കർഷക സമരത്തിൽ മദ്യ വിതരണം എന്ന പേരിൽ മറ്റൊരു വീഡിയോ കൂടി; വസ്തുത എന്ത്? Fact Check
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ 2024ലെ കര്‍ഷക സമരത്തില്‍ നിന്നുള്ളതല്ല എന്നതാണ് യാഥാര്‍ഥ്യം
ദില്ലി: രാജ്യതലസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തിനെത്തിയ കര്‍ഷകര്‍ക്ക് മദ്യം വിതരണം ചെയ്യുന്നതായി ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. സമാന ആരോപണത്തോടെ മറ്റൊരു വീഡിയോയും നിരവധി പേര്‍ എക്സില്‍ (പഴയ ട്വിറ്റര്‍) ഷെയര്‍ ചെയ്യുന്നുണ്ട്. ഇതിന്‍റെ വസ്തുത എന്താണ് എന്ന് പരിശോധിക്കാം.
പ്രചാരണം
'കര്‍ഷക സമര സ്ഥലത്ത് രാവിലത്തെ ചായയായി മദ്യം വിതരണം ചെയ്യുന്നു, വിമര്‍ശകര്‍ പറയും ഇത് റം ആണെന്ന്'- ഈ തലക്കെട്ടോടെയാണ് ബാബാ ബനാറസ് എന്ന വെരിഫൈഡ് എക്സ് ഹാന്‍ഡിലില്‍ നിന്ന് 2024 ഫെബ്രുവരി 17ന് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അറുപതിനായിരത്തിലേറെ ആളുകള്‍ ഈ വീഡിയോ ഇതിനകം കണ്ടു. വലിയ ബാരലുകളില്‍ നിറച്ചിരിക്കുന്ന മദ്യം വിതരണം ചെയ്യുന്നതും അത് വാങ്ങാന്‍ ഗ്ലാസുമായി ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നതുമാണ് 23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണുന്നത്.
വസ്‌തുത
പ്രചരിക്കുന്ന വീഡിയോ 2024ലെ കര്‍ഷക സമരത്തില്‍ നിന്നുള്ളതല്ല എന്നതാണ് യാഥാര്‍ഥ്യം. പഞ്ചാബിലെ ലൂധിയാനയില്‍ നിന്നുള്ള പഴയ വീഡിയോയാണിത്. 2021ലും സമാന വീഡിയോ തെറ്റായ അവകാശവാദങ്ങളോടെ കര്‍ഷകരുമായി ചേര്‍ത്തുകെട്ടി പ്രചരിക്കപ്പെട്ടിരുന്നു.
2024 ഫെബ്രുവരി മാസത്തെ കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത് രണ്ടാം വീഡിയോയാണ് മദ്യ വിതരണം എന്ന ആരോപണത്തോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരിക്കുന്നത്. ഒരു വാഹനത്തിന്‍റെ ഉള്ളില്‍ നിന്ന് പുറത്ത് നില്‍ക്കുന്നവര്‍ക്ക് മദ്യം വിതരണം ചെയ്യുന്നതായായിരുന്നു മുമ്പ് പ്രചരിച്ചിരുന്ന വീഡിയോ. ഈ ആരോപണം തെറ്റാണെന്നും 2020 മുതലെങ്കിലും ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ് എന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് പ്രസിദ്ധീകരിച്ചിരുന്നു.
മുമ്പ് വൈറലായ വീഡിയോ
Read more: ഭാരത് ബന്ദ് പൊലിപ്പിക്കാന്‍ മദ്യ വിതരണമോ; കർഷകരെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള വീഡിയോ സത്യമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം