രാഷ്ട്രപതി ഭവനിലെ സിഖ് സുരക്ഷാ ഗാർഡുകളെ മാറ്റി എന്ന് പ്രചാരണം; പൊളിച്ചടുക്കി ഇന്ത്യന്‍ ആര്‍മി, മുന്നറിയിപ്പ്
പ്രകാശ് കുമാർ ഭിൽ എന്നയാളുടെ വ്യാജ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ഇന്ത്യന്‍ ആര്‍മിയുടെ വിശദീകരണം
ദില്ലി: കാനഡയില്‍ ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ആര്‍മിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നതില്‍ ശക്തമായ പ്രതികരണവുമായി സേന. ഇന്ത്യന്‍ ആര്‍മിക്ക് കളങ്കമുണ്ടാക്കാന്‍ എതിരാളികളാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഇന്ത്യന്‍ ആര്‍മി പ്രതികരിച്ചു. പ്രകാശ് കുമാർ ഭിൽ എന്നയാളുടെ വ്യാജ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ഇന്ത്യന്‍ ആര്‍മിയുടെ വിശദീകരണം.
പ്രചാരണം
സിഖ് നേതാവ് ഹർദീപ് സിംഗിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതോടെ രാജ്യത്തെ സിഖ് സമുദായം രോഷാകുലരാണെന്ന് ദലിത് ഒഫീഷ്യൽ എന്ന ഹാൻഡിൽ നടത്തുന്ന പ്രകാശ് കുമാർ ഭിൽ വ്യാജ വിവരം ട്വീറ്റ് ചെയ്യുകയായിരുന്നു. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സിഖ് സുരക്ഷാ ഗാർഡുകളെ രാഷ്ട്രപതി ഭവനിൽ നിന്ന് നീക്കം ചെയ്തതായും അപേക്ഷിച്ചിട്ടും സിഖ് സൈനികർക്ക് അവധി നൽകുന്നില്ല എന്നും പ്രകാശ് കുമാർ ഭില്ലിന്‍റെ ട്വീറ്റിലുണ്ടായിരുന്നു. (ഭില്ലിന്‍റെ ട്വീറ്റ് ഇപ്പോള്‍ ലഭ്യമല്ല). മറ്റ് നിരവധി ട്വീറ്റുകളും ഇതേ പ്രചാരണവുമായി കാണാം.
ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
'ഇന്ത്യൻ ആർമിയിലെ സൈനികരെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കുകയും വിദ്വേഷം വളർത്തുകയും ചെയ്യുന്ന വ്യാജ സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളില്‍ ശത്രുക്കളായ ഏജന്‍റുമാർ പ്രചരിപ്പിക്കുന്നു. ഇത്തരം വ്യാജ വാർത്തകളിൽ നിന്ന് ജാഗ്രത പാലിക്കുക' എന്ന് ഇന്ത്യന്‍ ആര്‍മി ട്വീറ്റ് ചെയ്തു. വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളണമെന്ന് ആളുകള്‍ കമന്‍റ് രേഖപ്പെടുത്തി ആവശ്യപ്പെടുന്നുണ്ട്. ഹർദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാകാമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാർലമെന്‍റിൽ പ്രസ്താവന നടത്തിയത് വലിയ വിവാദമായിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധം വഷളാവുകയാണ്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെ ഉന്നത കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി.
Read more: ഒരു എലിയെ പിടിക്കാന്‍ റെയില്‍വേ മുടക്കിയത് 41000 രൂപ! ഞെട്ടിച്ച് കണക്ക്- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം