അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മം; ജനുവരി 22ന് ഇസ്രയേലിലും പൊതു അവധിയോ?
ഇസ്രയേല്‍ അന്നേദിനം അവധി പ്രഖ്യാപിച്ചതായി സാമൂഹ്യമാധ്യമങ്ങളിലാണ് മെസേജുകള്‍ പരക്കുന്നത്
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ 2024 ജനുവരി 22ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളും അന്നേദിനം പൊതു അവധി നല്‍കിക്കഴിഞ്ഞു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും തിങ്കളാഴ്ച പ്രവർത്തിക്കില്ലെന്ന് ആർബിഐയും വ്യക്തമാക്കി. ഇതിന് പിന്നാലെ ഇസ്രയേലും ജനുവരി 22-ാം തിയതി പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണോ? ഇസ്രയേല്‍ അന്നേദിനം അവധി പ്രഖ്യാപിച്ചതായി സാമൂഹ്യമാധ്യമങ്ങളിലാണ് മെസേജുകള്‍ പരക്കുന്നത്.
പ്രചാരണം
2024 ജനുവരി 22ന് ഇസ്രയേല്‍ പൊതു അവധി പ്രഖ്യാപിച്ചു എന്നാണ് ഫേസ്ബുക്കിലെ ഒരു പോസ്റ്റില്‍ പറയുന്നത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇസ്രയേല്‍ എന്നതിനാല്‍ പലരും ഈ സന്ദേശം വിശ്വസിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. ജനുവരി 22-ാം തിയതി ഇസ്രയേലില്‍ പൊതു അവധിയാണ് എന്ന തരത്തില്‍ അനവധി സന്ദേശങ്ങള്‍ വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ കാണാം. ഈ സാഹചര്യത്തില്‍ ഇതിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം.
വസ്തുതാ പരിശോധന
എന്നാല്‍ 2024 ജനുവരി 22-ാം തിയതി അയോധ്യ ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇസ്രയേല്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ കീവേഡ് സെര്‍ച്ച് നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ത്യയിലെ ഇസ്രയേല്‍ എംബസിയുടെ എക്സ് ഹാന്‍ഡില്‍ പരിശോധിച്ചപ്പോള്‍ അവിടെയും ഇസ്രയേലിലെ അവധി സംബന്ധിച്ച് അറിയിപ്പുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മ ദിനമായ ജനുവരി 22ന് ഇസ്രയേലില്‍ പൊതു അവധിയാണ് എന്ന പ്രചാരണം വിവിധ ഫാക്ട് ചെക്ക് വെബ്സൈറ്റുകളും തള്ളിക്കളഞ്ഞിട്ടുണ്ട്.
അയോധ്യ രാമക്ഷേത്രത്തിന് നടന്‍ പ്രഭാസ് 50 കോടി രൂപ നല്‍കിയോ? സത്യമിത്
നിഗമനം
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം പ്രമാണിച്ച് 2024 ജനുവരി 22ന് ഇസ്രയേലില്‍ പൊതു അവധി പ്രഖ്യാപിച്ചതായുള്ള സോഷ്യല്‍ മീഡിയയിലെ പ്രചാരണം വ്യാജമാണ്.
Read more: കണ്ണഞ്ചിപ്പിക്കുന്ന ഈ വീഡിയോ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെയോ? വസ്‌തുത അറിയാം