കേരളത്തില്‍ നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോ വര്‍ഗീയ തലക്കെട്ടില്‍ പ്രചരിക്കുന്നു- Fact Check

'കര്‍ണാടകയില്‍ മുസ്ലീം ജനവിഭാഗം പരസ്യമായി പശുവിനെ അറുത്തിരിക്കുന്നു'- എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്

Fact Check tweet claims open cow slaughter by Muslim community in Karnataka here is the truth

കര്‍ണാടകയില്‍ മുസ്ലീംകള്‍ പശുവിനെ പൊതുസ്ഥലത്ത് അറുത്തു എന്ന ആരോപണത്തോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) പ്രചരിക്കുകയാണ്. വര്‍ഗീയമായ ഈ ആരോപണത്തിന്‍റെ വസ്തുത എന്താണ്? സോഷ്യല്‍ മീഡിയ പ്രചാരണത്തിന്‍റെ യാഥാര്‍ഥ്യം പരിശോധിക്കാം. 

പ്രചാരണം

'കര്‍ണാടകയില്‍ മുസ്ലീം ജനവിഭാഗം പരസ്യമായി പശുവിനെ അറുത്തിരിക്കുന്നു'- എന്ന തലക്കെട്ടോടെയാണ് വീഡിയോ anjeev singh എന്ന യൂസര്‍ എക്‌സില്‍ 2024 മെയ് 14ന് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പശുവിന്‍റെ ജഡം ഒരു ജീപ്പിന്‍റെ ബോണറ്റിന് മുകളില്‍ കെട്ടിവച്ച് റീത്ത് വച്ചിരിക്കുന്നതാണ് വീഡിയോയുടെ ആദ്യ ഭാഗത്തുള്ളത്. ഈ വാഹനത്തിന്‍റെ ചുറ്റും അനവധി ആളുകളും പൊലീസും തടിച്ചുകൂടിയിരിക്കുന്നതാണ് പിന്നീടുള്ള ദൃശ്യങ്ങളില്‍ കാണുന്നത്. വാഹനത്തിന്‍റെ മുന്‍ഭാഗത്ത് കയറുകൊണ്ട് എന്തോ കെട്ടിവയ്ക്കുന്നത് വീഡിയോയുടെ ഈ ഭാഗത്തായി കാണാം. 

ട്വീറ്റിലെ ദൃശ്യങ്ങള്‍

വീഡിയോയുടെ സ്ക്രീന്‍ഷോട്ട് 

Fact Check tweet claims open cow slaughter by Muslim community in Karnataka here is the truth

വസ്‌തുതാ പരിശോധന

ദൃശ്യങ്ങളില്‍ കാണുന്ന ജീപ്പിന്‍റെ മുന്നില്‍ FOREST എന്ന ബോര്‍ഡ് കാണാം. ഇതിനാല്‍തന്നെ ഇത് ഫോറസ്റ്റ് അധികൃതരുടെ വാഹനമാണ് എന്ന് അനുമാനിക്കാം. വാഹനത്തിന് പിന്നില്‍ കാണുന്ന കെട്ടിടത്തിന്‍റെ ബോര്‍ഡ് മലയാളത്തിലാണ് എന്നതിനാല്‍ വീഡിയോയില്‍ കാണുന്ന സംഭവം കര്‍ണാടകയില്‍ അല്ല, കേരളത്തിലാണ് എന്ന് അനായാസം തിരിച്ചറിയാവുന്നതുമാണ്. 

Fact Check tweet claims open cow slaughter by Muslim community in Karnataka here is the truth

സംഭവം എന്ത്? 

കേരളത്തിലെ വയനാട് ജില്ലയില്‍ ജനരോക്ഷം അണപൊട്ടിയ ഒരു പ്രതിഷേധത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. കടുവ കടിച്ചുകൊന്ന പശുവിന്‍റെ ജഡം വനംവകുപ്പിന്‍റെ ജീപ്പിന് മുകളില്‍ കെട്ടിവെച്ച്, വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോയാണ് കര്‍ണാടകത്തിലെ എന്ന വ്യാജേന എക്‌സില്‍ പ്രചരിപ്പിക്കുന്നത്. പുല്‍പ്പള്ളിയില്‍ നടന്ന ഈ പ്രതിഷേധം ഏഷ്യാനെറ്റ് ന്യൂസ് 2024 ഫെബ്രുവരി മാസത്തില്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്‌തിരുന്നതാണ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ വീഡിയോ റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള ഒരുഭാഗം താഴെ കൊടുക്കുന്നു.

എക്‌സില്‍ കാണുന്ന വീഡിയോയിലെ പോലെ ജീപ്പിന്‍റെ ബോണറ്റിന് മുകളില്‍ പശുവിനെ കയറുകൊണ്ട് ആളുകള്‍ കെട്ടിവയ്ക്കുന്നതും റീത്ത് സമര്‍പ്പിക്കുന്നതും ഏഷ്യാനെറ്റ് ന്യൂസ് 2024 ഫെബ്രുവരി 17ന് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌ത വീഡിയോ റിപ്പോര്‍ട്ടില്‍ കാണാം. ഇരു ദൃശ്യങ്ങളും താരതമ്യം ചെയ്താല്‍ പുല്‍പ്പള്ളി സംഭവത്തിന്‍റെ വ്യത്യസ്ത ആംഗിളുകളില്‍ നിന്നുള്ള വീഡിയോകളാണിത് എന്ന് ഉറപ്പിക്കാം. 

Fact Check tweet claims open cow slaughter by Muslim community in Karnataka here is the truth

നിഗമനം

കര്‍ണാടകയിലെ മുസ്ലീം ജനവിഭാഗം പരസ്യമായി പശുവിന്‍റെ കഴുത്തറുത്തു എന്ന തരത്തിലുള്ള വീഡിയോ പ്രചാരണം വ്യാജമാണ്. കേരളത്തിലെ വയനാട്ടില്‍ വന്യജീവി ആക്രമണത്തെ തുടര്‍ന്ന് ജീവന്‍ പൊലിഞ്ഞ പശുവിന്‍റെ ജഡവുമായി ജനങ്ങള്‍ നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളാണ് വര്‍ഗീയ തലക്കെട്ടോടെ കര്‍ണാടകയിലേത് എന്ന പേരില്‍ എക്‌സില്‍ പ്രചരിക്കുന്നത്. 

Read more: യുപിയില്‍ ഇവിഎം വാഹനത്തില്‍ കടത്തിക്കൊണ്ടുപോയതായി വീഡിയോ; സത്യമെന്ത്? Fact Check    

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios