കാല്‍നടയാത്രക്കാരി കുഴിയില്‍ വീണു, ഗുജറാത്ത് കമ്പനി അയോധ്യയിലേക്ക് പണിത റോഡിന്‍റെ അവസ്ഥയോ ഇത്? Fact Check
ഗുജറാത്ത് കമ്പനി പണിത റോഡിന്‍റെ അവസ്ഥ എന്ന തരത്തില്‍ കേരളത്തിലടക്കം പ്രചരിക്കുന്ന വീഡിയോയുടെ വസ്‌തുത എന്താണ്
ഉത്തരേന്ത്യയില്‍ പലഭാഗത്തും മഴക്കെടുതി അടുത്തിടെയുണ്ടായിരുന്നു. ഇതിനൊപ്പം റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാല്‍നടയാത്രക്കാരിയായ ഒരു സ്ത്രീ റോഡ് തകര്‍ന്ന് കുഴിയിലേക്ക് വീഴുന്ന ദൃശ്യങ്ങളുമുണ്ടോ ഇക്കൂട്ടത്തില്‍? ഗുജറാത്ത് കമ്പനി പണിത റോഡിന്‍റെ അവസ്ഥ എന്ന തരത്തില്‍ കേരളത്തിലടക്കം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ വസ്‌തുത എന്താണെന്ന് നോക്കാം.
പ്രചാരണം
നടക്കുമ്പോള്‍ റോഡിലെ ടാറിംഗ് ഭാഗം തകര്‍ന്ന് ഗര്‍ത്തത്തിലേക്ക് പതിക്കുന്ന ഒരു സ്ത്രീയുടെയും രക്ഷിക്കാന്‍ ഓടിയെത്തുന്ന രണ്ടാളുകളുടെയും വീഡിയോ സഹിതം എഫ്‌ബിയില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന വിവരങ്ങള്‍ ചുവടെ...
'844 കോടി മുടക്കി ഒരു ഗുജറാത്തി കമ്പനി പണിത അയോധ്യയിലേക്കുള്ള റോഡാണിത് --
വെറും 13 കിലോമീറ്റർ നീളമുള്ള റോഡ് പണിയാനാണ് 884 കോടി..!!!
അതായത് ഒരു കിലോമീറ്റർ പണിയാൻ വെറും 68 കോടി രൂപ..!!!
ബാത്ത് അറ്റാച്ചഡ് റോഡ്..!!!
അതും മറ്റൊരു കാറണ്ടി'--
ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു
വസ്‌തുത
പ്രചരിക്കുന്ന വീഡിയോ എന്തായാലും ഇന്ത്യയില്‍ നിന്നുള്ളതല്ല. ബ്രസീലില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നാണ് വസ്‌തുതാ പരിശോധനയില്‍ വ്യക്തമാകുന്നത്. സംഭവത്തിന്‍റെ മറ്റൊരു ആംഗിളില്‍ നിന്നുള്ള വീഡിയോ സഹിതം പോര്‍ച്ചുഗീസ് ഭാഷയിലുള്ള മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നതാണ്.
റോഡിലെ കുഴിയില്‍ വീഴുന്ന സ്ത്രീയും അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നവരും റോഡിന്‍റെ പശ്ചാത്തലവുമെല്ലാം സമാനമാണെന്ന് മലയാളത്തിലുള്ള തലക്കെട്ടില്‍ പ്രചരിക്കുന്ന വീഡിയോയും പോര്‍ച്ചുഗീസ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയിലെ വീഡിയോയും താരതമ്യം ചെയ്യുന്നതില്‍ നിന്ന് വ്യക്തമാകുന്നതാണ്. ചുവടെയുള്ള ചിത്രം ശ്രദ്ധിക്കുക. ബ്രസീലില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോയാണ് അയോധ്യയിലേത് എന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്ന് ഇതില്‍ നിന്ന് വ്യക്തം.
Read more: രണ്ട് ചിറകുകളുള്ള കുട്ടി, ലോക ചരിത്രത്തില്‍ ആദ്യത്തെ സംഭവമെന്നും പ്രചാരണം; എന്താണ് സത്യം?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം