കർഷക സമരത്തിനിടെ കർഷകർ പൊലീസുകാരന്‍റെ ദേഹത്ത് ട്രാക്ടർ കയറ്റിയോ; വൈറല്‍ വീഡിയോയുടെ വസ്തുത
രാജ്യതലസ്ഥാനത്തേക്കുള്ള പ്രതിഷേധത്തിനിടെ കർഷകർ ഒരു പൊലീസുകാരന്‍റെ ദേഹത്ത് ട്രാക്ടർ കയറ്റി എന്നാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്നവർ ആരോപിക്കുന്നത്
ദില്ലി: രാജ്യത്ത് കർഷക സമരം വീണ്ടും ശക്തിയാർജിച്ചിരിക്കുകയാണ്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് കർഷകർ വീണ്ടും സമരവുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഇതിനിടെ പ്രചരിക്കുന്ന ഒരു വീഡിയോ വലിയ ചർച്ചയായിരിക്കുകയാണ്. എന്നാല്‍ വീഡിയോ ഷെയർ ചെയ്യുന്നവർ അവകാശപ്പെടുന്നതല്ല യാഥാർഥ്യം എന്നതാണ് വസ്തുത.
പ്രചാരണം
രാജ്യതലസ്ഥാനം ലക്ഷ്യമാക്കിയുള്ള കർഷകരുടെ പ്രതിഷേധ യാത്രയ്ക്കിടെ ഒരു പൊലീസുകാരന്‍റെ ദേഹത്ത് ട്രാക്ടർ കയറ്റി എന്നാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്നവർ ആരോപിക്കുന്നത്. റോഡില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാർക്ക് നടുവിലൂടെ ട്രാക്ടറുകള്‍ വരുന്നതും ഒരാളുടെ ശരീരത്തിലൂടെ ട്രാക്ടർ പാഞ്ഞുകയറുന്നതും ഒരു പൊലീസുകാരന്‍ പരിക്കേറ്റ് റോഡില്‍ കിടക്കുന്നതുമാണ് വീഡിയോയിലുള്ളത്.
'ഒരു യഥാർഥ കർഷകന്‍ ഒരിക്കലും പൊലീസുകാരനെയും മറ്റൊരെങ്കിലുമേയോ കൊല്ലില്ല. കർഷകർ എന്ന അവകാശപ്പെടുന്നവർ പൊലീസുകാരനെ ഇടിച്ചുവീഴ്ത്തിയിരിക്കുന്നു. കർഷകരുടെ വേഷമണിഞ്ഞ് സമരം ചെയ്യുന്നത് ഖലിസ്ഥാന്‍ തീവ്രവാദികളാണ്' തുടങ്ങിയ തലക്കെട്ടുകളോടെയാണ് വീഡിയോ വിവിധ എക്സ് യൂസർമാർ 2024 ഫെബ്രുവരി 13-ാം തിയതി ട്വീറ്റ് ചെയ്തിരിക്കുന്നത്. #FarmersProtest2024 എന്ന ഹാഷ്ടാഗ് വീഡിയോയ്ക്കൊപ്പമുണ്ട്.
വസ്തുത
എക്സില്‍ പ്രചരിക്കുന്ന വീഡിയോ ഇപ്പോഴത്തെ കർഷക സമരത്തിന്‍റെതല്ല. മാധ്യമപ്രവർത്തകനായ ഗഗന്‍ദീപ് സിംഗ് 2023 ഓഗസ്റ്റ് 21ന് ഈ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു എന്ന് കാണാം. 'ലോങ്കോവാളില്‍ കർഷകരും പഞ്ചാബ് പൊലീസും തമ്മില്‍ സംഘർഷമുണ്ടായി. ഈ സംഘർഷത്തില്‍ ട്രാക്ടർ കയറി കാല്‍ നഷ്ടമായ കർഷകന് ചികില്‍സയിലിരിക്കേ മരിച്ചു. ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു' എന്നുമാണ് ഗഗന്‍ദീപ് സിംഗിന്‍റെ ട്വീറ്റ്.
സംഭവത്തെ കുറിച്ച് സാംങ്ഗ്രൂർ പൊലീസ് 2023 ഓഗസ്റ്റ് 21ന് ട്വീറ്റ് ചെയ്തിരുന്നു. അലക്ഷ്യമായി ഓടിച്ച ട്രാക്ടർ കാലില്‍ കയറിയ കർഷകന്‍ മരണപ്പെട്ടതായും പൊലീസുകാരന് സാരമായി പരിക്കേറ്റതായും സാംങ്ഗ്രൂർ പൊലീസിന്‍റെ ട്വീറ്റില്‍ വിശദമാക്കുന്നു.
നിഗമനം
ഇപ്പോഴത്തെ കർഷക സമരത്തിനിടെ പൊലീസുകാരനെ ഇടിച്ചിട്ട് ശരീരത്തിലൂടെ ട്രാക്ടർ കയറ്റി എന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. 2023 ഓഗസ്റ്റിലെ വീഡിയോയാണ് 2024 ഫെബ്രുവരി മാസത്തിലേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം