കെ നെഞ്ച് ഒന്ന് പിടയ്ക്കും. എന്നിട്ടും ഒരു പുള്ളിപ്പുലിയെ പൂച്ചക്കുട്ടിയെ പോലെ താലോലിക്കുകയാണ് ഒരുകൂട്ടം നാട്ടുകാര്‍. മധ്യപ്രദേശില്‍ നിന്നുള്ള വീഡിയോയാണ് സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട പുള്ളിപ്പുലിയാണിത് എന്നാണ് വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് പലരും ഫേസ്‌ബുക്കില്‍ കുറിച്ചത്. എന്താണ് ഇതിന് പിന്നിലെ യാഥാര്‍ഥ്യം.
പ്രചാരണം
കേരളത്തിലുള്‍പ്പടെ ഫേസ്‌ബുക്കിലൂടെ വൈറലായിരിക്കുന്ന വീഡിയോയാണ് സംഭവം. അവശത തോന്നിക്കുന്ന ഒരു പുള്ളിപ്പുലിയെ നാട്ടുകാര്‍ പൂച്ചക്കുട്ടിയെ പോലെ താലേലിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 'ഈ പുള്ളിപ്പുലി മദ്യം കഴിച്ച് പൂസായി. ഗ്രാമവാസികള്‍ അതിനെ വാസസ്ഥലത്തെത്താന്‍ സഹായിക്കുകയാണ്. ഈ നല്ല മര്യാദ എല്ലാവരും കാണിക്കേണ്ടതാണ്. ഇവിടെയുള്ളവര്‍ പൂസായാല്‍ അവനെ വീട്ടില്‍ സുരക്ഷിതമായി എത്തിക്കണം' എന്നാണ് മലയാളത്തിലുള്ള കുറിപ്പ് സഹിതം ഒരാള്‍ ഫേസ്‌ബുക്കില്‍ വീഡിയോ പങ്കുവെച്ചത്. ഫേസ്‌ബുക്കിന് പുറമെ ട്വിറ്ററിലും നിരവധി പേര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത് കാണാം.
ഫേസ്‌ബുക്ക് വീഡിയോയുടെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
എന്നാല്‍ തലക്കെട്ടില്‍ പറയുന്നത് പോലെയല്ല വീഡിയോയുടെ വസ്‌തുത എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മദ്യപിച്ച് പൂസായ പുള്ളിപ്പുലിയല്ല ഇത്, എന്തോ ഗുരുതരമായ രോഗം ബാധിച്ച് അവശയായ പുള്ളിപ്പുലിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മധ്യപ്രദേശിലെ ഇക്‌ലേര ഗ്രാമത്തില്‍ വച്ച് പുള്ളിപ്പുലിയെ നാട്ടുകാര്‍ രക്ഷിക്കുന്നതിന്‍റെ വീഡിയോ എന്ന വാര്‍ത്തയോടെ സമാന ദൃശ്യം പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐ ഓഗസ്റ്റ് 30ന് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം എന്നും ഉന്നത നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പുള്ളിപ്പുലിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായും പിടിഐയുടെ വാര്‍ത്തയില്‍ പറയുന്നു.
പിടിഐയുടെ വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം