കങ്കണ റണാവത്തിന്‍റെ മുഖത്തടിച്ച കുൽവീന്ദര്‍ കൗര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമോ? ചിത്രത്തിന്‍റെ വസ്‌തുത
കുൽവീന്ദര്‍ കൗറിന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക വദ്രയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ട് എന്നാണ് ഫോട്ടോ സഹിതം പ്രചാരണം
ദില്ലി: ബോളിവുഡ് നടിയും ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളായ കുൽവീന്ദര്‍ കൗര്‍ ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വച്ച് തല്ലിയ സംഭവം ഈ മാസം ആദ്യമുണ്ടായിരുന്നു. മുഖത്തടിയേറ്റ കങ്കണയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ മുമ്പ് ഫേസ്‌ബുക്കും എക്‌സും (പഴയ ട്വിറ്റര്‍) അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ ഏറെയുണ്ടായിരുന്നു. കങ്കണയ്ക്ക് അടിയേറ്റ സംഭവത്തിന്‍റെ പേരില്‍ ഇപ്പോള്‍ മറ്റൊരു തെറ്റായ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പരക്കുകയാണ്.
പ്രചാരണം
ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വച്ച് കങ്കണ റണാവത്തിന്‍റെ മുഖത്തടിച്ച സിഐഎസ്എഫ് വനിതാ കോൺസ്റ്റബിള്‍ കുൽവീന്ദര്‍ കൗറിന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക വദ്രയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ട് എന്ന ആരോപണത്തോടെയാണ് പുതിയ ചിത്രം പ്രചരിക്കുന്നത്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം. 'കങ്കണയെ എയര്‍പോര്‍ട്ടില്‍ അടിച്ച അതേ കൂല്‍വിന്ദര്‍ കൌര്‍ ആണ് ഈ നില്‍ക്കുന്നത്.. ഇറ്റലിക്കാരുടെ കൂടെ... ചിത്രം വ്യക്തം... നേരത്തേ പ്ലാന്‍ ചെയ്തത്'- എന്ന കുറിപ്പോടെയാണ് ചിത്രം ഒരു ഫേസ്‌ബുക്ക് യൂസര്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുതാ പരിശോധന
ചിത്രത്തിലുള്ളത് സിഐഎസ്എഫ് വനിതാ കോൺസ്റ്റബിള്‍ കുൽവീന്ദര്‍ കൗര്‍ അല്ല എന്നതാണ് യാഥാര്‍ഥ്യം. പ്രചരിക്കുന്ന ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്‍റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ദിവ്യ മഹിപാല്‍ മദേര്‍ന എന്ന എക്‌സ് യൂസര്‍ തന്‍റെ വെരിഫൈഡ് അക്കൗണ്ടില്‍ നിന്ന് 2024 ഫെബ്രുവരി 24ന് പങ്കുവെച്ച ഫോട്ടോയാണിത്. രാജസ്ഥാനില കോണ്‍ഗ്രസ് നേതാവാണ് ദിവ്യ മദേര്‍ന. രാജസ്ഥാന്‍ നിയമസഭയില്‍ വച്ച് രാഹുലിനെയും സോണിയയെയും പ്രിയങ്കയെയും കണ്ടപ്പോള്‍ എടുത്ത ചിത്രമാണിത് എന്നാണ് എക്‌സില്‍ ഫോട്ടോയ്‌ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നത്.
നിഗമനം
കങ്കണ റണാവത്തിന്‍റെ മുഖത്തടിച്ച സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളായ കുൽവീന്ദര്‍ കൗര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്നു എന്ന പേരില്‍ ചിത്രം സഹിതമുള്ള പ്രചാരണം വ്യാജമാണ്. ഫോട്ടോയില്‍ കാണുന്നത് കുൽവീന്ദര്‍ അല്ല.
Read more: സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിന്‍റെ അടിയേറ്റ കങ്കണ റണാവത്തിന്‍റെ ചിത്രമോ ഇത്?