4500 മീറ്റര്‍ വരെ ഉയരത്തില്‍ തീജ്വാലയും ചാരവും; ഇറ്റലിയില്‍ തീതുപ്പി അഗ്നിപര്‍വതം, വീഡിയോ വൈറല്‍, പക്ഷേ
സജീവമായ അഗ്നിപര്‍വതത്തിന് സമീപത്ത് നിന്ന് ഫോട്ടോകളും ചിത്രങ്ങളും എടുക്കുന്നവരെയും വൈറല്‍ വീഡിയോയില്‍ കാണാം
യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍ അഗ്നിപര്‍വതങ്ങള്‍ സജീവമായിരിക്കൊണ്ടിരിക്കുകയാണ്. പലയിടത്തും അഗ്നിപര്‍വതങ്ങള്‍ വലിയ ഭീഷണിയാണ് സൃഷ്‌ടിക്കുന്നത്. ഐസ്‌ലന്‍ഡിലും ഇറ്റലിയിലുമാണ് അടുത്തിടെ അഗ്‌നിപര്‍വത സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെ ഇറ്റലിയില്‍ നിന്നെന്ന പേരിലൊരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ ഈ വീഡിയോയ്‌ക്ക് ഇറ്റിലിയിലെ അഗ്നിപര്‍വതങ്ങളുമായി ബന്ധമൊന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം. വീഡിയോ പ്രചാരണവും വസ്‌തുതതയും നോക്കാം.
പ്രചാരണം
അഗ്‌നിപര്‍വതം കൂറ്റന്‍ തീജ്വാലയോടെ പൊട്ടിത്തെറിക്കുന്നതിന്‍റെ വീഡിയോയാണ് Voice of Europe എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭീതിപ്പെടുത്തുന്നമെങ്കിലും അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ മനോഹര ദൃശ്യം കൂടിയാണിത്. 2023 നവംബര്‍ 13ന് ട്വീറ്റ് ചെയ്‌ത വീഡിയോ ഇതിനകം ഇരുപത്തിയയ്യായിരത്തോളം പേര്‍ കണ്ടു. 'ഇറ്റലിയിലെ സിസിലിയിലുള്ള എറ്റ്ന അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ദൃസാക്ഷികള്‍ വീഡിയോ ഷെയര്‍ ചെയ്യുകയാണ്. തീജ്വാലകളും ചാരവും സമുദ്രനിരപ്പില്‍ നിന്ന് 4,500 മീറ്ററോളം ഉയരത്തിലെത്തി' എന്നും വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിലുണ്ട്.
വസ്‌തുതാ പരിശോധന
എന്നാല്‍ ഈ വീഡിയോ ഇറ്റലിയിലെ എറ്റ്ന അഗ്നിപര്‍വതത്തിന്‍റെ അല്ല എന്നതാണ് യാഥാര്‍ഥ്യം. പ്രചരിക്കുന്ന വീഡിയോ മധ്യ അമേരിക്കയിലെ ഗ്വാട്ടിമാലയില്‍ നിന്നുള്ള പഴയ ദൃശമാണ് എന്നാണ് വസ്‌തുതാ പരിശോധനയില്‍ മനസിലാക്കാന്‍ കഴിഞ്ഞത്. ഇറ്റലിയിലെ അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തിയതിലൂടെയാണ് ഈ വിലയിരുത്തലില്‍ എത്തിയത്. ViralHog എന്ന വെരിഫൈഡ് യൂട്യൂബ് ചാനലില്‍ 2022 ഓഗസ്റ്റ് 26ന് സമാന വീഡിയോ പോസ്റ്റ് ചെയ്‌തിട്ടുള്ളത് കാണാം.
ഗ്വാട്ടിമാലയിലെ ദൃശ്യങ്ങള്‍ എന്ന തലക്കെട്ടില്‍ വീഡിയോ Fascinating എന്ന വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടില്‍ 2023 ജൂലൈ 7നും ട്വീറ്റ് ചെയ്‌തിട്ടുള്ളതായും കാണാം.
മാത്രമല്ല, സജീവമായ അഗ്നിപര്‍വതത്തിന് സമീപത്ത് നിന്ന് അപകടകരമാം വിധത്തില്‍ സെല്‍ഫികളെടുക്കുന്നവരുടെ വൈറല്‍ വീഡിയോ എന്ന തലക്കെട്ടില്‍ ഇന്ത്യാ ടുഡേ അടക്കമുള്ള മാധ്യമങ്ങള്‍ ഇതേ വീഡിയോ ഉപയോഗിച്ച് 2022 സെപ്റ്റംബറില്‍ വാര്‍ത്ത നല്‍കിയിട്ടുള്ളതാണ് എന്നും റിവേഴ്‌സ് ഇമേജ് ഫലം വെളിവാക്കുന്നു.
നിഗമനം
ഇറ്റലിയിലെ എറ്റ്ന അഗ്നിപര്‍വതത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ പഴയതും ഗ്വാട്ടിമാലയില്‍ നിന്നുള്ളതുമാണ് എന്നാണ് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വ്യക്തമായിരിക്കുന്നത്. അതേസമയം ഇറ്റലിയിലെ എറ്റ്‌ന അഗ്നിപര്‍വതം മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തീതുപ്പിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം