'ജൽപായ്‌ഗുരിയെ ഇളക്കിമറിച്ച്, മമതാ ബാനര്‍ജിയെ വിറപ്പിച്ച് പ്രധാനമന്ത്രിയുടെ റാലി' എന്ന വീഡിയോ യഥാര്‍ഥമോ?
ജൽപായ്ഗുരിയില്‍ ആളുകളെ ഇളക്കിമറിച്ച് പ്രധാനമന്ത്രിയുടെ റാലി എന്ന തലക്കെട്ടിലൊരു വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്
ജൽപായ്ഗുരി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കുകയാണ്. കേരളത്തില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി പലതവണ പരിപാടികളില്‍ പങ്കെടുക്കാനെത്തിയിരുന്നു. ദിവസങ്ങള്‍ മാത്രം മുമ്പ് ചെന്നൈയില്‍ മോദിയുടെ റോഡ് ഷോ നടന്നു. ഈ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയില്‍ പ്രധാനമന്ത്രിയുടെ റാലി എന്ന പേരിലൊരു വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഇതിന്‍റെ വസ്‌തുത മറ്റൊന്നാണ്.
പ്രചാരണം
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൽപായ്ഗുരിയിലെ പ്രസംഗം പശ്ചിമ ബംഗാളിലെ ബിജെപിയുടെ കരുത്ത് കാട്ടുന്നുണ്ട്. മാറ്റത്തിന്‍റെ ഈ ചലനം കണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി അങ്കലാപ്പിലാണ്' എന്നുമുള്ള തലക്കെട്ടോടെയാണ് Siddaram (Modi Ka Parivar എന്ന യൂസര്‍ 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ എക്‌സില്‍ (പഴയ ട്വിറ്റര്‍) 2024 ഏപ്രില്‍ ഏഴാം തിയതി പങ്കുവെച്ചിരിക്കുന്നത്. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പൊതുയോഗത്തിന്‍റെ വീഡിയോയാണിത് എന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഏറെ ബിജെപി പതാകകളും ആളുകളെ കൈവീശി അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വീഡിയോയില്‍ കാണാം.
വസ്‌തുത
എന്നാല്‍ ഈ വീഡിയോയുടെ വസ്‌തുത മറ്റൊന്നാണ്. വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഏപ്രില്‍ ഏഴാം തിയതി മോദി ജൽപായ്ഗുരിയിലെ റാലിയില്‍ പങ്കെടുത്തിരുന്നെങ്കിലും ആ പരിപാടിയുടെ ദൃശ്യമല്ല ഇത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. 2019ല്‍ കൊല്‍ക്കത്തയില്‍ നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയുടെ ദൃശ്യങ്ങളാണിത്. 2019 ഏപ്രില്‍ 3ന് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നതാണ്. ഇതേ ദിവസം നരേന്ദ്ര മോദിയുടെ വെബ്‌സൈറ്റിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും വീഡിയോ പങ്കുവെച്ചിരുന്നു എന്ന് കാണാം. കൊല്‍ക്കത്തിയിലെ റാലിയുടെ ദൃശ്യമാണിത് എന്ന് ട്വിറ്ററിലെ കുറിപ്പില്‍ നല്‍കിയിട്ടുണ്ട്.
നിഗമനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൽപായ്ഗുരിയിലെ റാലിയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ 2019ലേതും കൊല്‍ക്കത്തയില്‍ നിന്നുള്ളതുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം