പണമില്ല, വേതനവും പെന്‍ഷനും റെയില്‍വേ തടഞ്ഞുവെക്കും; ചങ്കിടിപ്പിക്കുന്ന പ്രചാരണം സത്യമോ?
റെയില്‍വേയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ജീവനക്കാരുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്‌ത്തുന്ന ഈ വാര്‍ത്ത സത്യമോ
ദില്ലി: രാജ്യത്ത് കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും സമ്പൂര്‍ണമായിട്ടില്ല. അതിനാല്‍തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ റെയില്‍വേ നേരിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പെന്‍ഷനും ജീവനക്കാരുടെ ശമ്പളവും തടഞ്ഞുവെക്കാന്‍ തീരുമാനിച്ചു ഇന്ത്യന്‍ റെയില്‍വേ എന്നൊരു വാര്‍ത്ത പ്രചരിക്കുകയാണ്. റെയില്‍വേയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ജീവനക്കാരുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്‌ത്തുന്ന ഈ വാര്‍ത്ത സത്യമോ?
പ്രചാരണം ഇങ്ങനെ
'സാമ്പത്തിക പ്രതിസന്ധി കാരണം 2020-21 സാമ്പത്തിക വര്‍ഷം പെന്‍ഷനും ജീവനക്കാരുടെ ശമ്പളവും റെയില്‍വേ നല്‍കില്ല' എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രധാനമായും ട്വിറ്ററിലാണ് ഇത്തരം പ്രചാരണങ്ങള്‍ ചൂടുപിടിച്ചിരിക്കുന്നത്.
വസ്‌തുത
എന്നാല്‍, സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം വസ്‌തുത വിരുദ്ധമാണ് എന്ന അറിയിപ്പുമായി രംഗത്തെത്തി പിഐബി ഫാക്‌ട് ചെക്ക്. ശമ്പളവും പെന്‍ഷനും തടഞ്ഞുവെക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിട്ടില്ല എന്നാണ് പിഐബിയുടെ അറിയിപ്പ്.
നിഗമനം
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പെന്‍ഷനും ജീവനക്കാരുടെ ശമ്പളവും ഇന്ത്യന്‍ റെയില്‍വേ തടഞ്ഞുവെക്കുന്നതായുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണ് എന്നാണ് പിഐബി വ്യക്തമാക്കിയിരിക്കുന്നത്.
കൊവിഡ് ലോക്ക് ഡൗണും ട്രെയിന്‍ റദ്ദാക്കലും കാരണം റെയില്‍വേയ്‌ക്ക് യാത്രക്കാരില്‍ നിന്നുള്ള വരുമാന ഇനത്തില്‍ 35,000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഈ നഷ്‌ടം ചരക്കുനീക്കത്തിലൂടെ നികത്താനുള്ള ശ്രമങ്ങളാണ് റെയില്‍വേ അധികൃതര്‍ നടത്തുന്നത് എന്ന വാര്‍ത്തകള്‍ക്കിടെയാണ് പെന്‍ഷനും ശമ്പളവും തടഞ്ഞുവെക്കും എന്ന പ്രചാരണമുണ്ടായിരിക്കുന്നത്.
'റെയില്‍വേയില്‍ 5000ത്തിലേറെ ഒഴിവുകള്‍'; പരസ്യം കണ്ട് അപേക്ഷിക്കേണ്ടതുണ്ടോ?
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...