Fact Check: ഹമാസിനെ തീര്‍ക്കാന്‍ യുഎസ് ആര്‍മി ഇസ്രയേലില്‍? സേനാംഗങ്ങള്‍ പറന്നിറങ്ങുന്ന വീഡിയോ വൈറല്‍!
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ മറ്റ് രാജ്യങ്ങളോട് ഇടപെടരുത് എന്നാവശ്യപ്പെടുന്ന അമേരിക്ക തങ്ങളുടെ സൈന്യത്തെ ഇസ്രയേലിലേക്ക് അയച്ചിരിക്കുകയാണ് എന്ന് എഫ്‌ബി പോസ്റ്റില്‍
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. 2023 ഒക്ടോബര്‍ ഏഴിന് ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് ഹമാസ് അപ്രതീക്ഷിത റോക്കറ്റാക്രമണം അഴിച്ചുവിട്ടതാണ് ഏറ്റവും പുതിയ സംഘര്‍ഷത്തിന് വഴിവെച്ചത്. ഗാസയില്‍ വ്യോമ-കര മാര്‍ഗം ഇസ്രയേല്‍ സൈന്യം തിരിച്ചടിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രതിരോധസേനയെ സഹായിക്കാന്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ഇസ്രയേലില്‍ എത്തിയോ? പ്രചരിക്കുന്ന വീഡിയോയുടെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
നൂറുകണക്കിന് അമേരിക്കന്‍ പട്ടാളക്കാര്‍ ഇസ്രയേലിലെത്തി എന്നുപറഞ്ഞാണ് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സൈനികര്‍ വിമാനത്തില്‍ നിന്ന് പുറത്തേക്ക് വരുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇസ്രയേലിലെത്തിയ അമേരിക്കന്‍ സൈന്യമാണ് ഇതെന്ന് വീഡിയോ പങ്കുവെക്കുന്നവര്‍ അവകാശപ്പെടുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ മറ്റ് രാജ്യങ്ങളോട് ഇടപെടരുത് എന്നാവശ്യപ്പെടുന്ന അമേരിക്ക തങ്ങളുടെ സൈന്യത്തെ ഇസ്രയേലിലേക്ക് അയച്ചിരിക്കുകയാണ് എന്ന് മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു. നൂറുകണക്കിന് അമേരിക്കന്‍ പട്ടാളക്കാര്‍ എത്തിയതായി ഇസ്രയേല്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു എന്നും ഫേസ്‌ബുക്ക് പോസ്റ്റിലുണ്ട്.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ വ്യക്തമായത് ഈ ദൃശ്യങ്ങള്‍ പഴയതാണ് എന്നാണ്. മാത്രമല്ല, ഇതിന് ഇസ്രയേല്‍-ഹമാസ് സംഘര്‍ഷങ്ങളുമായി ബന്ധവുമില്ല. അമേരിക്കന്‍ സൈന്യത്തിലെ വിഭാഗമായ എയര്‍ബോണ്‍ ഡിവിഷന്‍ അംഗങ്ങള്‍ റൊമാനിയയില്‍ 2022 ജൂണ്‍ 28ന് വന്നിറങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണിത് എന്ന് യൂട്യൂബില്‍ 2022 ജൂണ്‍ 30ന് അപ്‌ലോഡ‍് ചെയ്തിരിക്കുന്ന വീഡിയോയുടെ വിവരണത്തില്‍ പറയുന്നു.
നിഗമനം
ഹമാസിനെ നേരിടാന്‍ ഇസ്രയേല്‍ സൈന്യത്തെ സഹായിക്കാന്‍ അമേരിക്കന്‍ സേന എത്തിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ ഒരു വര്‍ഷം പഴയതും റൊമാനിയയില്‍ നിന്നുള്ളതുമാണ്. ഈ ദൃശ്യത്തിന് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല.
Read more: Fact Check: കളമശേരി സ്ഫോടനം; ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചാരണം, സ്ക്രീന്‍ഷോട്ട് വ്യാജം