എന്തൊരു ക്യൂട്ട്! ഷാരൂഖ് ഖാന്‍റെ കുട്ടിക്കാല ചിത്രങ്ങള്‍ എന്ന പേരില്‍ ഫോട്ടോകള്‍ വൈറല്‍; വസ്തുത
ഷാരൂഖ് ഖാന്‍റെ ബാല്യകാല ചിത്രങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് രണ്ട് ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
മുംബൈ: ബോളിവുഡിന്, ഇന്ത്യന്‍ സിനിമയ്ക്ക് കിംഗ് ഖാനാണ് ഷാരൂഖ് ഖാന്‍. അമ്പത്തിയെട്ടാം വയസിലും കോട്ടം തട്ടാത്ത കരിസ്‌മയുള്ള താരം. ഷാരൂഖിനെ നേരിട്ട് കാണുകയോ സിനിമയില്‍ കാണുകയോ വേണമെന്നില്ല, കിംഗിന്‍റെ ഒരു ഫോട്ടോ കണ്ടാല്‍ പോലും ആരാധകര്‍ ആര്‍പ്പുവിളികളുമായി കൂടും. ഈ സാഹചര്യത്തില്‍ ഷാരൂഖിന്‍റെ ആരും കാണാത്തെ കുട്ടിക്കാല ചിത്രങ്ങള്‍ പുറത്തുവന്നാലോ? ആരാധകര്‍ അവ എങ്ങനെ വരവേല്‍ക്കും എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍ ചില നിഗൂഢതകളുണ്ട്.
പ്രചാരണം
ഷാരൂഖ് ഖാന്‍റെ ബാല്യകാല ചിത്രങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് രണ്ട് ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബോളിവുഡ് പോസ്റ്റ് എന്ന ഫേസ്‌ബുക്ക് പേജ് 2024 ഫെബ്രുവരി 16ന് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് ഒരു ലക്ഷത്തിലേറെ ലൈക്ക് ലഭിച്ചുകഴിഞ്ഞു. ആയിരത്തോളം പേര്‍ കമന്‍റുകള്‍ രേഖപ്പെടുത്തിയപ്പോള്‍ ആയിരത്തിലധികം ഷെയറുകളും പോസ്റ്റിനുണ്ടായി. ഇതിലൊരു ചിത്രത്തിന് 90കളിലെ ചോക്‌ലേറ്റ് നായകനായ ഷാരൂഖിന്‍റെ ഛായയുണ്ടെങ്കിലും മറ്റൊരു ഫോട്ടോ ഇതുവരെ ആരും കാണാത്ത അത്യപൂര്‍വ ലുക്കിലുള്ളതാണ്.
വസ്തുത
എന്നാല്‍ ഷാരൂഖ് ഖാന്‍റെതായി പ്രചരിക്കുന്ന രണ്ട് ചിത്രങ്ങളും യഥാര്‍ഥമല്ല എന്നതാണ് സത്യം. എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച ഫോട്ടോകളാണിത്. ഷാരൂഖിന്‍റെ ലഭ്യമായ മറ്റ് കുട്ടിക്കാല ചിത്രങ്ങളുമായി ഇവയ്ക്ക് സാമ്യതകളില്ല എന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തം. ഇപ്പോള്‍ പ്രചരിക്കുന്ന എഐ ചിത്രങ്ങളില്‍ ആദ്യത്തേത് 2023 ഓഗസ്റ്റ് 31ന് ഫിലിംഫെയര്‍ ഡോട് കോമില്‍ ഒരു ലേഖനത്തിനൊപ്പം പ്രസിദ്ധീകരിച്ചതാണ്. ഷാരൂഖിന്‍റെ എഐ ചിത്രമാണിത് എന്ന് ഈ ലേഖനത്തിന്‍റെ തലക്കെട്ടില്‍ തന്നെ പറയുന്നു.
രണ്ടാമത്തെ ചിത്രവും എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണ് എന്ന് 2023 ഒക്ടോബര്‍ 9ന് ചെയ്തിട്ടുള്ള ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
നിഗമനം
ഷാരൂഖ് ഖാന്‍റെ ബാല്യകാല ചിത്രങ്ങള്‍ എന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഫോട്ടോകള്‍ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൃഷ്ടിച്ചവയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം