ചൈനീസ് സര്‍ക്കാര്‍ മുസ്ലീം പള്ളി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തോ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നില്‍
'ചൈനയില്‍ മറ്റൊരു മോസ്ക് കൂടി തകര്‍ത്തിരിക്കുന്നു, പകല്‍വെട്ടത്തിലാണ് ഈ പൊളിക്കല്‍ നടന്നത്' എന്നാണ് പോസ്റ്റുകള്‍
ചൈനയില്‍ മുസ്ലീം പള്ളി സര്‍ക്കാര്‍ ഇടിച്ചുതകര്‍ത്തോ? സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് ചൈനീസ് സര്‍ക്കാര്‍ ഒരു മോസ്ക് തകര്‍ത്തതായി പ്രചാരണമുള്ളത്. വീഡിയോ വ്യാപകമായി എക്സില്‍ (പഴയ ട്വിറ്റര്‍) പ്രചരിക്കുന്നതിനാല്‍ വസ്തുത എന്താണ് എന്ന് നോക്കാം.
പ്രചാരണം
'ചൈനയില്‍ മറ്റൊരു മോസ്ക് കൂടി തകര്‍ത്തിരിക്കുന്നു. പകല്‍വെട്ടത്തിലാണ് ഈ പൊളിക്കല്‍ നടന്നത്. ചൈനീസ് സര്‍ക്കാരിന്‍റെ ഈ നടപടിക്കെതിരെ ആംനെസ്റ്റി ഇന്‍റര്‍നാഷണലോ അര്‍ഫാ റാണ സാബയോ പ്രതിഷേധം അറിയിക്കുന്നില്ല' എന്നുമാണ് അലോക് എന്ന ട്വിറ്റര്‍ യൂസര്‍ 2024 ഫെബ്രുവരി എട്ടിന് പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത്. മൂന്ന് സെക്കന്‍ഡ് മാത്രമാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. ചൈനയില്‍ മുമ്പും മുസ്ലീം പള്ളികള്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കിയതായി വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് പുതിയ വീഡിയോയും എത്തിയിരിക്കുന്നത്. 800 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചതായി 2019ലും 2022ലും 2023ലും ദൃശ്യങ്ങള്‍ എക്സില്‍ വൈറലായിരുന്നു.
വസ്തുതാ പരിശോധന
ചൈനീസ് സര്‍ക്കാര്‍ ഇപ്പോള്‍ മോസ്ക് പൊളിച്ചതായി പ്രചരിക്കുന്ന വീഡിയോ സത്യമാണോ എന്നറിയാന്‍ ദൃശ്യങ്ങളുടെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കുകയാണ് ആദ്യം ചെയ്തത്. റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ ഒരു തുര്‍ക്കി ഓണ്‍ലൈന്‍ മാധ്യമം 2023 ഫെബ്രുവരി 26ന് പ്രസിദ്ധീകരിച്ച വാര്‍ത്ത കാണാനായി. ട്രാന്‍സ്‌ലേറ്ററിന്‍റെ സഹായത്തോടെ ഈ വാര്‍ത്ത വായിച്ചപ്പോള്‍ മനസിലായത് തുര്‍ക്കിയിലെ അഡാനയില്‍ ഭൂകമ്പത്തില്‍ മിനാരത്തിന് കേടുപാട് സംഭവിച്ച പള്ളി നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ നടത്തിയ ശ്രമം പാളിയെന്നും ആളുകള്‍ക്ക് പരിക്കേറ്റു എന്നുമാണ്.
ഇതോടൊപ്പം ലഭിച്ച മറ്റൊരു ട്വീറ്റില്‍ ഈ നിയന്ത്രിത സ്ഫോടനത്തിന്‍റെ പൂര്‍ണ വീഡിയോ ലഭ്യമായി. ഈ ട്വീറ്റും 2023 സെപ്റ്റംബര്‍ 26ന് ചെയ്തിട്ടുള്ളതാണ്. നിയന്ത്രിത സ്ഫോടനത്തിന് നേതൃത്വം നല്‍കിയ സൂപ്പര്‍വൈസര്‍ക്ക് പരിക്കേറ്റു എന്ന് ട്വീറ്റില്‍ വിശദീകരിക്കുന്നു.
നിഗമനം
ചൈനീസ് സര്‍ക്കാര്‍ മോസ്ക് പൊളിച്ചതായി പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. തുര്‍ക്കിയില്‍ 2023ല്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പള്ളി പൊളിച്ചതിന്‍റെ ദൃശ്യമാണിത്.
Read more: 'വാരാം കൈനിറയെ പണം, 823 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഫെബ്രുവരി'; സന്ദേശം സത്യമോ? Fact Check