വിദ്യാര്‍ത്ഥികള്‍ക്ക് 11,000 രൂപ കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന് പ്രചാരണം; സത്യമെന്ത്?
നിരവധിയാളുകള്‍ വിശ്വസിച്ച ഈ പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വ്യാജവാര്‍ത്തക്കെതിരെ പിഐബി തന്നെ രംഗത്തെത്തി.
ദില്ലി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ പറന്നു നടക്കുന്ന പ്രചാരണമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 11,000 രൂപ നല്‍കുന്നുവെന്ന്. കൊവിഡ് കാരണം ബുദ്ധിമുട്ടിലായ എല്ലാ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് അടക്കാന്‍ സാമ്പത്തിക സഹായം നല്‍കുമെന്നാണ് പ്രചാരണം. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും പറയുന്നു. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലുമാണ് പ്രചാരണം നടക്കുന്നത്.
നിരവധിയാളുകള്‍ വിശ്വസിച്ച ഈ പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വ്യാജവാര്‍ത്തക്കെതിരെ പിഐബി തന്നെ രംഗത്തെത്തി. ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും പിഐബിയുടെ ഫാക്ട്‌ചെക്ക് വിഭാഗം കണ്ടെത്തി. കൊവിഡ് കാലത്ത് ജനത്തെ ആശയക്കുഴപ്പത്തിലാക്കാന്‍ നിരവധി വ്യാജ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും പിഐബി മുന്നറിയിപ്പ് നല്‍കി. കൃത്യമായി ഉറപ്പ് വരുത്താത്ത യാതൊരു വിവരങ്ങളും പങ്കുവെക്കരുതെന്നും പിഐബി അറിയിച്ചു.