സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിന്‍റെ അടിയേറ്റ കങ്കണ റണാവത്തിന്‍റെ ചിത്രമോ ഇത്?

മുഖത്തടിയേറ്റ കങ്കണ റണാവത്തിന്‍റെ ചിത്രം എന്ന ആരോപണത്തോടെയാണ് ക്ലോസപ്പ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരിക്കുന്നത്

Fact Check photo of Kangana Ranaut slap is not true

ദില്ലി: ബോളിവുഡ് നടിയും ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള നിയുക്ത ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളായ കുൽവീന്ദര്‍ കൗര്‍ ചണ്ഡി​ഗഡ് വിമാനത്താവളത്തില്‍ വച്ച് 2024 ജൂണ്‍ 6ന് തല്ലിയത് വലിയ വിഷയമായിരിക്കുകയാണ്. ഈ സംഭവത്തിന്‍റെ എന്ന പേരില്‍ ഒരു ചിത്രം ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇതിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം

പ്രചാരണം

മുഖത്തടിയേറ്റ കങ്കണ റണാവത്തിന്‍റെ ചിത്രം എന്ന ആരോപണത്തോടെയാണ് ക്ലോസപ്പ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരിക്കുന്നത്. മുഖത്ത് കൈവിരലുകളുടെ പാട് പതിഞ്ഞ ഒരു സ്ത്രീയുടെ ചിത്രമാണിത്. മുഖത്തടിയേറ്റ ശേഷമുള്ള കങ്കണയുടെ ചിത്രമാണിത് എന്നാണ് ഇത് ഷെയര്‍ ചെയ്യുന്നവര്‍ അവകാശപ്പെടുന്നത്. ജ്യോതി പ്രിയ എന്ന ഫേസ്‌ബുക്ക് യൂസര്‍ കങ്കണയുടെയും, സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥയുടെയും, മുഖത്ത് പാടുള്ള ക്ലോസപ്പ് ചിത്രവും സഹിതം പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പ് ചുവടെ കാണാം. 'ബിജെപി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചിട്ട് കോൺഗ്രസിന്റെ ചിഹ്നം പാരിതോഷികമായി കിട്ടിയ ഇന്ത്യയിലെ ആദ്യ MP യാണ് കങ്കണ'- എന്ന കുറിപ്പോടെയാണ് ജ്യോതി പ്രിയ ഫോട്ടോകള്‍ 2024 ജൂണ്‍ ഏഴിന് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 

Fact Check photo of Kangana Ranaut slap is not true

വസ്‌തുതാ പരിശോധന

ഫേസ്ബുക്ക് പോസ്റ്റില്‍ കാണുന്നത് മുഖത്തടിയേറ്റ കങ്കണ റണാവത്തിന്‍റെ ചിത്രം തന്നെയോ എന്നറിയാന്‍ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ ചിത്രം ഏറെ പഴയതാണെന്നും കങ്കണയുടേത് അല്ലായെന്നും പരിശോധനയില്‍ തെളിഞ്ഞു. 

Fact Check photo of Kangana Ranaut slap is not true

2006 മെയ് 30ന് ആഡ്‌സ് ഓഫ് ദി വേള്‍ഡ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു ഫോട്ടോയില്‍ നിന്ന് ക്രോപ് ചെയ്‌തെടുത്ത ചിത്രമാണ് ഇപ്പോള്‍ അടി കിട്ടിയ കങ്കണ റണാവത്തിന്‍റെ മുഖം എന്ന ആരോപണത്തോടെ ഷെയര്‍ ചെയ്യപ്പെടുന്നത്. 2006ല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഫോട്ടോയും ഇപ്പോള്‍ ഫേസ്‌ബുക്കില്‍ പ്രചരിക്കുന്ന ഫോട്ടോയും ഒന്നുതന്നെയാണ് ഇരു ചിത്രങ്ങളുടെയും താരതമ്യത്തില്‍ നിന്ന് മനസിലാക്കാം. ഇരു ചിത്രങ്ങളിലെയും കമ്മലുകളും മുടിയുടെ ഡിസൈനും സമാനമാണ്. 

Fact Check photo of Kangana Ranaut slap is not true

നിഗമനം

സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ മര്‍ദനമേറ്റ കങ്കണ റണാവത്തിന്‍റെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ പഴയതും കങ്കണയുടെ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തതുമാണ്. 

Read more: സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുന്നതിനെ കുറിച്ച് ഇ പി ജയരാജന്‍ ഇങ്ങനെ പറഞ്ഞോ; സത്യമെന്ത്? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios