'ലോക്‌സഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19ന്, വോട്ടെണ്ണല്‍ മെയ് 22ന്'; തിയതികള്‍ പ്രഖ്യാപിച്ചോ? Fact Check
2024 പൊതു തെരഞ്ഞെടുപ്പ് വിവരങ്ങള്‍ എന്ന തലക്കെട്ടോടെയാണ് സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
ദില്ലി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ തിയതി പ്രഖ്യാപിക്കാന്‍ വേണ്ടിയുള്ള കാത്തിരിപ്പ് ഏവരും തുടങ്ങിയിട്ട് ദിവസങ്ങളായി. ഇതിനിടെ എല്ലാ സസ്‌പെന്‍സുകളും അവസാനിപ്പിച്ച് ഇലക്ഷന്‍ തിയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചോ? ഇലക്ഷന്‍ തിയതി പ്രഖ്യാപിച്ചതായി ഒരു സന്ദേശം എക്‌സ് (പഴയ ട്വിറ്റര്‍), വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഈ തിയതികള്‍ ശരി തന്നെയോ എന്ന് പരിശോധിക്കാം.
പ്രചാരണം
2024 പൊതു തെരഞ്ഞെടുപ്പ് വിവരങ്ങള്‍ എന്ന തലക്കെട്ടോടെയാണ് സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 12-03-2024ന് തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ വരുമെന്നും 28-03-2024ന് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതിയാണെന്നും 19-04-2024ന് തെരഞ്ഞെടുപ്പ് നടക്കുമെന്നും 22-05-2024ന് വോട്ടെണ്ണലും ഫലം പ്രഖ്യാപനവും നടക്കുമെന്നും 30-05-2024ന് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും വൈറല്‍ സന്ദേശത്തില്‍ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് തിയതികള്‍ സംബന്ധിച്ച് പ്രചരിക്കുന്ന സന്ദേശത്തിന്‍റെ ഒരു സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു.
വസ്‌തുതാ പരിശോധന
തെരഞ്ഞെടുപ്പ് തിയതികള്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റും, സാമൂഹ്യമാധ്യമങ്ങളും പരിശോധിച്ചു. എന്നാല്‍ പൊതു തെരഞ്ഞെടുപ്പ് തിയതികള്‍ തിയതികള്‍ പ്രഖ്യാപിച്ചതായി എവിടെയും ഔദ്യോഗിക വിവരങ്ങള്‍ കണ്ടില്ല. മാത്രമല്ല ലോക്സഭ തെരഞ്ഞെടുപ്പ് തിയതികള്‍ സംബന്ധിച്ച് മാധ്യമവാര്‍ത്തകളൊന്നും കീവേഡ് സെര്‍ച്ചിലും ലഭിച്ചില്ല. സാധാരണയായി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പൊതു തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാറ്. അതിനാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതികള്‍ പുറത്തുവിട്ടു എന്ന തരത്തിലുള്ള സന്ദേശം വ്യാജമാണ് എന്ന് ഉറപ്പിക്കാം.
മാത്രമല്ല, ഇപ്പോള്‍ പ്രചരിക്കുന്ന തിയതികള്‍ വ്യാജമാണ് എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും പരിശോധനയില്‍ കണ്ടെത്താനായി. വാര്‍ത്താസമ്മേളനത്തിലൂടെ പിന്നീട് തിയതികള്‍ പ്രഖ്യാപിക്കും എന്നും കമ്മീഷന്‍റെ ട്വീറ്റിലുണ്ട്.
നിഗമനം
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രചരിക്കുന്ന തിയതികള്‍ തെറ്റാണ്. പൊതു തെരഞ്ഞെടുപ്പിന്‍റെ തിയതികള്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല.
Read more: എന്തൊരു ക്യൂട്ട്! ഷാരൂഖ് ഖാന്‍റെ കുട്ടിക്കാല ചിത്രങ്ങള്‍ എന്ന പേരില്‍ ഫോട്ടോകള്‍ വൈറല്‍; വസ്തുത
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം