യാത്രക്കാർ ട്രെയിനിന്‍റെ മുകളില്‍ വലിഞ്ഞുകയറി, ഒരിഞ്ച് സ്ഥലം ബാക്കിയില്ല, നല്ല വേഗവും! വീഡിയോ എവിടെ നിന്ന്?
ഉത്തർപ്രദേശില്‍ നിന്ന് ബിഹാറിലേക്കുള്ള ട്രെയിനാണിത് എന്ന് പറഞ്ഞാണ് വീഡിയോ സാമൂഹ്യമാധ്യമമായ എക്സില്‍ (പഴയ ട്വിറ്റർ നിരവധിയാളുകള്‍ ഷെയർ ചെയ്തിരിക്കുന്നത്
മുകളില്‍ കൊതുകിനിരിക്കാന്‍ പോലും സ്ഥലമില്ലാത്ത രീതിയില്‍ യാത്രക്കാരെ തിക്കിനിറച്ച് കൊണ്ടുപോകുന്ന ഒരു ട്രെയിനിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തീവണ്ടിക്ക് അകത്ത് ആളുകള്‍ നിറഞ്ഞുകവിഞ്ഞതോടെ ട്രെയിനിന്‍റെ മുകളില്‍ ഇരുന്ന് നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഒറ്റ കാഴ്ചയില്‍ തന്നെ പേടി ഇരച്ചുകയറുന്ന ഈ അപകട യാത്ര യുപിയില്‍ നിന്ന് ബിഹാറിലേക്കുള്ളതാണോ? പരിശോധിക്കാം.
പ്രചാരണം
വടക്കേയിന്ത്യയിലെ ഉത്തർപ്രദേശില്‍ നിന്ന് ബിഹാറിലേക്കുള്ള ട്രെയിനാണിത് എന്ന് പറഞ്ഞാണ് വീഡിയോ സാമൂഹ്യമാധ്യമമായ എക്സില്‍ (പഴയ ട്വിറ്റർ) 2024 ഫെബ്രുവരി 29ന് ഷെയർ ചെയ്തിരിക്കുന്നത്. നൂറുകണക്കിന് യാത്രക്കാരാണ് വലിയ അപകടം പതിയിരിക്കുന്ന ഈ യാത്രയില്‍ ട്രെയിനിന് മുകളിലിരുന്ന് യാത്ര ചെയ്യുന്നത്.
വസ്തുതാ പരിശോധന
വൈറലായിരിക്കുന്ന ദൃശ്യം യുപിയില്‍ നിന്ന് ബിഹാറിലേക്ക് പോകുന്ന ട്രെയിനിന്‍റെത് ആണോ എന്ന് വിശദമായി പരിശോധിച്ചു. ഇതില്‍ നിന്ന് വ്യക്തമായത് ഈ ട്രെയിന്‍ യാത്ര ഇന്ത്യയില്‍ പോലുമല്ല എന്നാണ്. വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെർച്ചിന് വിധേയമാക്കിയതിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. വൈറലായിരിക്കുന്ന ദൃശ്യങ്ങള്‍ ബംഗ്ലാദേശില്‍ നിന്നുള്ളതാണ് എന്ന് 2022 മെയ് 2നുള്ള ഒരു യൂട്യൂബ് പോസ്റ്റില്‍ പറയുന്നു.
വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതാണ് എന്ന് പറഞ്ഞുകൊണ്ടുള്ള മറ്റ് പോസ്റ്റുകളും കാണാം. ഇതേ വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ച് ഡെയ്‍ലി മെയില്‍ 2022 മെയ് 13 വാർത്ത നല്‍കിയിരുന്നതും വീഡിയോയുടെ ഉറവിടം ബംഗ്ലാദേശാണ് എന്ന് വ്യക്തമാക്കുന്നു. വൈറല്‍ വീഡിയോയുടെ പൂർണരൂപം ഒരു യൂട്യൂബ് ചാനലില്‍ അപ്‍ലോഡ് ചെയ്തിട്ടുള്ളതാണ് എന്നും കാണാം.
നിഗമനം
യുപിയില്‍ നിന്ന് ബിഹാറിലേക്കുള്ള ട്രെയിന്‍ യാത്ര എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതാണ്.
Read more: നരേന്ദ്ര മോദി കൈവീശിക്കാണിക്കുന്നത് ആരെ, മീനുകളെയോ? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം