ലോക്‌സഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നോ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ഷന്‍ തിയതി പ്രഖ്യാപിച്ചോ? Fact Check
2024 മാര്‍ച്ച് 12-ാം തിയതി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും എന്നാണ് പ്രചരിക്കുന്ന നോട്ടീസില്‍ പറയുന്നത്
ദില്ലി: രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് തിയതികള്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചോ? 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ തിയതികള്‍ പ്രഖ്യാപിച്ചതായി ഒരു പട്ടിക സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഏറെപ്പേര്‍ ഈ വിവരം ഷെയര്‍ ചെയ്യുന്നതിനാല്‍ സത്യമാണോ എന്ന് പരിശോധിക്കാം.
പ്രചാരണം
2024 മാര്‍ച്ച് 12-ാം തിയതി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും എന്നാണ് പ്രചരിക്കുന്ന നോട്ടീസില്‍ പറയുന്നത്. 'നോമിനേഷന്‍ നല്‍കാനുള്ള അവസാന തിയതി മാര്‍ച്ച് 28-ാം തിയതിയാണ്. ഏപ്രില്‍ 19ന് രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കും. മെയ് 22ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. മെയ് 30ന് പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും' നോട്ടീസില്‍ പറയുന്നു.
വസ്‌തുത
എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായിരിക്കുന്ന ഈ നോട്ടീസ് വ്യാജമാണ് എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. 'ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 സംബന്ധിച്ച് വാട്‌സ്ആപ്പില്‍ ഒരു വ്യാജ സന്ദേശം കറങ്ങിനടപ്പുണ്ട്. ഈ സന്ദേശം വ്യാജമാണ്. ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ പൊതുതെരഞ്ഞെടുപ്പ് 2024ന്‍റെ തിയതി പ്രഖ്യാപിച്ചിട്ടില്ല. വാര്‍ത്താസമ്മേളനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് തിയതികള്‍ അറിയിക്കുക' എന്നും കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. സമാന സന്ദേശം മുമ്പും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് തിയതികള്‍ വരും ദിവസങ്ങളില്‍ കമ്മീഷന്‍ പ്രഖ്യാപിക്കും എന്നുറപ്പായിട്ടുണ്ട്.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചതിൽ വിവാദം തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ശേഷിക്കയാണ് 2027 വരെ കാലാവധിയുള്ള അരുണ്‍ ഗോയല്‍ സ്ഥാനം ഇന്നലെ രാജിവെച്ചത്.
Read more: 'കുട്ടികളെ തട്ടിക്കോണ്ടുപോയി അവയവങ്ങള്‍ കവരുന്ന തമിഴ്‌നാട് സംഘം പിടിയില്‍'; വീഡിയോയും സത്യവും