യുപിയില്‍ ക്രിസ്ത്യാനിക്ക് നേരെ ഇരുമ്പ് ദണ്ഡുകളുമായി ആള്‍ക്കൂട്ട ആക്രമണമോ; വീഡിയോയുടെ സത്യമെന്ത്? Fact check

മധ്യ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന അതിക്രമം എന്ന വിവരണത്തോടെയാണ് ദൃശ്യം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്

Fact Check of video shows a Christian man in Uttar Pradesh being beaten up

രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങളുടെ വാര്‍ത്ത ഇപ്പോള്‍ പുതുമയല്ല. ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നതിന്‍റെ അനവധി ഹൃദയഭേദകമായ വാര്‍ത്തകള്‍ നാം കണ്ടിട്ടുണ്ട്. ഇതേ തരത്തില്‍ ഒരു ആള്‍ക്കൂട്ട മര്‍ദനത്തിന്‍റെ വിവരം സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ പ്രചരിക്കുകയാണ്. ഇതിന്‍റെ വസ്‌തുത പക്ഷേ മറ്റൊന്നാണ്. 

പ്രചാരണം

മധ്യ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന അതിക്രമം എന്ന വിവരണത്തോടെയാണ് വീഡിയോ ഫേസ്‌ബുക്കില്‍ 2024 മാര്‍ച്ച് 10-ാം തിയതി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് ദാരുണ സംഭവം നടന്നത് എന്നും പോസ്റ്റിലുണ്ട്. ഒരാളെ നിരവധി പേര്‍ ചുറ്റും കൂടി നിന്ന് ഇരുമ്പ് വടികളുമായി ക്രൂരമായി ആക്രമിക്കുന്നതാണ് ഒരു മിനുറ്റും 27 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണുന്നത്. ആക്രമണത്തിന് ഇരയാകുന്നയാള്‍ വേദന കൊണ്ട് നിലവിളിക്കുന്നതും മര്‍ദിക്കരുത് എന്ന് കേണപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. 

NB: അതിക്രൂരമായ ദൃശ്യങ്ങള്‍ വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിക്കുന്നില്ല, പകരം സ്ക്രീന്‍ഷോട്ട് ചേര്‍ക്കുന്നു

Fact Check of video shows a Christian man in Uttar Pradesh being beaten up

വസ്തുത 

ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് രണ്ട് വസ്‌തുതകളാണ് പ്രധാനമായും മനസിലാക്കാനുള്ളത്. 1- ഈ വീഡിയോ ഉത്തര്‍പ്രദേശില്‍ നിന്നുള്ളതല്ല. 2- വീഡിയോ പഴയതും 2023ലേതുമാണ്.

വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വീഡിയോ സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ ലഭിച്ചു. എന്നാല്‍ ഈ വാര്‍ത്തകളില്‍ ഒരിടത്തും ഇതൊരു വര്‍ഗീയ പ്രശ്‌നമാണ് എന്ന് പറയുന്നില്ല. പഞ്ചാബിലെ സാംഗ്രൂരില്‍ വച്ച് മുപ്പത്തിയേഴ് വയസുകാരനായ സോനു കുമാര്‍ എന്നയാളെ ആറ് പേര്‍ ചേര്‍ന്ന് മര്‍ദിച്ചതായാണ് വാര്‍ത്തകളില്‍ പറയുന്നത്. സംഭവത്തെ കുറിച്ച് ഇന്ത്യന്‍ എക്‌സ്‌പ്രസ്, ന്യൂസ് 18, പഞ്ചാബ് കേസരി എന്നീ മാധ്യമങ്ങള്‍ 2023 ഫെബ്രുവരിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്ന് വാര്‍ത്തകളിലുണ്ട്.

ഇന്ത്യന്‍ എക്‌സ്‌പ്രസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

Fact Check of video shows a Christian man in Uttar Pradesh being beaten up

നിഗമനം

പഞ്ചാബില്‍ വച്ച് സോനു കുമാര്‍ എന്ന വ്യക്തി ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായതിന്‍റെ വീഡിയോയാണ് ഉത്തര്‍പ്രദേശില്‍ മര്‍ദനത്തിന് വിധേയനായ ക്രിസ്ത്യന്‍ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നത് എന്നതാണ് സത്യം. 

Read more: സിപിഎം നേതാവ് മണിക് സര്‍ക്കാരിന്‍റെ മക്കള്‍ ബിജെപിയില്‍ ചേര്‍ന്നതായി ചിത്രം വ്യാപകം; സത്യമെന്ത്? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios