ഗാസയിലെ അല്‍ ഷിഫാ ആശുപത്രിയില്‍ വൈറ്റ് ഫോസ്‌ഫറസ് ബോംബിട്ട് ഇസ്രയേല്‍? ചിത്രം ശരിയോ, പരിശോധിക്കാം
അല്‍ ഷിഫാ ആശുപത്രി മറയാക്കി ഹമാസിന് വലിയ ടണല്‍ നെറ്റ്‌വര്‍ക്കുണ്ട് എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.
ഗാസയില്‍ ഇസ്രയേലിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് അല്‍ ഷിഫാ ആശുപത്രി. ഈ ആശുപത്രിയെ മറയാക്കി ഹമാസിന്‍റെ വലിയ ടണല്‍ നെറ്റ്‌വര്‍ക്കുണ്ട് എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. അല്‍ ഷിഫാ ആശുപത്രിക്ക് നേരെ വലിയ ആക്രമണത്തിന് ഇസ്രയേല്‍ കോപ്പുകൂട്ടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രം ഇസ്രയേലിന് നേര്‍ക്ക് വലിയ ജനരോക്ഷമാണ് തൊടുത്തുവിട്ടിരിക്കുന്നത്. അല്‍ ഷിഫാ ആശുപത്രിക്ക് മുകളില്‍ ഇസ്രയേല്‍ വൈറ്റ് ഫോസ്‌ഫറസ് ബോംബ് വർഷിച്ചതായാണ് ഈ ചിത്രം ഷെയര്‍ ചെയ്‌തുകൊണ്ട് നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത്.
പ്രചാരണം
'അല്‍ ഷിഫാ ആശുപത്രിയിലും ആംബുലന്‍സുകള്‍ക്ക് മീതെയും ഇസ്രയേല്‍ പ്രതിരോധ സേന വൈറ്റ് ഫോസ്‌ഫറസ് ബോബുകള്‍ വര്‍ഷിച്ചു' എന്ന തലക്കെട്ടോടെയാണ് ചിത്രം സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) പ്രചരിക്കുന്നത്. സമാന ചിത്രം നിരവധി എക്‌സ് യൂസര്‍മാര്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ലിങ്ക് 1, 2, 3, 4, 5. ചിത്രം ശരി തന്നെയോ എന്ന് പരിശോധിക്കാം.
വസ്‌തുതാ പരിശോധന
പ്രചരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കുകയാണ് ആദ്യം ചെയ്‌തത്. ഇതില്‍ നിന്ന് 2017ല്‍ ഒരു വാര്‍ത്തയ്‌ക്കൊപ്പം ഇതേ ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് എന്ന് മനസിലാക്കാന്‍ സാധിച്ചു. ഈ വാര്‍ത്തയില്‍ പറയുന്നത് അമേരിക്കയുടെ നേതൃത്വത്തിലുള്ള സേന സിറിയയില്‍ നടത്തിയ ബോംബാക്രമണത്തിന്‍റെ ചിത്രമാണ് ഇതെന്നാണ്. ഗാസയിലെ അല്‍ ഷിഫാ ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ വൈറ്റ് ഫോസ്‌ഫറസ് ബോംബാക്രമണത്തിന്‍റെ ചിത്രം എന്ന വാദത്തോടെ പ്രചരിക്കുന്ന ഫോട്ടോ തെറ്റാണെന്ന് ഇതിലൂടെ ഉറപ്പിക്കാം. വൈറ്റ് ഫോസ്‌ഫറസ് ബോംബാണ് ആക്രമണത്തിനായി അമേരിക്കന്‍ സഖ്യ സേന ഉപയോഗിച്ചത് എന്ന് അന്നും ആരോപണമുണ്ടായിരുന്നു.
2017ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
നിഗമനം
ഗാസയിലെ അല്‍ ഷിഫാ ആശുപത്രിയില്‍ ഇസ്രയേല്‍ പ്രയോഗിച്ച വൈറ്റ് ഫോസ്‌ഫറസ് ബോംബിന്‍റേത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ഇപ്പോഴത്തെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷങ്ങളുമായി ബന്ധമില്ലാത്തതും സിറിയയില്‍ നിന്നുള്ള 2017ലെ ചിത്രവുമാണ്.
Read more: കൊടുംക്രൂരത, കഴുതയുടെ പുറത്ത് ഇസ്രയേലി പതാക വരച്ച ശേഷം ഹമാസ് കത്തിച്ചു; വസ്‌തുത എന്ത്?