ബംഗാളില്‍ കരുത്തറിയിച്ച് ഇടതുപക്ഷത്തിന്‍റെ റാലിയോ ഇത്, വീഡിയോ വിശ്വസിക്കാമോ? Fact Check
പശ്ചിമ ബംഗാളിലെ എന്നവകാശപ്പെടുന്ന ഈ വീഡിയോയുടെ യാഥാര്‍ഥ്യം മറ്റൊന്നാണ്
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ ശ്രദ്ധേയമായ സംസ്ഥാനങ്ങളിലൊന്ന് പശ്ചിമ ബംഗാളാണ്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും, ബിജെപിയും, കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ചേരുന്ന പ്രതിപക്ഷ മുന്നണിയും അതിശക്തമായി ബംഗാളില്‍ പോരാട്ടരംഗത്തുണ്ട്. ഇതിനിടെ ബംഗാളില്‍ നിന്നെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സാമൂഹ്യ മാധ്യമമായ ഫേസ്‌ബുക്കില്‍ വൈറലായിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ എന്നവകാശപ്പെടുന്ന ഈ വീഡിയോയുടെ യാഥാര്‍ഥ്യം മറ്റൊന്നാണ്. വീഡിയോ ഉപയോഗിച്ചുള്ള പ്രചാരണവും വസ്‌തുതയും അറിയാം.
പ്രചാരണം
'ബംഗാളിന്‍റെ മണ്ണിൽ അന്ധകാരത്തിന്‍റെ അവസാനമായി, വീണ്ടും ഉദിച്ചുയരുക തന്നെ ചെയ്യും ചെങ്കൊടി പ്രസ്ഥാനം'- എന്ന കുറിപ്പോടെയാണ് 57 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഫേസ്‌ബുക്കില്‍ നിരവധിയാളുകള്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വിവിധ എഫ്‌ബി പോസ്റ്റുകളുടെ ലിങ്കുകള്‍ 1, 2, 3, എന്നിവയില്‍ കാണാം. ചെങ്കൊടിയേന്തി നിരവധിയാളുകള്‍ റാലി നടത്തുന്നതിന്‍റെ ദൃശ്യമാണിത്.
വസ്‌തുതാ പരിശോധന
എന്നാല്‍ പശ്ചിമ ബംഗാളിലെ ഇടത് റാലി എന്ന അവകാശവാദത്തോടെ പ്രചരിക്കപ്പെടുന്ന റാലിയുടെ ദൃശ്യം മറ്റൊരു സംസ്ഥാനത്ത് നിന്നുള്ളതാണ്. വീഡിയോയുടെ കീഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ ലഭിച്ച ഫലങ്ങള്‍ പറയുന്നത് തെലങ്കാനയിലെ ഖമ്മം മണ്ഡലത്തിൽ സിപിഐ (എംഎൽ) നടത്തിയ റാലിയുടെ ദൃശ്യങ്ങളാണ് ബംഗാളിലെ വീഡിയോ എന്ന സൂചനയോടെ ഇടതുപക്ഷ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഷെയര്‍ ചെയ്യുന്നത് എന്നാണ്.
ബംഗാളിലെ എന്ന പേരില്‍ പ്രചരിക്കുന്ന 57 സെക്കന്‍ഡ് വീഡിയോ രണ്ടാഴ്‌ച മുമ്പ് SK Media യൂട്യൂബ് അക്കൗണ്ടില്‍ തെലുഗു ഭാഷയിലുള്ള തലക്കെട്ടോടെ പോസ്റ്റ് ചെയ്‌തിരുന്നു. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററിന്‍റെ സഹായത്തോടെ ഈ തലക്കെട്ട് പരിശോധിച്ചപ്പോള്‍ 'ഖമ്മം സി.പി.ഐ (എം.എൽ.) മാസ് ലൈൻ റാലി'- എന്നാണ് ടൈറ്റിലില്‍ നല്‍കിയിരിക്കുന്നത് എന്ന് മനസിലാക്കാനായി. മാത്രമല്ല, വീഡിയോയുടെ ഒരുഭാഗത്ത് തെലുഗു ഭാഷയില്‍ കടയുടെ ബോര്‍ഡിലെ എഴുത്തുകളും കാണാം.
നിഗമനം
പശ്ചിമ ബംഗാളിലെ ഇടത് റാലി എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ തെലങ്കാനയിലെ ഖമ്മത്ത് നടന്ന സിപിഐ (എംഎല്‍) ജാഥയുടേതാണ്.
Read more: യുപിയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബൂത്ത് കയ്യേറിയതിന്‍റെ വീഡിയോയോ? സത്യമെന്ത്- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം