എല്ലാം തകര്‍ന്നടിയുന്ന കാഴ്‌ച; ഇത് മൊറോക്കന്‍ ഭൂകമ്പത്തിന്‍റെ ഭീതിജനകമായ ദൃശ്യങ്ങളോ- Fact Check
മൊറോക്കോയിലെ മറകേഷ് പ്രദേശത്ത് 6.8 പ്രഹരശേഷിയുള്ള ഭൂകമ്പമുണ്ടായി എന്ന തലക്കെട്ടിലാണ് 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സാഹിദ് ഹസന്‍ എന്നയാള്‍ എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ചിരിക്കുന്നത്
റാബത്ത്: അടുത്തിടെ ലോകത്തെ വിറപ്പിച്ച പ്രകൃതിദുരന്തങ്ങളിലൊന്നായിരുന്നു മൊറോക്കോയിലെ ഭൂകമ്പം. രണ്ടാഴ്‌ച മുമ്പുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ ഞെട്ടല്‍ മൊറോക്കന്‍ ജനതയെ വിട്ടൊഴിഞ്ഞിട്ടില്ല. മൂവായിരത്തോളാം പേരാണ് ഇതിനകം മരണപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. സാധാരണ ജീവിതം വിദൂരമെങ്കിലും കരകയറാനുള്ള ശ്രമങ്ങള്‍ക്കിടെ മൊറോക്കന്‍ ഭൂകമ്പത്തിന്‍റേത് എന്ന അവകാശവാദത്തോടെ ഒരു വീഡിയോ പ്രചരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍. എത്രത്തോളം ഭീകരമാണ് മൊറോക്കോയെ തകര്‍ത്തെറിഞ്ഞ 6.8 പ്രഹരശേഷിയുള്ള ഭൂകമ്പം എന്ന് വ്യക്തമാക്കുന്നതാണ് ഈ കാഴ്‌ചകള്‍ എന്ന് വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ പറയുന്നു.
പ്രചാരണം
മൊറോക്കോയിലെ മറകേഷ് പ്രദേശത്ത് 6.8 പ്രഹരശേഷിയുള്ള ഭൂകമ്പമുണ്ടായി എന്ന തലക്കെട്ടിലാണ് 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സാഹിദ് ഹസന്‍ എന്നയാള്‍ എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ചിരിക്കുന്നത്. ഭൂകമ്പത്തില്‍ കെട്ടിടത്തിനകം കുലുങ്ങുന്നതും സാധനങ്ങളെല്ലാം താഴെ വീഴുന്നതുമാണ് വീഡിയോ. ഇതിനകം ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞ ഈ വീഡിയോയുടെ കമന്‍റ് ബോക്‌സില്‍ ഏറെപ്പര്‍ സങ്കടം പങ്കുവെച്ചിട്ടുണ്ട്. അതേസമയം വീഡിയോ പഴയതാണ് എന്നും വ്യാജമാണെന്നും പറയുന്നവരേയും കമന്‍റ് ബോക്‌സില്‍ കാണാം. അതിനാല്‍ ഈ ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം എന്താണെന്ന് പരിശോധനയ്‌ക്ക് വിധേയമാക്കി.
വസ്‌തുത
സാഹിദ് ഹസന്‍റെ ട്വീറ്റിലെ കമന്‍റുകള്‍ പരിശോധിച്ചപ്പോള്‍ വീഡിയോ പഴയതാണെന്നും ജപ്പാനില്‍ നിന്നുള്ളതാണെന്നും സൂചന കിട്ടി. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വീഡിയോ പഴയതാണ് എന്ന് ബോധ്യപ്പെട്ടു. 2022 ജനുവരി 21ന് ഈ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത നല്‍കിയത് കണ്ടെത്താനായി. ഇതോടെ മൊറോക്കന്‍ ഭൂകമ്പത്തിന്‍റെ ദൃശ്യമല്ല പ്രചരിക്കുന്നതെന്നും വീഡിയോ പഴയതാണെന്നും ഉറപ്പായി.
വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
അപ്പോള്‍ എവിടെ നിന്നാണ് ഈ വീഡിയോയുടെ ഉറവിടം എന്ന് കണ്ടെത്താന്‍ ശ്രമിച്ചു. 2022 ജനുവരി 21ന് സമാന വീഡിയോ ട്വിറ്ററില്‍ മറ്റൊരാള്‍ പോസ്റ്റ് ചെയ്‌തിട്ടുള്ളതാണ് എന്ന് മനസിലാക്കി. ജപ്പാനില്‍ നിന്നുള്ള വീഡിയോയാണിത് എന്ന് ടൈറ്റില്‍ പറയുന്നുണ്ട്.
വീഡിയോ യൂട്യൂബിലും
എക്‌സില്‍ ഇപ്പോള്‍ പ്രചരിക്കുന്നതായി കണ്ട വീഡിയോയുടെ ഒരു ഫ്രയിം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ഈ ദൃശ്യം യൂട്യൂബിലും പ്രചരിക്കുന്നതാണ് എന്ന് കണ്ടെത്തി. മൊറോക്കോയിലെ ഭൂകമ്പം എന്നാണ് യൂട്യൂബ് വീഡിയോയുടേയും തലക്കെട്ട്. എന്നാല്‍ മൊറോക്കോയിലെ ഭൂകമ്പത്തിന്‍റേത് എന്ന പേരില്‍ പ്രചരിക്കുന്നത് പഴയതും ജപ്പാനില്‍ നിന്നുള്ളതുമായ വീഡിയോയാണ് എന്ന് ഉറപ്പിക്കാം.
യൂട്യൂബ് വീഡിയോയുടെ സ്ക്രീന്‍ഷോട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം