ഇന്ത്യയിലെത്തിയ പാക് ടീമിനെ ആരാധകര്‍ വരവേറ്റത് 'പാകിസ്ഥാന്‍ മൂര്‍ദാബാദ്' വിളികളോടെ? Fact Check
ഹൈദരാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ പാകിസ്ഥാന്‍ ടീമിന് ആവേശ സ്വീകരണം ലഭിച്ചപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോ സംശയം ജനിപ്പിക്കുകയാണ്
ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് സന്നാഹ മത്സരങ്ങളോടെ ഇന്ത്യന്‍ മണ്ണില്‍ തുടക്കമാവുകയാണ്. ഇന്ത്യയിലേക്ക് ടൂര്‍ണമെന്‍റിനായി എത്തിയ ടീമുകള്‍ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ടീം ഇന്ത്യയുടെ ബന്ധവൈരികള്‍ എന്ന വിശേഷണം പേറുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനാണ് ഏറ്റവും വലിയ സ്വീകരണം ലഭിച്ചത് എന്ന സവിശേഷതയുണ്ട്. ഹൈദരാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ പാകിസ്ഥാന്‍ ടീമിന് ആവേശ സ്വീകരണം ലഭിച്ചപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോ സംശയം ജനിപ്പിക്കുകയാണ്. 'പാകിസ്ഥാന്‍ മൂര്‍ദാബാദ്' മുദ്രാവാക്യം വിളികള്‍ പാക് ടീമിനെതിരെ ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ ആരാധകരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നു എന്നാണ് പ്രചാരണം. ഇങ്ങനെ സംഭവിച്ചോ?
പ്രചാരണം
കനത്ത സുരക്ഷയ്ക്കിടയില്‍ ക്രിക്കറ്റ് പ്രേമികളുടെ വലിയ സ്വീകരണമാണ് പാകിസ്ഥാന് ക്രിക്കറ്റ് ടീമിന് ഹൈദരാബാദില്‍ ലഭിച്ചത്. ലോകകപ്പില്‍ മാറ്റുരയ്ക്കാന്‍ വന്ന പാക് ടീമിനെ ആവേശപൂര്‍വം ആരാധകര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചതിന്‍റെ നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങിയിരുന്നു. ഇതിനിടെ തുടര്‍ച്ചയായി പാകിസ്ഥാന്‍ മൂര്‍ദാബാദ് മുദ്രാവാക്യം ഉയര്‍ന്നോ ഇന്ത്യന്‍ ആരാധകരുടെ ഭാഗത്ത് നിന്ന്. പാക് ടീം വിമാനത്താവളത്തിന് പുറത്തേക്ക് വരിവരിയായി വരുമ്പോള്‍ പാകിസ്ഥാന്‍ മൂര്‍ദാബാദ് മുദ്രാവാക്യം വിമാനത്താവളത്തില്‍ ആരാധകരുടെ ഭാഗത്ത് നിന്നുയര്‍ന്നു എന്നാണ് വീഡിയോ ട്വിറ്ററില്‍ (എക്‌സ്) പങ്കുവെച്ചുകൊണ്ട് അഭിഷേക് എന്ന യൂസര്‍ കുറിച്ചത്. ഇതിനകം അമ്പതിനായിരത്തോളം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
കാണാം വീഡിയോ
വസ്‌തുത
എന്നാല്‍ ട്വീറ്റില്‍ പറയുന്നത് പോലെയല്ല വീഡിയോയുടെ വസ്‌തുത എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്‌തുതാ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പാക് നായകന്‍ ബാബര്‍ അസം ചിരിച്ചുകൊണ്ട് ആരാധകരെ അഭിവാദ്യം ചെയ്യുന്നത് കാണാം. അതിനാല്‍തന്നെ പ്രകോപനപരമായ മുദ്രാവാക്യം വിളികളോടല്ല ബാബര്‍ കൈ ഉയര്‍ത്തിക്കാണിച്ച് പ്രതികരിച്ചത് എന്ന സംശയം ബലപ്പെട്ടു. ഇക്കാര്യം ഉറപ്പിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പാക് ടീമിന് ലഭിച്ച സ്വീകരണത്തിന്‍റെ വീഡിയോ പങ്കുവെച്ചത് നിരീക്ഷിച്ചു. എന്നാല്‍ എഎന്‍ഐ സെപ്റ്റംബര്‍ 27ന് ട്വീറ്റ് ചെയ്ത വീഡിയോയില്‍ ഒരിടത്തും മൂര്‍ദാബാദ് വിളികള്‍ കേള്‍ക്കുന്നില്ല. 'ബാബര്‍ ഭായ്' എന്ന് ആരാധകര്‍ വിളിക്കുമ്പോഴാണ് ബാബര്‍ കൈയുയര്‍ത്തി അഭിവാദ്യം ചെയ്യുന്നത് എന്ന് വീഡിയോയില്‍ കാണാം. മറ്റ് പാക് താരങ്ങളുടെ പേരുകളും ആരാധകര്‍ വിളിക്കുന്നുണ്ട്. ഇതിലൊരിടത്തും പ്രകോപനപരമായ ഒരു മുദ്രാവാക്യം പോലും കണ്ടെത്താനായില്ല.
വീഡിയോയുടെ പൂര്‍ണരൂപം
ഹൈദരാബാദിലെ സ്വീകരണത്തിനിടയില്‍ ഏതെങ്കിലും തരത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളികള്‍ ഇന്ത്യന്‍ ആരാധകരുടെ ഭാഗത്ത് നിന്നുയര്‍ന്നിരുന്നോ എന്ന് ഉറപ്പിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലും പരിശോധിച്ചു. ഹൈദരാബാദില്‍ വന്നിറങ്ങിയതിന്‍റെ മൂന്ന് മിനുറ്റോളം ദൈര്‍ഘ്യമുള്ള വിശദമായ വീഡിയോ പാക് ടീം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പാക് താരങ്ങളെ പേര് വിളിച്ച് ആരാധകര്‍ വരവേല്‍ക്കുന്നത് ഈ ദൃശ്യങ്ങളിലും കാണാം. ബാബറും സംഘവും വിമാനത്താവളത്തിന് പുറത്തേക്ക് നടന്നുവരുന്നത് ഈ വീഡിയോയിലുമുണ്ട്. ഇന്ത്യന്‍ മണ്ണില്‍ ഗംഭീര സ്വീകരണം ലഭിച്ചു എന്ന കുറിപ്പോടെയാണ് പാക് ടീം വീഡിയോ പങ്കുവെച്ചിരിക്കുന്നത് എന്നതും വ്യാജ പ്രചാരണങ്ങള്‍ പൊളിച്ചടുക്കുന്നു. ബാബര്‍ അസമടക്കമുള്ളവരെ പേരെടുത്ത് വിളിച്ച് ആരാധകര്‍ വരവേല്‍ക്കുന്നതിന്‍റെ വീഡിയോയില്‍ പാക് മൂര്‍ദാബാദ് എന്ന ഓഡിയോ എഡിറ്റ് ചെയ്താണ് വൈറല്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നതെന്ന് അനുമാനിക്കാം.
പാക് ടീം പങ്കുവെച്ച വീഡിയോ
നിഗമനം
ലോകകപ്പിനായി എത്തിയ ടീമിന് ഇന്ത്യയില്‍ ഉജ്വല സ്വീകരണമാണ് ലഭിച്ചത് എന്ന് പാക് നായകന്‍ ബാബര്‍ അസം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം സഹിതം സന്തോഷം പ്രകടിപ്പിച്ചതും കാണാനായി. ഇക്കാരണങ്ങള്‍ എല്ലാം കൊണ്ടുതന്നെ പാക് ടീമിനെ ഹൈദരാബാദില്‍ മൂര്‍ദാബാദ് വിളികളോടെയാണ് ഇന്ത്യന്‍ ആരാധകര്‍ വരവേറ്റത് എന്ന പ്രചാരണം വ്യാജമാണ്. ലോകകപ്പിനായി എത്തിയ പാക് ടീമിന് അവിസ്മരണീയ സ്വീകരണമാണ് ഹൈദരാബാദ് എയര്‍പോര്‍ട്ടിലും ടീം ഹോട്ടലിലും ലഭിച്ചത്. ഗംഭീര സ്വീകരണം ലഭിച്ചതിന്‍റെ സന്തോഷം പാക് ടീമിന്‍റെ പ്രതികരണത്തിലും കാണാം.
ബാബര്‍ അസമിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി- സ്ക്രീന്‍ഷോട്ട്
Read more: രജനികാന്ത് വരുന്നു, ഷൂട്ടിംഗിനായി തിരുവനന്തപുരത്തെ പ്രധാന റോഡുകള്‍ അടയ്ക്കും? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം