ഗോവയില്‍ ബോട്ടപകടമുണ്ടായതായി വീഡിയോ, 22 മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നും പ്രചാരണം; സത്യമിത്- Fact Check
യാത്രക്കാര്‍ ഏറെയുള്ള ബോട്ട് മറിയുകയും പൂര്‍ണമായും ജലാശയത്തില്‍ മുങ്ങിത്താഴുന്നതുമാണ് വീഡിയോയില്‍ കാണുന്നത്
ഗോവയിലുണ്ടായ ബോട്ടപകടത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന കുറിപ്പോടെയൊരു വീഡിയോ ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാണ്. എന്താണ് ഇതിന്‍റെ വസ്തുത എന്ന് പരിശോധിക്കാം.
പ്രചാരണം
'ഇന്ന് ഗോവയില്‍ നടന്ന ബോട്ടപകടം. 23 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 40 പേരെ രക്ഷപ്പെടുത്തി. 64 പേരെ കാണാതായി' എന്ന കുറിപ്പോടെയാണ് ഫേസ്ബുക്ക് റീലായി ഒരു വീഡിയോ പ്രചരിക്കുന്നത്. വലിയ ജലാശയത്തില്‍ സഞ്ചാരികളേറെയുള്ള ഒരു ബോട്ട് മറിയുന്നതാണ് വീഡിയോയില്‍. ആളുകള്‍ ജീവനായി മല്ലടിക്കുന്നതും വീഡിയോയില്‍ കാണാം.
വസ്‌തുതാ പരിശോധന
ഇന്ത്യന്‍ സംസ്ഥാനമായ ഗോവയോട് സാദൃശ്യമല്ലാത്ത ഭൂപ്രകൃതിയാണ് വീഡിയോയിലെ പ്രദേശത്തിന് കാണുന്നത് എന്നത് സംശയം ജനിപ്പിച്ചു. ഇത്തരമൊരു വലിയ അപകടം ഗോവയില്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ നടത്തിയ കീവേഡ് സെര്‍ച്ചില്‍ ദുരന്തം സ്ഥിരീകരിക്കുന്ന വാര്‍ത്തകളൊന്നും കണ്ടെത്താനായില്ല.
അതേസമയം കീവേഡ് സെര്‍ച്ചില്‍ പ്രമുഖ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളിലൊന്നായ എപി യൂട്യൂബില്‍ 2024 ഒക്ടോബര്‍ 4ന് അപ്‌ലോഡ് ചെയ്‌തിട്ടുള്ള വാര്‍ത്ത കാണാനായി. കോംഗോയില്‍ ബോട്ട് മുങ്ങി 78 പേരെങ്കിലും മരണപ്പെട്ടു എന്നാണ് വീഡിയോയുടെ തലക്കെട്ടില്‍ പറയുന്നത്. അപകടം സംബന്ധിച്ച കൂടുതല്‍ വിവരണം വാര്‍ത്തയിലുണ്ട്. ആളുകളുടെ ആധിക്യത്തെ തുടര്‍ന്ന് ബോട്ട് മുങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ ദൃക്സാക്ഷി പകര്‍ത്തിയത് എന്ന വിവരണവും വാര്‍ത്തയ്ക്കൊപ്പം കാണാം.
മാത്രമല്ല, വീഡിയോ ഗോവയില്‍ നിന്നുള്ളതല്ല, കോംഗോയില്‍ നടന്ന അപകടത്തിന്‍റെതാണ് എന്ന് ഗോവ പൊലീസ് ഒക്ടോബര്‍ 5ന് ട്വീറ്റ് ചെയ്‌തും കാണാം.
നിഗമനം
ഗോവയിലുണ്ടായ ബോട്ടപകടത്തില്‍ 23 മൃതദേഹങ്ങള്‍ കണ്ടെടുത്തു എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ നിന്നുള്ളതാണ്. ഗോവയില്‍ ഇത്തരമൊരു അപകടമുണ്ടായിട്ടില്ല എന്ന് ഗോവന്‍ പൊലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Read more: 'വിലക്കയറ്റം', പിടിവള്ളിയായി കേന്ദ്ര സർക്കാർ ധനസഹായമായി 32849 രൂപ നൽകുന്നുവെന്ന് വ്യാജ പ്രചാരണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം