ഉരുള്‍പൊട്ടല്‍ ദുരന്ത സ്ഥലം സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ കുറിച്ച് വ്യാജ പ്രചാരണം- Fact Check
'ഉരുൾപൊട്ടലിൽ ജീവനും സ്വത്തും നഷ്‌ടപെട്ട ഹതഭാഗ്യരുടെ കണ്ണുനീരൊപ്പുന്ന രാഹുൽ ജി' എന്ന കുറിപ്പോടെയാണ് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ
മേപ്പാടി: വയനാട്ടിലെ മേപ്പാടിക്കടുത്ത മുണ്ടക്കൈയില്‍ 2024 ജൂലൈ 30ന് പുലര്‍ച്ചെയുണ്ടായ കനത്ത ഉരുള്‍പൊട്ടല്‍ രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തമായിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരെ ആശ്വസിപ്പിക്കാന്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയിരുന്നു. മുണ്ടക്കൈ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഒരു റസ്റ്റോറന്‍റില്‍ കയറുകയും അവിടെയുള്ള തൊഴിലാളികളെ കണ്ട് കുശലം പറയുകയും ചെയ്തു എന്ന തരത്തിലൊരു വീഡിയോ ഫേസ്‌ബുക്കില്‍ വ്യാപകമാണ്. എന്താണ് ഇതിന്‍റെ വസ്‌തുത?
പ്രചാരണം
'ഉരുൾപൊട്ടലിൽ ജീവനും സ്വത്തും നഷ്‌ടപെട്ട ഹതഭാഗ്യരുടെ കണ്ണുനീരൊപ്പുന്ന രാഹുൽ ജി' എന്ന കുറിപ്പോടെയാണ് 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ നിരവധിയാളുകള്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 'ഉരുള്‍പൊട്ടല്‍ നടന്നത് കാണാന്‍ വന്നതാണേ' എന്ന ഗ്രാഫിക്‌സ് എഴുത്ത് വീഡിയോയിലും കാണാം. രാഹുല്‍ ഗാന്ധി ഒരു റസ്റ്റോറന്‍റില്‍ പ്രവേശിക്കുന്നതും അവിടെയുള്ള തൊഴിലാളികളെ പരിചയപ്പെടുന്നതും കുശലം പങ്കിടുന്നതുമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം സംഭവിച്ചതിന് ശേഷമുള്ള രാഹുലിന്‍റെ വയനാട് സന്ദര്‍ശനത്തില്‍ നിന്നുള്ളതോ എന്ന് പരിശോധിക്കാം.
വസ്‌തുത
2024 ഓഗസ്റ്റ് ആദ്യത്തെ രാഹുല്‍ ഗാന്ധിയുടെ മുണ്ടക്കൈ സന്ദര്‍ശനത്തില്‍ നിന്നുള്ളതല്ല ഈ വീഡിയോ. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലെ രാഹുലിന്‍റെ കേരള സന്ദര്‍ശനത്തിനിടെ പകര്‍ത്തിയതാണ്. വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി താമരശേരിയിലെ വൈറ്റ് ഹൗസ് റസ്റ്റോറന്‍റില്‍ വച്ച് ഉച്ചഭക്ഷണം കഴിച്ചതായുള്ള വിവരണത്തോടെ സമാന വീഡിയോ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് 2024 ജൂണ്‍ 12ന് ട്വീറ്റ് ചെയ്‌തതാണ് എന്ന് ചുവടെ കാണാം.
നിഗമനം
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈയിലെ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഒരു റസ്റ്റോറന്‍റില്‍ കയറിയെന്ന തരത്തിലുള്ള വീഡിയോ പ്രചാരണം വ്യാജമാണ്. രാഹുല്‍ ഗാന്ധിയുടെ രണ്ട് മാസം മുമ്പുള്ള വയനാട് സന്ദര്‍ശനത്തിനിടെ പകര്‍ത്തിയ വീഡിയോയാണ് തെറ്റായ തലക്കെട്ടില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.