വേനല്‍ക്കാലത്തെ ഇടിത്തീ? ഇന്ന് രാത്രി 9 മണിക്ക് വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കും എന്ന മെസേജ് സത്യമോ
ബില്‍ ഉടനടി അടച്ചില്ലെങ്കില്‍ ഇന്ന് രാത്രി 9 മണിക്ക് നിങ്ങളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കും എന്നാണ് മെസേജില്‍ പറയുന്നത്
ഇലക്‌ട്രിസിറ്റി ബില്‍ (വൈദ്യുതി ബില്‍) ഓണ്‍ലൈനായി അടയ്‌ക്കുന്നവരാണ് നമ്മളില്‍ പലരും. ബില്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ ക്ലിക്ക് ചെയ്യുക, മെസേജ് അയക്കുക, ഫോണ്‍ വിളിക്കുക എന്നൊക്കെ പറഞ്ഞ് ധാരാളം മെസേജുകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും വലിയ സാമ്പത്തിക തട്ടിപ്പുകളാണ് എന്നതാണ് പലപ്പോഴും നമ്മളറിയാതെ പോകുന്ന കാര്യം. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ഇലക്‌ട്രിസിറ്റി ബില്ലുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു പ്രചാരണവും അതിന്‍റെ വസ്തുതയും നോക്കാം.
പ്രചാരണം
കേന്ദ്ര ഊര്‍ജ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക സര്‍ക്കുലര്‍ എന്ന് തോന്നിക്കും തരത്തിലാണ് മെസേജ് വാട്സ്ആപ്പില്‍ വ്യാപകമായിരിക്കുന്നത്. 'പ്രിയപ്പെട്ട ഉപഭോക്താവെ... നിങ്ങളുടെ ഇലക്‌ട്രിസിറ്റി കണക്ഷന്‍ ഇന്ന് രാത്രി 9 മണിക്ക് (ചില മെസേജുകളില്‍ 9.30 എന്നാണ് നല്‍കിയിരിക്കുന്നത്) വിച്ഛേദിക്കും. നിങ്ങളുടെ കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍ അടച്ചിട്ടില്ല എന്നതാണ് കാരണം. കണക്ഷന്‍ വിച്ഛേദിക്കുന്നത് തടയാനായി ഞങ്ങളുടെ ഇലക്‌ട്രിസിറ്റി ഓഫീസറായ ദേവേഷ് ജോഷിയെ ഫോണില്‍ ബന്ധപ്പെടുക' എന്നും പറഞ്ഞുകൊണ്ടാണ് സന്ദേശം വ്യാപകമായിരിക്കുന്നത്. ദേവേഷ് ജോഷിയുടേത് എന്ന അവകാശവാദത്തോടെ ഒരു ഫോണ്‍ നമ്പറും വൈറല്‍ മെസേജിന് ഒപ്പം കാണാം.
മെസേജുകളുടെ സ്ക്രീന്‍ഷോട്ടുകള്‍
വസ്തുത
എന്നാല്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന മെസേജ് വ്യാജമാണ് എന്നതാണ് വസ്തുത. മെസേജ് വഴി നടക്കുന്നത് വലിയ തട്ടിപ്പാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. കേന്ദ്ര ഊര്‍ജ മന്ത്രാലയം പുറത്തിറക്കിയ നോട്ടീസ് അല്ല ഇത്. അതിനാല്‍ തന്നെ നോട്ടീസില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് വ്യക്തി വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറാതിരിക്കുക. മെസേജില്‍ വിശ്വസിച്ച് വൈദ്യുതി ബില്‍ അടച്ച് പണം നഷ്ടപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
നിഗമനം
വൈദ്യുതി ബില്‍ അടച്ചില്ലെങ്കില്‍ ഇന്ന് രാത്രി നിങ്ങളുടെ ഇലക്‌ട്രിസിറ്റി കണക്ഷന്‍ വിച്ഛേദിക്കും എന്ന പേരില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ്. ആരും ഈ മെസേജ് കണ്ട് പണമോ വ്യക്തിവിവരങ്ങളോ കൈമാറരുത്. ഇതേ വ്യാജ സന്ദേശം മുമ്പും വൈറലായിരുന്നു.
Read more: വിരാട് കോലിയുടെ അത്യുഗ്രന്‍ മണല്‍ ശില്‍പവുമായി ബാലന്‍; പക്ഷേ സത്യം! Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം