നെഞ്ച് പിടയ്ക്കുന്ന ദൃശ്യങ്ങള്‍; തമിഴ്‌നാട്ടിലെ ആലിപ്പഴവര്‍ഷമോ ഇത്?
കാറ്റിനും മഴയ്ക്കുമൊപ്പമുള്ള ഈ ആലിപ്പഴ വര്‍ഷം ആളുകളെ ഭയപ്പെടുത്തി
കാണാന്‍ ആകര്‍ഷണമെങ്കിലും അപകടകാരികളാണ് ആലിപ്പഴവര്‍ഷം. വളരെ വലിപ്പമുള്ള മഞ്ഞുകട്ടകള്‍ ഗുരുതരമായ അപകടങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ആലിപ്പഴവര്‍ഷത്തില്‍ വാഹനങ്ങളുടെ ഗ്ലാസുകള്‍ തകരുന്നതും മനുഷ്യര്‍ ജീവനുംകൊണ്ട് രക്ഷപ്പെട്ട് ഓടുന്നതുമെല്ലാം നാം വീഡിയോകളില്‍ കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ അപകടകരമായ തരത്തില്‍ ആലിപ്പഴം വീഴുന്ന ഒരു ദൃശ്യം വൈറലായിരിക്കുകയാണ്. ആദ്യ കാഴ്‌ചയില്‍ തന്നെ ഭയാനകമായ ഈ ദൃശ്യങ്ങള്‍ തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്നുള്ളതോ? സത്യമെന്ത്?
പ്രചാരണം
'തമിഴ്നാട് ഹൊസൂരിയിൽ ആലിപ്പഴം പെയ്തു. ആലിപ്പഴത്തിൻ്റെ വലിപ്പം നോക്കൂ'... എന്ന കുറിപ്പോടെയാണ് 33 സെക്കന്‍ഡ‍് ദൈര്‍ഘ്യമുള്ള വീഡിയോ പ്രചരിക്കുന്നത്. പണി നടക്കുന്ന ഒരു കെട്ടിടത്തിന് മുകളിലേക്ക് വളരെ വലിപ്പത്തിലുള്ള മഞ്ഞുകട്ടകള്‍ പതിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വലിയ കല്ലുകളുടെ വലിപ്പമുള്ള ഇവ പൊട്ടിച്ചിതറുന്നത് ദൃശ്യങ്ങളില്‍ കാണാം. കാറ്റിനും മഴയ്ക്കുമൊപ്പമുള്ള ഈ ആലിപ്പഴവര്‍ഷം ആളുകളെ ഭയപ്പെടുത്തുന്നതാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തവര്‍ അവകാശപ്പെടുന്നത് പോലെ തമിഴ്നാട്ടിലെ ഹൊസൂരില്‍ നിന്നുള്ളതാണോ എന്ന് പരിശോധിക്കാം.
വസ്‌തുതാ പരിശോധന
പ്രചരിക്കുന്ന വീഡിയോയില്‍ ഇന്‍സ്റ്റഗ്രാമിലെ വാട്ടര്‍മാര്‍ക്ക് കാണാമെങ്കിലും അത് വായിച്ചെടുക്കുക പ്രയാസമായിരുന്നു. ഇതോടെ വീഡിയോയുടെ കീഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ വീഡിയോ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ നിന്നുള്ളതാണ് എന്ന് ഡിസാസ്റ്റര്‍ ട്രാക്കര്‍ എന്ന എക്‌സ് അക്കൗണ്ടില്‍ 2024 ഏപ്രില്‍ 28ന് ചെയ്‌ത പോസ്റ്റില്‍ പറയുന്നു.
ഈ സംഭവത്തെ കുറിച്ച് മറ്റ് റിപ്പോര്‍ട്ടുകള്‍ എന്തെങ്കിലും ഇന്‍റര്‍നെറ്റില്‍ ലഭ്യമാണോ എന്നും വസ്‌തുതാ പരിശോധനയുടെ ഭാഗമായി തിരക്കി. ഇതില്‍ ചൈനയിലെ ഗ്വാങ്‌ഡോങില്‍ ആലിപ്പഴം കനത്ത നാശം വിതച്ചു എന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ ലഭിച്ചു. 20 സെന്‍റീമീറ്റര്‍ വരെ വലിപ്പം ഈ ആലിപ്പഴങ്ങള്‍ക്കുണ്ടായിരുന്നു. 160 കിലോമീറ്റര്‍ വേഗതയിലാണ് ഇവ പതിച്ചത്. വീടുകള്‍ക്കും കൃഷികള്‍ക്കും വലിയ നാശം ഇത് വിതച്ചു എന്നും വാര്‍ത്തയില്‍ പറയുന്നു.
നിഗമനം
തമിഴ്‌നാട്ടിലെ ഹൊസൂരിലുണ്ടായ ആലിപ്പഴ വീഴ്ച എന്ന പേരിലുള്ള വീഡിയോ ചൈനയില്‍ നിന്നുള്ളതാണ്.
Read more: ബംഗാളില്‍ കരുത്തറിയിച്ച് ഇടതുപക്ഷത്തിന്‍റെ റാലിയോ ഇത്, വീഡിയോ വിശ്വസിക്കാമോ? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം