മോദിയുടെ കോലം കത്തിക്കുന്നതിനിടെ കോണ്‍ഗ്രസുകാരുടെ മുണ്ടിന് തീപ്പിടിച്ചു എന്ന പ്രചാരണം വ്യാജം- Fact Check

പത്തനംതിട്ടയില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ കോലം കത്തിക്കുന്നതിനിടെ മുണ്ടിന് തീപ്പിടിച്ച പഴയ വീഡിയോ തെറ്റായി പ്രചരിക്കുന്നു

Fact Check old video of burning effigy from Kerala sharing as happended in Karnataka

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 പുരോഗമിക്കേ സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് പ്രചരിക്കുന്നത്. ഇവയില്‍ ഏതൊക്കെയാണ് സത്യമെന്നും കള്ളമെന്നും കണ്ടെത്തുക പൊതുജനങ്ങള്‍ക്ക് വളരെ പ്രയാസമാണ്. അങ്ങനെയൊരു വീഡിയോയുടെ വസ്‌തുത പരിശോധിക്കാം.

പ്രചാരണം

'കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമ്പോള്‍ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീപ്പിടിച്ചു. മോദിയുടെ കോലം പോലും അവരെ പാഠം പഠിപ്പിക്കുകയാണ്. ഇതാണ് മോദിയുടെ പവര്‍' എന്നുമുള്ള തലക്കെട്ടോടെയാണ് 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. നീല പതാകകള്‍ കയ്യിലേന്തി നിരവധിയാളുകള്‍ ജാഥ നടത്തി വരുന്നതും നിലത്തിട്ട് കോലം കത്തിക്കുന്നതിനിടെ വസ്ത്രങ്ങളിലേക്ക് തീ പടരുന്നതുമാണ് വീഡിയോയിലുള്ളത്. 

Fact Check old video of burning effigy from Kerala sharing as happended in Karnataka

വസ്‌തുത

എന്നാല്‍ വീഡിയോ ട്വീറ്റ് ചെയ്‌തയാള്‍ പറയുന്നത് പോലെ കര്‍ണാടകയില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ അല്ല ഇത്. 11 വര്‍ഷം മുമ്പ് കേരളത്തിലെ പത്തനംതിട്ടയില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ കോലം കത്തിക്കുമ്പോള്‍ പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ക്ക് തീപ്പിടിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങളാണിത്. 

2012 ജൂലൈ നാലിന് ഏഷ്യാനെറ്റ് ന്യൂസ് ഈ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തിരുന്നു. വീഡിയോ ദൃശ്യങ്ങളില്‍ കാണുന്ന പതാക കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി സംഘടനയായ കെഎസ്‌യുവിന്‍റെതാണ്. എംജി സര്‍വകലാശാല വൈസ് ചാന്‍സലറുടെ കോലമാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ കത്തിച്ചത്. പ്രവര്‍ത്തകരിലൊരാള്‍ കോലത്തിലേക്ക് പെട്രോള്‍ ഒഴിക്കുന്നതിനിടെ മറ്റൊരാള്‍ അശ്രദ്ധയോടെ തീകൊടുത്തതോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പൊള്ളലേറ്റിരുന്നു. 

നിഗമനം

കര്‍ണാടകയില്‍ മോദിയുടെ കോലം കത്തിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീപ്പിടിച്ചു എന്ന വീഡിയോ പ്രചാരണം വ്യാജമാണ്. കേരളത്തില്‍ നിന്നുള്ള 2012ലെ വീഡിയോയാണിത്. എംജി സര്‍വകലാശാല വിസിയുടെ കോലം അന്ന് കത്തിച്ചത് കെഎസ്‌യു പ്രവര്‍ത്തകരായിരുന്നു. 

Read more: നടി സായ് പല്ലവി മുസ്ലീമാണ് എന്ന തരത്തില്‍ പ്രചാരണങ്ങള്‍; ചിത്രങ്ങളുടെ വസ്‍തുത എന്ത്? Fact Check

Latest Videos
Follow Us:
Download App:
  • android
  • ios