വാട്‌സ്ആപ്പിലും ഫേസ്‌ബുക്കിലും വൈറലായിരിക്കുന്ന കുറിപ്പിന്‍റെ വസ്‌തുത പരിശോധിക്കാം 

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി പൊലീസ് രാത്രി യാത്രകളില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതായി ഒരു കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഇതിനായി ഹെല്‍പ്‌ ലൈനുള്ളതായും കുറിപ്പില്‍ പറയുന്നു. ഏറെ പേര്‍ ഈ കുറിപ്പിന്‍റെ നിജസ്ഥിതിയെ കുറിച്ച് സംശയം പ്രകടിപ്പിക്കുന്നതിനാല്‍ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

'വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് രാത്രി 10 മുതൽ രാവിലെ 6 വരെ വീട്ടിലേക്ക് പോകാൻ വണ്ടികാത്ത് ഒറ്റയ്ക്കിരിക്കുന്ന ഏതൊരു സ്ത്രീക്കും പൊലീസ് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാവുന്ന സൗജന്യ യാത്രാപദ്ധതി കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട് (No 1091, 100, 7837018555) ഒരു വാഹനം ആവശ്യപ്പെടുക. അവർ 24x7 മണിക്കൂറും പ്രവർത്തിക്കും. കൺട്രോൾ റൂം വാഹനമോ അടുത്തുള്ള PCR വാഹനമോ SHO വാഹനമോ അവളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഇത് സൗജന്യമാണ്. നിങ്ങൾക്ക് അറിയാവുന്ന എല്ലാവരിലേക്കും ഈ സന്ദേശം പ്രചരിപ്പിക്കുക.

നിങ്ങളുടെ ഭാര്യയ്ക്കും പെൺമക്കൾക്കും സഹോദരിമാർക്കും അമ്മമാർക്കും സുഹൃത്തുക്കൾക്കും നിങ്ങൾക്ക് അറിയാവുന്ന എല്ലാ സ്ത്രീകൾക്കും നമ്പർ അയക്കുക. അവരോട് അത് സേവ് ചെയ്യാൻ ആവശ്യപ്പെടുക. എല്ലാ പുരുഷന്മാരും ദയവായി നിങ്ങൾക്കറിയാവുന്ന എല്ലാ സ്ത്രീകളുമായും ഷെയർ ചെയ്യുക. അടിയന്തിര സാഹചര്യങ്ങളിൽ സ്ത്രീകൾ ബ്ലാങ്ക് മെസേജ് അല്ലെങ്കിൽ മിസ്ഡ് കോൾ... നൽകുക. അങ്ങനെ പൊലീസിന് നിങ്ങളുടെ ലൊക്കേഷൻ കണ്ടെത്താനും നിങ്ങളെ സഹായിക്കാനും കഴിയും. ഇത് ഇന്ത്യ മുഴുവൻ ബാധകമാണ്'- വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും വൈറലായ സന്ദേശത്തിലുള്ളത് ഇത്രയും വിവരങ്ങളാണ്. 

വസ്‌തുത 

വൈറല്‍ കുറിപ്പിന്‍റെ വസ്തുത അറിയാന്‍ നടത്തിയ പരിശോധനയില്‍ കേരള പൊലീസിന്‍റെ മീഡിയ സെന്‍റര്‍ 2024 ഓഗസ്റ്റ് 25ന് എഫ്‌ബിയില്‍ പങ്കുവെച്ച വിവരങ്ങള്‍ ലഭ്യമായി. വൈറലായിരിക്കുന്ന കുറിപ്പ് വ്യാജമാണെന്നും ഇത്തരമൊരു അറിയിപ്പ് കേരള പൊലീസ് പുറപ്പെടുവിച്ചിട്ടില്ല എന്നും കേരള പൊലീസ് മീഡിയ സെന്‍ററിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിലുണ്ട്. വ്യാജവാർത്തകൾ നിർമ്മിക്കുന്നതു മാത്രമല്ല പ്രചരിപ്പിക്കുന്നതും കുറ്റകരമാണ് എന്നും മീഡിയ സെന്‍റര്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയിലെ വൈറല്‍ കുറിപ്പിന്‍റെ വസ്‌തുത ഇതിനാല്‍ വ്യക്തമാണ്.

മാത്രമല്ല, രാത്രി സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാപദ്ധതിയെ കുറിച്ചുള്ള കുറിപ്പ് മുന്‍ വര്‍ഷങ്ങളിലും സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായി പ്രചരിച്ചിരുന്നതുമാണ്. 

Read more: എല്ലാ പൗരന്‍മാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 46,715 രൂപ സഹായം നല്‍കുന്നോ? സത്യമറിയാം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം