സംശയം ഒഴിയുന്നില്ല; അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ വിരാട് കോലി പങ്കെടുത്തോ? വീഡിയോ സത്യമോ
അയോധ്യയില്‍ നിന്നുള്ളത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യം പുറത്ത്
ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിര എത്തിയിരുന്നു. ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെയും കായിക രംഗത്തെയും അനവധി പ്രമുഖര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള കായിക താരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും പങ്കെടുത്തിരുന്നോ? കോലി അയോധ്യയില്‍ പ്രതിഷ്ഠാ കര്‍മ്മത്തിന് എത്തിയതായി ഒരു വീഡിയോ സഹിതമാണ് പ്രചാരണം. എന്താണ് ഇതിന്‍റെ വസ്തുത എന്ന് പരിശോധിക്കാം.
പ്രചാരണം
വിരാട് കോലി അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതായി ഒരു വീഡിയോ സഹിതമാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ കോലി നടന്നുവരുന്നതാണ് 2024 ജനുവരി 23ന് ട്വീറ്റ് ചെയ്തിട്ടുള്ള വീഡിയോയില്‍ കാണുന്നത്. വിരാട് കോലി രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിന് എത്തിയതിന്‍റെ എക്സ്‌ക്ലുസീവ് വീഡിയോയാണിത് എന്ന തലക്കെട്ടോടെയാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ക്ഷണമുണ്ടായിട്ടും വിരാട് കോലി അയോധ്യയിലെ ചടങ്ങില്‍ പങ്കെടുത്തില്ല എന്ന റിപ്പോര്‍ട്ട് മുമ്പ് പുറത്തുവന്ന സാഹചര്യത്തില്‍ എന്താണ് വീഡിയോയുടെ യാഥാര്‍ഥ്യം എന്ന് പരിശോധിക്കാം.
വസ്‌തുതാ പരിശോധന
അയോധ്യയില്‍ നിന്നുള്ളത് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ ഫ്രയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ചില കാര്യങ്ങള്‍ ബോധ്യപ്പെട്ടു. റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ ലഭിച്ച ഒരു ഫലം 2023 സെപ്റ്റംബര്‍ 20ന് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള ഒരു ഷോര്‍ട് വീഡിയോയായിരുന്നു. ഗണപതി ബാപ്പാ ദര്‍ശനായി വിരാട് കോലി സുഹൃത്തിന്‍റെ വീട് സന്ദര്‍ശിച്ചപ്പോള്‍ എന്ന തലക്കെട്ടിലാണ് വീഡിയോ യൂട്യൂബില്‍ കാണുന്നത്. യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത് 2023 സെപ്റ്റംബര്‍ മാസത്തിലാണെങ്കില്‍ അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ കര്‍മ്മം നടന്നത് 2024 ജനുവരി 22നാണ്. കോലി അയോധ്യയിലെത്തിയതായി പ്രചരിക്കുന്ന വീഡിയോ പഴയതാണ് എന്ന് ഇക്കാര്യം വ്യക്തമാക്കുന്നു.
നിഗമനം
വിരാട് കോലി അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ കര്‍മ്മത്തില്‍ പങ്കെടുത്തു എന്ന് അവകാശപ്പെടുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2023ലെ വീഡിയോയാണ് 2024 ജനുവരി 22ന് അയോധ്യയില്‍ നിന്ന് പകര്‍ത്തിയത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം