ഇന്ത്യന്‍ പരസ്യത്തിലെ വ്യാജനെ പൊളിച്ചടുക്കി ജര്‍മന്‍ അംബാസഡര്‍; എന്തൊരു നാണക്കേട്!
വന്‍ നാണക്കേട്, ഇന്ത്യന്‍ സ്‌കൂള്‍ എന്ന പേരില്‍ പരസ്യം നല്‍കിയത് ജര്‍മനിയിലെ പ്രസിഡന്‍റിന്‍റെ വസതിയുടേത്!
ദില്ലി: രാജ്യത്തെ പ്രധാന ബോര്‍ഡിംഗ് സ്‌കൂളുകളുടെ മെഗാ പ്രദര്‍ശനം ദില്ലിയില്‍ നടക്കുന്നതിന്‍റെ പരസ്യം സംഘാടകര്‍ക്ക് വലിയ പുലിവാലായിരിക്കുകയാണ്. പത്രങ്ങളില്‍ നല്‍കിയ പ്രദര്‍ശനത്തിന്‍റെ പരസ്യത്തിലെ കെട്ടിടം ജര്‍മന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയാണ് എന്നതാണ് മറനീക്കി പുറത്തുവന്ന വാസ്‌തവം. ഈ സത്യം ലോകത്തെ അറിയിച്ചതാവട്ടെ ഇന്ത്യയിലെ ജര്‍മന്‍ അംബാസഡറും.
പരസ്യം ഇങ്ങനെ
ഇന്ത്യയിലെ പ്രമുഖ ബോര്‍ഡിംഗ് സ്കൂളുകളുടെ മഹാസംഗമത്തിന്‍റെ പരസ്യമാണ് പത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഡെറാഡൂണ്‍, മസൂരി, ഊട്ടി, ബെംഗളൂരു, ഹൈദരാബാദ്, ഭോപ്പാല്‍, ജയ്‌പൂര്‍, അജ്‌മീര്‍, ഡല്‍ഹി എന്‍സിആര്‍ തുടങ്ങിയ പ്രധാനയിടങ്ങളിലെ മുപ്പതിലധികം ബോര്‍ഡിംഗ് സ്കൂളുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശന പരിപാടിയായിരുന്നു ഇത്. പ്രധാനപ്പെട്ട ബോര്‍ഡിംഗ് സ്‌കൂളുകള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം ഇവിടേക്ക് അഡ്‌മിഷന്‍ ലഭിക്കാനുള്ള വഴി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പറഞ്ഞുകൊടുക്കാന്‍ കൂടിയുള്ളതായിരുന്നു ഈ വേദി. ദില്ലിയിലെ ഇറോസ് ഹോട്ടലില്‍ ഒക്ടോബര്‍ 1, 2 തിയതികളിലാണ് ഈ എഡ്യൂ ഫെസ്റ്റ് എന്നും പങ്കെടുക്കുന്ന പ്രധാന സ്‌കൂളുകളുടെ വിവരങ്ങളും ഈ പരസ്യത്തിലുണ്ടായിരുന്നു. എന്നാല്‍ പരസ്യത്തിനൊപ്പം നല്‍കിയ ചിത്രം ഇന്ത്യയിലെ ഏതെങ്കിലുമൊരു ബോര്‍ഡിംഗ് സ്‌കൂളിന്‍റേതായിരുന്നില്ല.
വസ്‌തുത
പരസ്യത്തിലെ ചിത്രം കാണുമ്പോള്‍ ഒരു ബോര്‍ഡിംഗ് സ്കൂളിന്‍റെ ഛായ തോന്നാമെങ്കിലും അത് ജര്‍മന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയുടേതായിരുന്നു. ഇന്ത്യയിലെയും ഭൂട്ടാനിലേയും ജര്‍മന്‍ സ്ഥാനപതിയായ ഡോ. ഫിലിപ് അക്കര്‍മെന്‍ ഇക്കാര്യം ട്വീറ്റ് ചെയ്തതോടെയാണ് സത്യം എല്ലാവരും അറിഞ്ഞത്. 'പ്രിയപ്പെട്ട ഇന്ത്യന്‍ രക്ഷിതാക്കളെ, ഈ പരസ്യം ഇന്നത്തെ പത്രത്തിലാണ് കണ്ടത്. എന്നാല്‍ ഈ കെട്ടിടം ഏതെങ്കിലും ബോര്‍ഡിംഗ് സ്‌കൂളിന്‍റേത് അല്ല. ബര്‍ലിനിലെ ജര്‍മന്‍ പ്രസിഡന്‍റിന്‍റെ വസതിയാണ്. നമ്മുടെ രാഷ്‌ട്രപതി ഭവന്‍ പോലുള്ള മന്ദിരം. ജര്‍മനിയില്‍ മികച്ച ബോര്‍ഡിംഗ് സ്‌കൂളുകളുണ്ട്. എന്നാല്‍ ചിത്രത്തില്‍ കാണുന്ന കെട്ടിടത്തില്‍ കുട്ടികള്‍ക്ക് അഡ്‌മിഷന്‍ നല്‍കില്ല' എന്നുമായിരുന്നു സരസമായി ഡോ. ഫിലിപ് അക്കര്‍മാന്‍റെ ട്വീറ്റ്.
പരസ്യത്തില്‍ കാണിച്ചിരിക്കുന്ന കെട്ടിടവും ജര്‍മന്‍ പ്രസിഡന്‍റിന്‍റെ വസതിയും ഒന്നാണ് എന്ന് ഇരു കെട്ടിടങ്ങളുടെയും ചിത്രങ്ങള്‍ താരതമ്യം ചെയ്‌തതില്‍ നിന്ന് മനസിലാക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട് ചെക്ക് ടീമിന് കഴിഞ്ഞു. പരസ്യത്തിലെ കെട്ടിടത്തിന്‍റെ മുമ്പില്‍ കാണുന്ന വലിയ കൊടികള്‍ ജര്‍മന്‍ പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നില്‍ സ്ഥാപിച്ചിരിക്കുന്നതാണെന്ന് താഴെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ നിന്ന് വ്യക്തമാണ്.
NB: ചിത്രത്തില്‍ ഇടത് ഭാഗത്തുള്ളത് ജര്‍മന്‍ പ്രസിഡന്‍റിന്‍റെ വസതിയുടെ ഫോട്ടോയും വലത് ഭാഗത്തുള്ളത് പത്രത്തിലെ പരസ്യവും
Read more: കേരളത്തിലോ? റോഡിലെ പടുകുഴിയില്‍ ബൈക്ക് യാത്രികനും കുട്ടിയും മുങ്ങിത്താണു! സിസിടിവി വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം