'തൊഴില്‍ അന്വേഷകരെ ഇതിലേ, റെയില്‍വേ സുരക്ഷാ സേനയില്‍ നിരവധി ഒഴിവുകള്‍'; പ്രചരിക്കുന്ന സന്ദേശം വ്യാജം
റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയതായി പറഞ്ഞുകൊണ്ടുള്ള ഒരു നോട്ടീസാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
ദില്ലി: കണ്ടാല്‍ ആരും മോഹിച്ച് പോകുന്ന എത്രയെത്ര തൊഴില്‍ ഓഫറുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഓരോ ദിവസവും നിറയാറ്. ഉടനടി ജോലി ലഭിക്കുമെന്ന് പറഞ്ഞുള്ള അനേകം സന്ദേശങ്ങള്‍ ഫേസ്ബുക്കും എക്‌സും വാട്‌സ്ആപ്പും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ കാണാം. ഇത്തരത്തിലൊരു സന്ദേശമാണ് റെയില്‍വേ സുരക്ഷാ സേനയിലെ ജോലി സംബന്ധിച്ചുള്ളത്. സോഷ്യല്‍ മീഡിയ തൊഴില്‍ തട്ടിപ്പുകളുടെ വലിയ വേദിയാണ് എന്നതിനാല്‍ റെയില്‍വേ ജോലി സംബന്ധിച്ചുള്ള മെസേജിന്‍റെ നോട്ടീസിന്‍റെ പരിശോധിക്കാം.
പ്രചാരണം
റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയതായി പറഞ്ഞുകൊണ്ടുള്ള ഒരു നോട്ടീസാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റെയില്‍വേ സുരക്ഷാ സേനയില്‍ സബ്-ഇന്‍സ്‌പെക്ടര്‍മാരുടെയും കോണ്‍സ്റ്റബിള്‍മാരുടേയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു എന്നുപറഞ്ഞാണ് നോട്ടീസ്. ഒഴിവുകളുടെ എണ്ണവും അപേക്ഷിക്കേണ്ട തിയതിയും ശമ്പളവും പ്രായപരിധിയുമെല്ലാം ഈ സന്ദേശത്തില്‍ നല്‍കിയിരിക്കുന്നതായി കാണാം.
വസ്‌തുത
റെയില്‍വേ സുരക്ഷാ സേനയിലെ ഒഴിവുകള്‍ എന്ന് പറഞ്ഞുകൊണ്ടുള്ള നോട്ടീസ് വ്യാജമാണ് എന്നതാണ് വസ്‌തുത. ഈ സര്‍ക്കുലര്‍ റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയത് അല്ല. റെയില്‍വേ സുരക്ഷാ സേനയില്‍ സബ്-ഇന്‍സ്‌പെക്ടര്‍മാരുടെയും കോണ്‍സ്റ്റബിള്‍മാരുടേയും ഒഴിവിലേക്ക് റിക്രൂട്ട്‌മെന്‍റ് നടക്കുന്നതായി പ്രചരിക്കുന്ന നോട്ട് വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. ഇത്തരത്തിലൊരു റിക്രൂട്ട്‌മെന്‍റ് നോട്ടീസ് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയിട്ടില്ല. നോട്ടീസ് കണ്ട് ആരും വ്യക്തിവിവരങ്ങളോ പണമോ കൈമാറരുത് എന്നും പിഐബി തൊഴില്‍ അന്വേഷകരോട് അഭ്യര്‍ഥിച്ചു.
Read more: കെ സുധാകരന്‍റെ അസഭ്യ പ്രയോഗം; കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ ശശി തരൂര്‍ വിമര്‍ശിച്ചോ? സത്യമിത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം