ഇങ്ങനെയൊരു വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയിട്ടില്ല; പ്രചരിക്കുന്ന കാര്‍ഡ് വ്യാജം- Fact Check
മറിയക്കുട്ടി പറഞ്ഞതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്‍ഡിലുള്ളത് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫോണ്ട് അല്ല
തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലറും ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രതിഷേധം തുടരുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ കാര്‍ഡ് പ്രചരിക്കുന്നു. 'ജെട്ടി വാങ്ങാന്‍ കാശില്ലാത്ത എസ്എഫ്ഐ പിള്ളേര്‍ക്ക് തന്‍റെ പെന്‍ഷന്‍റെ ഒരു വിഹിതം തരാന്‍ തയ്യാറാണ്' എന്ന് മറിയക്കുട്ടി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് 2023 ഡിസംബര്‍ 17ന് കാര്‍ഡ് നല്‍കിയതായാണ് പ്രചാരണം. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്തയോ കാര്‍ഡോ ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ചിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ എവിടെയും ഇത്തരമൊരു കാര്‍ഡ് നല്‍കിയിട്ടില്ല എന്നറിയിക്കുന്നു.
മറിയക്കുട്ടി പറഞ്ഞതായി ഫേസ്‌ബുക്കിലും വാട്‌സ്‌ആപ്പിലും പ്രചരിക്കുന്ന വ്യാജ കാര്‍ഡിലുള്ളത് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫോണ്ട് അല്ല. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോ ദുരുപയോഗം ചെയ്ത് ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതാണ്. വ്യാജ പ്രചാരണങ്ങളുടെ ലിങ്ക് 1, 2.
വ്യാജ പ്രചാരണങ്ങളുടെ സ്ക്രീന്‍ഷോട്ട്
ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഭിക്ഷ യാചിക്കാന്‍ മറിയകുട്ടി തെരുവിലിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. അഞ്ച് മാസത്തെ പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിലേക്ക് ഇറങ്ങിയത്. മരുന്നിനും ഉപജീവനത്തിനുമായി തുക ലഭിക്കാന്‍ വേണ്ടിയാണ് ഇവർ ഭിക്ഷ യാചിച്ചത്. മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കിയിരുന്നു. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് വീട്ടില്‍ നേരിട്ടെത്തിയാണ് മറിയക്കുട്ടിക്ക് പെന്‍ഷന്‍ കൈമാറിയത്. അതേസമയം അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനമെടുക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം