ഫ്ലിപ്‍കാർട്ട് 99 ശതമാനം വിലക്കിഴിവില്‍ സാധനങ്ങള്‍ വില്‍ക്കുന്നോ? സത്യമിത്
ഉത്പന്നങ്ങള്‍ 99 ശതമാനം വിലക്കുറവോടെ വില്‍ക്കുന്നു എന്ന അവകാശവാദമാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കാണുന്നത്
ഫ്ലിപ്‍കാർട്ട് ഉള്‍പ്പടെയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വമ്പന്‍ ഫെസ്റ്റിവല്‍ സെയിലാണ് ഈയടുത്ത് നടത്തിയത്. ഇതിനിടെ ഒരു വെബ്സൈറ്റിന്‍റെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 99 ശതമാനം വിലക്കിഴിവില്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ് എന്ന തരത്തിലായിരുന്നു ഈ വെബ്സൈറ്റിന്‍റെ പ്രവർത്തനം. എന്താണ് ഇതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ വസ്തുത എന്ന് നോക്കാം.
പ്രചാരണം
വമ്പന്‍ ഓഫർ സെയില്‍ എന്ന തലക്കെട്ടിലാണ് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. 99 ശതമാനം വിലക്കിഴിവ് ഉത്പന്നങ്ങള്‍ക്ക് ലഭിക്കും എന്ന് പോസ്റ്റുകളില്‍ പറയുന്നു. റിയല്‍മീ 12എക്സ് 5ജി സ്മാർട്ട്ഫോണിന് 99 ശതമാനം കിഴിവുള്ളതായി ഒരു പോസ്റ്റില്‍ അവകാശപ്പെടുന്നു. സമാനമായി സാംസങ് ഗ്യാലക്സി എ55 5ജിക്കും 99 ശതമാനം വിലക്കിഴിലുള്ളതായി പോസ്റ്റുകളില്‍ കാണാം.
വസ്തുത
ഫ്ലിപ്കാർട്ട് 99 ശതമാനം വിലക്കിഴിവില്‍ സാധനങ്ങള്‍ വില്‍ക്കുന്നതായുള്ള സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമാണ്. ഫ്ലിപ്‍കാർട്ടിന്‍റെ എന്ന അവകാശവാദത്തോടെ വ്യാജ വെബ്സൈറ്റ് നിർമിച്ചാണ് തട്ടിപ്പ് നടക്കുന്നത്. flipkart.com എന്നതിന് പകരം exclisivese.live എന്നാണ് വ്യാജ വെബ്സൈറ്റിന്‍റെ യുആർഎല്‍ കാണുന്നത്. ഈ വെബ്സൈറ്റിലെ ബൈ നൗവില്‍ ക്ലിക്ക് ചെയ്താല്‍ പേരും അഡ്രസും ഫോണ്‍ നമ്പറും അടക്കമുള്ള വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെടുന്ന മറ്റൊരു വെബ്സൈറ്റിലേക്കാണ് എത്തുക. ആളുകളുടെ വ്യക്തിവിവരങ്ങള്‍ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ വെബ്സൈറ്റ് എന്ന് ഇതില്‍ നിന്ന് വ്യക്തം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം