വെറും 1675 രൂപ അടയ്‌ക്കൂ; കേന്ദ്ര സര്‍ക്കാര്‍ ജോലി കൈയില്‍! ഓണ്‍ലൈനായി അപേക്ഷിക്കും മുമ്പറിയാന്‍ | Fact Check
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കാര്‍ഷിക മന്ത്രാലയത്തിലെ വിവിധ ഡിപാര്‍ട്‌മെന്‍റുകളില്‍ നിങ്ങള്‍ക്ക് ജോലിക്ക് അവസരം എന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്
ദില്ലി: സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന തൊഴില്‍ സന്ദേശങ്ങള്‍ ഉദ്യോഗാര്‍ഥികളെ വീണ്ടും കുഴക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ജോലി വരെ വാഗ്‌ദാനം ചെയ്‌താണ് സന്ദേശങ്ങളും ലിങ്കുകളും വ്യാപകമായിരിക്കുന്നത്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു വെബ്‌സൈറ്റില്‍ പറയുന്നത് നിങ്ങള്‍ നിശ്ചിത തുക അപേക്ഷാ ഫീയായി അടച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സ്വപ്‌ന ജോലി ലഭിക്കുമെന്നാണ്. തൊഴില്‍ വാഗ്ദാനം ചെയ്ത് ഏറെ സന്ദേശങ്ങളും വെബ്‌സൈറ്റുകളും ആളുകളെ പറ്റിക്കുന്ന സാഹചര്യത്തില്‍ ഇതിന്‍റെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കാര്‍ഷിക മന്ത്രാലയത്തിലെ വിവിധ ഡിപാര്‍ട്‌മെന്‍റുകളില്‍ നിങ്ങള്‍ക്ക് ജോലിക്ക് അവസരം എന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. അപേക്ഷാ തുകയായി 1,675 രൂപ അടച്ചാല്‍ മതിയെന്നാണ് https://rashtriyavikasyojna.org എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ പറയുന്നത്. 'രാഷ്‌ട്രീയ വികാസ് യോജന നിരവധി ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ലഭ്യമാണ്' എന്നും വെബ്‌സൈറ്റില്‍ കാണാം. ഡിപാര്‍ട്‌മെന്‍റിന്‍റെ യൂസര്‍ കോഡും പാസ്‌വേഡും ഉപയോഗിച്ച് ജോലിക്ക് അപേക്ഷിക്കാനുള്ള വഴിയും വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്.
വെബ്‌സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
എന്നാല്‍ കാര്‍ഷിക മന്ത്രാലയത്തിലെ വിവിധ ഒഴിവുകളിലേക്ക് തൊഴില്‍ വാഗ്‌ദാനം ചെയ്‌തുള്ള ഈ വെബ്‌സൈറ്റ് വ്യാജമാണ് എന്നതാണ് വസ്‌തുത. ഈ വെബ്‌സൈറ്റിന് കേന്ദ്ര സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.
അതിനാല്‍ തന്നെ ഈ വെബ്‌സൈറ്റ് വഴി തൊഴിലിനായി അപേക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. പണവും വ്യക്തിവിവരങ്ങളും https://rashtriyavikasyojna.org എന്ന വെബ്‌സൈറ്റിന് കൈമാറി വഞ്ചിതരാവരുത്. https://agricoop.gov.in/ എന്നതാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിന്‍റെ വിലാസം. കാര്‍ഷിക മന്ത്രാലയം സംബന്ധിച്ച വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റിനെ ആശ്രയിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം