ബിജെപിക്ക് തുരുതുരാ അഞ്ച് വോട്ടുകള്‍ ചെയ്‌ത് ഒരേ ആള്‍ എന്ന് പ്രചാരണം, ഇവിഎം തട്ടിപ്പ് വീഡിയോയോ ഇത്?
ബിജെപി സ്ഥാനാര്‍ഥിക്ക് തുടര്‍ച്ചയായി അഞ്ച് വോട്ടുകള്‍ ഒരാള്‍ ചെയ്തു എന്നാണ് പ്രചാരണം
ഗുവാഹത്തി: രാജ്യത്ത് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തും സജീവമാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും ഇവിഎം തിരിമറി തള്ളിക്കളഞ്ഞ വിഷയമാണെങ്കിലും ഇപ്പോഴും വോട്ടിംഗ് മെഷീന്‍ തട്ടിപ്പിനെ കുറിച്ചുള്ള പരാതികളും വീഡിയോകളും വ്യാപകമാണ്. ഇതിലൊരു വീഡിയോയുടെ വസ്‌തുത വിശദമായി അറിയാം.
പ്രചാരണം
ഒരേ വ്യക്തി ബിജെപി സ്ഥാനാര്‍ഥിക്ക് തുടര്‍ച്ചയായി അഞ്ച് വോട്ടുകള്‍ ചെയ്യുന്ന വീഡിയോ എന്ന ആരോപണത്തോടെയാണ് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 'ജനാധിപത്യത്തിന്‍റെ അന്ത്യം, അസമിലെ കരിംഗഞ്ച് പാര്‍ലമെന്‍റ് മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥി ക്രിപാനാഥ് മല്ലായ്‌ക്കായി ഒരു സമ്മതിദായകന്‍ അഞ്ച് വോട്ടുകള്‍ ചെയ്യുന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ സാമൂഹ്യമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ വിശദീകരണം നല്‍കുമോ എന്ന ചോദ്യവും ട്വീറ്റിനൊപ്പം കാണാം.
വസ്‌തുത
ബിജെപി സ്ഥാനാര്‍ഥിക്ക് തുടര്‍ച്ചയായി അഞ്ച് വോട്ടുകള്‍ ഒരാള്‍ ചെയ്തു എന്ന പ്രചാരണം വ്യാജമാണ്. കരിംഗഞ്ച് പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഇവിഎം തട്ടിപ്പിനെ കുറിച്ചുള്ള ആരോപണം ജില്ലാ കമ്മീഷണര്‍ നിഷേധിച്ചിരുന്നു. വോട്ടെടുപ്പ് ഔദ്യോഗികമായി തുടങ്ങും മുമ്പുള്ള മോക്ക്‌പോളിന്‍റെ സമയത്ത് പകര്‍ത്തിയ വീഡിയോയാണിത് എന്നാണ് വിശദീകരണം. പ്രിസൈഡിംഗ് ഓഫിസര്‍ അടക്കമുള്ളവരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു എന്നും കരിംഗഞ്ച് ജില്ലാ കമ്മീഷണറുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. മോക്‌പോളില്‍ തുടര്‍ച്ചയായി അഞ്ച് വോട്ടുകള്‍ ചെയ്യുന്നതായി വീഡിയോയില്‍ കാണുന്നത് സ്വതന്ത്ര സ്ഥാനാര്‍ഥിയായ അബ്‌ദുള്‍ ഹമീദിന്‍റെ പോളിംഗ് ഏജന്‍റാണ് എന്നും കമ്മീഷണര്‍ വിശദീകരിക്കുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിനെ കുറിച്ച് പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതും അസത്യവുമാണ് എന്ന് ഇലക്ഷന്‍ കമ്മീഷനും ട്വീറ്റ് ചെയ്‌തിട്ടുണ്ട്. മോക്‌പോളിന്‍റെ വീഡിയോയാണ് വൈറലായത് എന്നാണ് ഇലക്ഷന്‍ കമ്മീഷന്‍റെ വിശദീകരണവും.
Read more: കൊടുംചൂട്, വാഹനങ്ങളില്‍ പെട്രോള്‍ ടാങ്ക് ഫുള്ളാക്കിയാല്‍ അപകടമോ? അറിയേണ്ടത്- Fact Check