ഇന്ത്യന്‍ കർഷകർക്ക് ഇത്രയ്ക്കും സംവിധാനങ്ങളോ; കർഷക സമരത്തില്‍ നിന്നുള്ള ചിത്രമോ ഇത്
ബുള്‍ഡോസറുകളോട് സാമ്യമുള്ള അത്യാധുനിക വാഹനങ്ങള്‍ റോഡിലൂടെ പോകുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്
ദില്ലി: രാജ്യം വീണ്ടും കർഷക സമരത്തിന് സാക്ഷ്യം വഹിക്കുകയാണ്. രാജ്യ തലസ്ഥാനത്തേക്ക് കർഷകർ എത്താതിരിക്കാന്‍ റോഡുകള്‍ ഭീമന്‍ ബാരിക്കേഡുകള്‍ കെട്ടിയും ആണിയും കമ്പിവേലിയുമെല്ലാം സ്ഥാപിച്ചും അടച്ചിരിക്കുകയാണ് ഭരണകൂടം. ദില്ലി ചലോ മാർച്ചിനെത്തിയ ട്രാക്ടറുകളുടെ ടയർ പഞ്ചറാകാൻ റോഡിലാകെ മുള്ളു കമ്പി നിരത്തിയിട്ടുണ്ട്. ഈ സാചര്യത്തില്‍ ബാരിക്കേഡുകള്‍ എടുത്ത് മാറ്റാന്‍ കഴിയുന്ന, പഞ്ചറാവാത്ത അത്യാധുനിക ട്രാക്ടറുകളുമായാണോ ഇക്കുറി കർഷകരുടെ വരവ്.
പ്രചാരണം
ബുള്‍ഡോസറുകളോട് സാമ്യമുള്ള അത്യാധുനിക വാഹനങ്ങള്‍ റോഡിലൂടെ പോകുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബാരിക്കേഡുകള്‍ നീക്കം ചെയ്യാന്‍ കഴിയുന്ന ട്രാക്ടറുകളാണിത്. 'ഇത് കർഷകരുടെ സമരമല്ല, 2021 ജനുവരി 26ന് കണ്ടത് പോലൊരു അധിനിവേശമാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനുള്ള നീക്കം. ഇത്തവണ സമരക്കാരുടെ നീക്കം സർക്കാർ പൊളിക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നുമുള്ള കുറിപ്പോടെയാണ് 2024 ഫെബ്രുവരി 13ന് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
വസ്തുത
എന്നാല്‍ പ്രചരിക്കുന്ന ചിത്രം എഐ (ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) നിർമിതമാണ് എന്നതാണ് യാഥാർഥ്യം. റോഡിന്‍റെ നിറവും രൂപവുമെല്ലാം ഇതിന് തെളിവാണ്. മാത്രമല്ല, എഐ ചിത്രമാണ് ഇതെന്ന് എഐ ടൂളുകള്‍ വച്ചുള്ള പരിശോധനയില്‍ വ്യക്തമായിട്ടുമുണ്ട്.
വേറെയും വ്യാജ പ്രചാരണം
രാജ്യതലസ്ഥാനം ലക്ഷ്യമാക്കിയുള്ള ഇപ്പോഴത്തെ പ്രതിഷേധ യാത്രയ്ക്കിടെ കർഷകർ ഒരു പൊലീസുകാരന്‍റെ ദേഹത്ത് ട്രാക്ടർ കയറ്റി എന്ന ആരോപണത്തോടെ പഴയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. റോഡില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാർക്ക് നടുവിലൂടെ ട്രാക്ടറുകള്‍ വരുന്നതും ഒരാളുടെ ശരീരത്തിലൂടെ ട്രാക്ടർ പാഞ്ഞുകയറുന്നതും ഒരു പൊലീസുകാരന്‍ പരിക്കേറ്റ് റോഡില്‍ കിടക്കുന്നതുമാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഈ വീഡിയോ ഇപ്പോഴത്തേത് അല്ല. 2023 ഓഗസ്റ്റിലെ വീഡിയോയാണ് 2024 ഫെബ്രുവരി മാസത്തിലേത് എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
Read more: കർഷക സമരത്തിനിടെ കർഷകർ പൊലീസുകാരന്‍റെ ദേഹത്ത് ട്രാക്ടർ കയറ്റിയോ; വൈറല്‍ വീഡിയോയുടെ വസ്തുത
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം