Fact Check: ഇസ്രയേല്‍ ക്രൂരത, വെള്ളം കുടിക്കുകയായിരുന്ന കുട്ടികള്‍ക്ക് നേര്‍ക്ക് ബോംബിട്ടു?
ഗാസയില്‍ വെള്ളം കുടിക്കുകയായിരുന്ന കുട്ടികള്‍ക്ക് നേരെ ഇസ്രയേല്‍ ബോംബിട്ടു എന്ന് പറഞ്ഞാണ് വീഡിയോ
ഹമാസിനെതിരായ ആക്രമണം തുടരുന്നതിനിടെ ഇസ്രയേലിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ഗാസയില്‍ വെള്ളം കുടിക്കുകയായിരുന്ന കുട്ടികള്‍ക്ക് നേര്‍ക്ക് ബോംബിട്ടു എന്ന വീഡിയോ. ഈ ആരോപണത്തോടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. കൂടിനില്‍ക്കുന്ന ആളുകള്‍ക്കിടയിലേക്ക് ബോംബിടുന്നതും പൊട്ടിത്തെറിയുണ്ടാകുന്നതുമാണ് വീഡിയോയില്‍. ക്രൂരമായ ഇസ്രയേലിന്‍റെ മുഖമാണ് ഈ വീഡിയോ കാണിക്കുന്നത് എന്ന് ദൃശ്യങ്ങള്‍ പങ്കുവെക്കുന്നവര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ ഈ ദൃശ്യത്തിന്‍റെ യാഥാര്‍ഥ്യം മറ്റൊന്നാണ്.
പ്രചാരണം
'വെള്ളംകുടിക്കാനെത്തിയ പലസ്‌തീന്‍ കുട്ടികള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം ബോംബിട്ടു. ഇസ്രയേലാണ് ലോകത്തെ ഏറ്റവും മോശം രാജ്യം. ഇസ്രയേലിനൊപ്പം നില്‍ക്കുന്ന രാജ്യങ്ങള്‍ തീവ്രവാദത്തിനൊപ്പം നില്‍ക്കുന്നതില്‍ ലജ്ജിക്കണം' എന്നുമാണ് ഫേസ്‌ബുക്ക് പോസ്റ്റിലുള്ളത്. 2023 ഒക്ടോബര്‍ 22-ാം തിയതിയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സമാന വീഡിയോ എക്‌സിലും (പഴയ ട്വിറ്റര്‍) ഇതേ അവകാശവാദത്തോടെ പ്രചരിക്കുന്നുണ്ട്.
വസ്‌തുത
ഗാസയിലെ ഇസ്രയേല്‍ ക്രൂരത എന്ന തലക്കെട്ടുകളില്‍ പ്രചരിക്കുന്ന ഈ വീഡിയോയ്‌ക്ക് നിലവിലെ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം. ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ നിന്നുള്ള വീഡിയോയാണ് ഗാസയിലെ ഇസ്രയേല്‍ ആക്രമണം എന്ന തലക്കെട്ടുകളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ വീഡിയോ 2023 ഒക്ടോബര്‍ 12ന് സുഡാന്‍ ന്യൂസ് ഔദ്യോഗിക ട്വിറ്ററ്‍ ഹാന്‍ഡിലില്‍ നിന്ന് ട്വീറ്റ് ചെയ്‌തിരിക്കുന്നത് കാണാം. റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സിനെതിരെ സുഡാന്‍ ആര്‍മി നടത്തിയ ആക്രമണമാണിത് എന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ബൈക്കുകളില്‍ ഇന്ധനം നിറയ്‌ക്കുമ്പോഴായിരുന്നു ആക്രമണം എന്നും വാര്‍ത്തകളില്‍ പറയുന്നു.
നിഗമനം
ഗാസയില്‍ വെള്ളം കുടിക്കുകയായിരുന്ന കുട്ടികള്‍ക്ക് നേരെ ഇസ്രയേല്‍ ബോംബിട്ടു എന്ന് പറഞ്ഞ് ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ വസ്‌തുതാവിരുദ്ധമാണ്. സുഡാനില്‍ നിന്നുള്ള വീഡിയോയാണ് ഗാസയിലേത് എന്ന അവകാശവാദങ്ങളോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം