ഇറാനിയന്‍ വനിതയെ സ്‌പര്‍ശിച്ചു, വ്യഭിചാര കുറ്റത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 99 ചാട്ടയടി? Fact Check
85 ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന അവിവാഹിതയായ ഇറാനിയന്‍ ചിത്രകാരി ഫാത്തിമ ഹമാമിയെ സ്‌പര്‍ശിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ 99 ചാട്ടവാറടിക്ക് വിധിച്ചു എന്നായിരുന്നു വാര്‍ത്ത
ടെഹ്‌റാന്‍: പോര്‍ച്ചുഗീസ് ഇതിഹാസ ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ച് അടുത്തിടെ നിരവധി വ്യാജ പ്രചാരണങ്ങള്‍ ഉടലെടുത്തിരുന്നു. മൊറോക്കോയിലെ തന്‍റെ ഹോട്ടല്‍ ഭൂകമ്പ ബാധിതര്‍ക്ക് സിആര്‍7 തുറന്നുകൊടുത്തു, മൈതാനത്ത് പതാക വീശി പലസ്‌തീന് താരം പിന്തുണയറിയിച്ചു എന്നിങ്ങനെ പല വ്യാജ വാര്‍ത്തകളും അടുത്തിടെ ക്രിസ്റ്റ്യാനോയെ കുറിച്ച് സജീവമായി. ഏറ്റവും ഒടുവിലായി ക്രിസ്റ്റ്യാനോയെ വെട്ടിലാക്കിയിരിക്കുന്ന വ്യാജ വാര്‍ത്ത വ്യഭിചാര കുറ്റത്തിന് അദേഹത്തിന് ഇറാനിയന്‍ കോടതി 99 ചാട്ടവാറടി വിധിച്ചു എന്നതാണ്. എന്തായിരുന്നു ഈ വാര്‍ത്തയെന്നും ഇതിന്‍റെ വസ്‌തുതയും വിശദമായി അറിയാം.
പ്രചാരണം
85 ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന അവിവാഹിതയായ ഇറാനിയന്‍ ചിത്രകാരി ഫാത്തിമ ഹമാമിയെ സ്‌പര്‍ശിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ 99 ചാട്ടവാറടിക്ക് വിധിച്ചു എന്നാണ് മെഗ് അപ്‌ഡേറ്റ്‌സ് എന്ന എക്‌സ് (പഴയ ട്വിറ്റര്‍) ഹാന്‍ഡിലില്‍ നിന്ന് വന്ന കുറിപ്പ്. ക്രിസ്റ്റ്യാനോയുടെയും ഫാത്തിമയുടെയും ചിത്രം സഹിതമായിരുന്നു 2023 ഒക്ടോബര്‍ 14-ാം തിയതി ഈ ട്വീറ്റ്. 'ക്രിസ്റ്റ്യാനോയെ ഇസ്‌ലാമിക കോടതി വ്യഭാചാര കുറ്റത്തിനാണ് ശിക്ഷിച്ചത്. ക്രിസ്റ്റ്യാനോ ഇറാനിലേക്ക് തിരിച്ചെത്തിയാല്‍ ഈ ശിക്ഷ അനുഭവിക്കേണ്ടിവരും' എന്നും ട്വീറ്റില്‍ പറയുന്നുണ്ടായിരുന്നു. ഇതേ കാര്യം വിവിധ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. ഇറാനിയന്‍ ചിത്രകാരിയെ ആലിംഗനം ചെയ്‌തതിനാണ് ക്രിസ്റ്റ്യാനോയ്‌ക്ക് 99 ചാട്ടയടി വിധിച്ചത് എന്നായിരുന്നു ന്യൂ വേള്‍ഡ് ന്യൂസ് 2023 ഒക്ടോബര്‍ 13-ാം തിയതി വെരിഫൈഡ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ട്വീറ്റ് ചെയ്‌തത്.
വിവിധ ട്വീറ്റുകള്‍
വസ്‌തുത
എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ചുള്ള ഈ പ്രചാരണവും വാര്‍ത്തയും വ്യാജമാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ തെളിഞ്ഞു. ക്രിസ്റ്റ്യാനോയെ വ്യഭിചാര കുറ്റത്തിന് 99 ചാട്ടവാറടിക്ക് വിധിച്ചു എന്ന വാര്‍ത്തയും പ്രചാരണവും സ്‌പെയിനിലെ മാഡ്രിഡിലുള്ള ഇറാനിയന്‍ എംബസി നിഷേധിച്ചതായി പരിശോധനയില്‍ കണ്ടെത്തി. ക്രിസ്റ്റ്യാനോയ്‌ക്ക് എതിരായ ആരോപണമെല്ലാം തള്ളി ഇറാനിയന്‍ എംബസി വിശദമായ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇറാനില്‍ ഒരു രാജ്യാന്തര അത്‌ലറ്റിന് നേരെയും ശിക്ഷ വിധിച്ചിട്ടില്ല. ക്രിസ്റ്റ്യാനോ സെപ്റ്റംബര്‍ 18, 19 തിയതികളില്‍ ഔദ്യോഗിക മത്സരം കളിക്കാനായി രാജ്യത്ത് എത്തിയിരുന്നു. ക്രിസ്റ്റ്യാനോയ്‌ക്ക് വലിയ സ്വീകരണമാണ് ഇറാനില്‍ ആരാധകരുടെയും അധികാരികളുടേയും ഭാഗത്ത് നിന്ന് ലഭിച്ചത്. ഫാത്തിമ ഹമാമിയുമായുള്ള അദേഹത്തിന്‍റെ മാനുഷികമായ കൂടിക്കാഴ്‌ച ഇരു കൂട്ടരെയും രാജ്യത്തെ കായിക അധികാരികളെയും സന്തോഷിപ്പിച്ച കാര്യമാണ്' എന്നും സ്‌പെയിനിലെ ഇറാനിയന്‍ എംബസി ക്രിസ്റ്റ്യാനോ- ഹാത്തിമ എന്നിവരുടെ ചിത്രം സഹിതമുള്ള ട്വീറ്റില്‍ വിശദീകരിക്കുന്നു.
ഇറാനിയന്‍ എംബസിയുടെ ട്വീറ്റ്
സംഭവിച്ചത് എന്ത്?
സൗദി ക്ലബ് അല്‍ നസ്‌റിനായി ഇപ്പോള്‍ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനായി മേല്‍പറഞ്ഞ തിയതികളില്‍ ടെഹ്‌റാനില്‍ എത്തിയിരുന്നു. ക്രിസ്റ്റ്യാനോയുടെ ഈ വരവില്‍ ഇറാനിയന്‍ ചിത്രകാരിയായ ഫാത്തിമ ഹമാമി അദേഹത്തെ കാണുകയും തന്‍റെ കാലുകള്‍ കൊണ്ട് വരച്ച രണ്ട് ചിത്രങ്ങള്‍ ഇതിഹാസ താരത്തിന് കൈമാറുകയായിരുന്നു. മറുപടിയായി ക്രിസ്റ്റ്യാനോ അവര്‍ക്ക് തന്‍റെ ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ ജേഴ്‌സി സമ്മാനിക്കുകയും സ്നേഹപൂര്‍വം ആലിംഗനം നല്‍കുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയുമുണ്ടായി.
നിഗമനം
വ്യഭിചാര കുറ്റത്തിന് ഇറാനില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ 99 ചാട്ടവാറടിക്ക് വിധിച്ചു എന്ന വാര്‍ത്തയും പ്രചാരണവും വ്യാജമാണ്. ക്രിസ്റ്റ്യാനോയ്‌ക്ക് എതിരായ വാര്‍ത്ത അടിസ്ഥാനരഹിതമാണ് എന്ന് സ്‌പെയിനിലെ ഇറാനിയന്‍ എംബസി ട്വീറ്റിലൂടെ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്‌തുതാ പരിശോധനയില്‍ കണ്ടെത്താനായി.
Read more: പലസ്‌തീന്‍ പതാക അണിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സംഭവം എന്ത്, ചിത്രം എപ്പോഴത്തേത്? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം