'കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവയില്‍ 50 ഒഴിവുകള്‍, യോഗ്യത പത്താം ക്ലാസ്, ശമ്പളം 24000'- സന്ദേശം വ്യാജം
കൊച്ചി മെട്രോയുടെയോ വാട്ടർ മെട്രോയുടേയോ ഔദ്യോഗിക ലോഗോയില്ലാതെയാണ് സന്ദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
കൊച്ചി: കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവിടങ്ങളിലേക്ക് പത്താംതരം വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കുന്നതായി ഒരു സന്ദേശം ഫേസ്ബുക്കിലും വാട്സാപ്പിലും കറങ്ങിനടപ്പുണ്ട്. ഈ സന്ദേശത്തില്‍ അക്ഷരത്തെറ്റുകളുള്ളതിനാലും നല്‍കിയിട്ടുള്ള ഫോണ്‍നമ്പറുകള്‍ വിളിച്ചിട്ട് ലഭ്യമല്ല എന്നതിനാലും ഇതിന്‍റെ വസ്തുത പരിശോധിക്കാം. കൊച്ചി മെട്രോയുടെയോ വാട്ടർ മെട്രോയുടേയോ ഔദ്യോഗിക ലോഗോയില്ലാതെയാണ് സന്ദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും സംശയം ജനിപ്പിക്കുന്നു.
പ്രചാരണം
'എറണാകുളം.കൊച്ചിൻ മെട്രോ & വാട്ടർ മെട്രോയിലേക്ക് 50 ബോയ്സിനെ ആവിശംമുണ്ട് സാലറി 24+ pf. ഡ്യൂട്ടി ടൈം 8 hour. Age 21to40. കോളിഫിക്കേഷൻ 10th പാസ്സ്.താല്പര്യം ഉള്ളവർ കോൺടാക്ട് 7510691676/8921974894/ 9061421676'- എന്നുമാണ് വൈറലായിരിക്കുന്ന വാട്സ്ആപ്പ് സന്ദേശത്തിലുള്ളത്. അതിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം.
സമാന സന്ദേശം ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്കിലുള്ള ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ.
വസ്തുതാ പരിശോധന
മെസേജുകളില്‍ പറയുന്നത് പോലെ കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും തൊഴിലവസരമുണ്ടോ എന്ന് ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം പരിശോധിച്ചു. ഇതിനായി കൊച്ചി മെട്രോയുടെ വെബ്സൈറ്റും, ഫേസ്ബുക്ക് പേജും സന്ദർശിക്കുകയാണ് ആദ്യം ചെയ്തതത്. പരിശോധനയില്‍ ഈ തൊഴില്‍ അറിയിപ്പ് വെബ്സൈറ്റിലും എഫ്ബി പേജിലും കണ്ടെത്താനായില്ല. മാത്രമല്ല, പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ് എന്ന് കൊച്ചി മെട്രോ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ് എന്നും മനസിലാക്കാനായി. ജോലി ഒഴിവുകള്‍ കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവയുടെ വെബ്സൈറ്റുകളില്‍ അറിയിപ്പായി നല്‍കാറാണ് ചെയ്യാറ് എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കൊച്ചി മെട്രോ അധികൃതർ വിശദീകരിക്കുന്നു.
നിഗമനം
കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവിടങ്ങളില്‍ പത്താം ക്ലാസ് വിജയിച്ചവർക്ക് 24000 രൂപ ശമ്പളത്തില്‍ ജോലിക്ക് അവസരം എന്ന പേരിലുള്ള സന്ദേശം വ്യാജമാണ്.
Read more: പഴയ വീഡിയോ ഇപ്പോള്‍ വര്‍ഗീയ തലക്കെട്ടോടെ; കെ മുരളീധരനെതിരെ വ്യാജ പ്രചാരണം- Fact Check