ഇറാൻ പ്രസിഡന്‍റുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്‍റെ ചിത്രങ്ങളോ ഇത്? Fact Check
മൂടല്‍മഞ്ഞുള്ള ഒരു പ്രദേശത്ത് മരങ്ങള്‍ക്കിടയില്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ പാതി കരിഞ്ഞ നിലയില്‍ കിടക്കുന്നതാണ് ആദ്യ ചിത്രം
ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി അമീറബ്‌ദുള്ളാഹിയാനും ഉന്നത ഉദ്യോഗസ്ഥരും ഞായറാഴ്‌ചയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ വച്ചാണ് ഈ അപകടമുണ്ടായത്. റെയ്‌സി മരണപ്പെട്ട അപകടത്തിന്‍റെത് എന്ന അവകാശവാദത്തോടെ നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇവയില്‍ രണ്ട് ചിത്രങ്ങളുടെ വസ്‌തുത പരിശോധിക്കാം.
ചിത്രം- 1
മൂടല്‍മഞ്ഞുള്ള ഒരു പ്രദേശത്ത് മരങ്ങള്‍ക്കിടയില്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ പാതി കരിഞ്ഞ നിലയില്‍ കിടക്കുന്നതാണ് ആദ്യ ചിത്രം. ഇറാന്‍റെ ദേശീയ പതാക ആലേഖനം ചെയ്‌തിരിക്കുന്നത് ഇതില്‍ കാണാം. ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്‍റെ ഫോട്ടോ എന്ന അവകാശവാദത്തോടെ നിരവധി പേരാണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. റെയ്‌സി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് നിരവധിയാളുകളുടെ മൃതശരീരം തിരിച്ചറിയാനായില്ല എന്ന കുറിപ്പോടെ ഒരു ചിത്രം ട്വീറ്റ് ചെയ്‌തിന്‍റെ സ്‌ക്രീന്‍ഷോട്ട് ചുവടെ കാണാം.
വസ്‌തുത
ഇപ്പോഴത്തെ അപകടത്തിന്‍റെത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം 2020ലേതും ഒരു പരിശീലന വിമാനം തകര്‍ന്നതിന്‍റെതുമാണ്. ടെഹ്റാനിലേക്കുള്ള പറക്കലിനിടെയായിരുന്നു അപകടം സംഭവിച്ചത്. വിവിധ മാധ്യമങ്ങള്‍ അന്ന് ഫോട്ടോ സഹിതം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതാണ്.
ചിത്രം- 2
ലൈറ്റുകളുടെ സഹായത്തോടെ മലയില്‍ തിരച്ചില്‍ നടത്തുന്നതിന്‍റെ ചിത്രമാണ് രണ്ടാമത്തേത്. ഇതിലും എന്തോ അപകടത്തിന്‍റെ അവശിഷ്ടങ്ങള്‍ കാണാം. പ്രസിഡന്‍റ് റെയ്‌സിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിന്‍റെ ഫോട്ടോ സംഭവസ്ഥലത്തുനിന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഐഎസ്എന്‍എ പുറത്തുവിട്ടത് എന്ന കുറിപ്പോടെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
വസ്‌തുത
2020ല്‍ നടന്നു എന്ന് മുകളില്‍ സൂചിപ്പിച്ച സമാന വിമാന അപകടത്തിന്‍റെ മറ്റൊരു ചിത്രമാണിത്. ഇറാനിയന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന്‍റെത് എന്ന പേരില്‍ ഷെയര്‍ ചെയ്യപ്പെടുന്ന രണ്ട് ചിത്രവും സംഭവുമായി ബന്ധമില്ലാത്തതാണ് എന്ന് ഉറപ്പിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം