മമതാ ബാനര്‍ജിയുടെ നെറ്റിയിലെ മുറിവ് വ്യാജം? രണ്ട് ചിത്രങ്ങളില്‍ മുറിവ് രണ്ടിടത്തോ- Fact Check
മമതാ ബാനര്‍ജിയുടെ നെറ്റിയുടെ മധ്യത്തില്‍ ആഴത്തില്‍ കാണുന്ന മുറിവ് നെറ്റിയുടെ ഇടത് ഭാഗത്തേക്ക് മാറി എന്ന ആരോപണത്തോടെയാണ് രണ്ട് ചിത്രങ്ങള്‍ എക്‌സില്‍ പ്രചരിക്കുന്നത്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിക്ക് അടുത്തിടെ (2024 മാര്‍ച്ച് 14) വീഴ്‌ചയില്‍ നെറ്റിക്ക് പരിക്കേറ്റിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടിലൂടെ പങ്കുവെച്ചതിന് പിന്നാലെ ഒരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. ഇതിന്‍റെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
മമതാ ബാനര്‍ജിയുടെ നെറ്റിയുടെ മധ്യത്തില്‍ ആഴത്തില്‍ കാണുന്ന മുറിവ് നെറ്റിയുടെ ഇടത് ഭാഗത്തേക്ക് മാറിയോ എന്ന ചോദ്യത്തോടെയാണ് രണ്ട് ചിത്രങ്ങള്‍ എക്‌സില്‍ പ്രചരിക്കുന്നത്. മമതാ ബാനര്‍ജി നെറ്റിയില്‍ നിന്ന് ചോരയൊലിക്കുന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുന്നതിന്‍റെതാണ് ആദ്യ ചിത്രം. എന്നാല്‍ നെറ്റിയുടെ ഇടതുഭാഗത്ത് ബാൻഡേജ് ഒട്ടിച്ച നിലയില്‍ മമതാ മൈക്കില്‍ സംസാരിക്കുന്നതാണ് രണ്ടാമത്തെ ചിത്രം. മമതാ ബാനര്‍ജിയുടെ നെറ്റിയുടെ മധ്യത്തിലുണ്ടായ മുറിവ് വെറും അഭിനയമാണെന്ന് നെറ്റിയുടെ ഇടത് ഭാഗത്തുള്ള ബാൻഡേജ് ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം സത്യമോ?
വസ്‌തുതാ പരിശോധന
മമതാ ബാനര്‍ജിയുടെ രണ്ട് ചിത്രങ്ങളുടെയും സത്യാവസ്ഥ പരിശോധിക്കാന്‍ ആദ്യം തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പരിശോധിക്കുകയാണ് ചെയ്‌തത്. കാരണം, മമതായുടെ നെറ്റിയില്‍ മുറിവേറ്റ വിവരം തൃണമൂല്‍ ഈ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചിരുന്നു. ഈ പരിശോധനയില്‍ 2024 മാര്‍ച്ച് 14ന് പ്രത്യക്ഷപ്പെട്ട ട്വീറ്റ് കാണാനായി. നെറ്റിയുടെ മധ്യഭാഗത്ത് ആഴത്തില്‍ മമതാ ബാനര്‍ജിക്ക് മുറിവേറ്റതായി വ്യക്തമാക്കുന്ന മൂന്ന് ഫോട്ടോകള്‍ ഈ ട്വീറ്റില്‍ കാണാം. ഇവയോട് സാമ്യമുള്ള ചിത്രമാണ് എക്‌സില്‍ പ്രചരിക്കുന്ന ആദ്യ ഫോട്ടോ എന്ന് ഉറപ്പിക്കാം.
അതേസമയം മമതാ ബാനര്‍ജിയുടെ നെറ്റിയുടെ ഇടത് ഭാഗത്ത് ബാൻഡേജ് ഒട്ടിച്ചതായി കാണുന്ന ചിത്രം തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ട്വീറ്റില്‍ കാണാനായില്ല. ഇതോടെ ഫോട്ടോ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഇതില്‍ 2024 ജനുവരി 24ന് ചിത്രം സഹിതം വന്ന ഒരു മാധ്യമവാര്‍ത്ത കണ്ടെത്താനായി. കാര്‍ അപകടത്തില്‍ മമതാ ബാനര്‍ജിക്ക് നെറ്റിയില്‍ നേരിയ പരിക്കേറ്റതിന്‍റെ ചിത്രമാണിത് എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എക്‌സില്‍ പ്രചരിക്കുന്ന രണ്ടാമത്തെ ഫോട്ടോ പഴയതും മമതാ ബാനര്‍ജിക്ക് 2024 മാര്‍ച്ച് 14ന് സംഭവിച്ച വീഴ്ചയ്ക്ക് ശേഷമുള്ള ചിത്രമല്ല എന്നും ഇതോടെ വ്യക്തമായി.
നിഗമനം
മമതാ ബാനര്‍ജിയുടെ നെറ്റിയുടെ മധ്യത്തിലേറ്റ പരിക്ക് ഒറ്റ രാത്രി കൊണ്ട് ഇടത് വശത്തേക്ക് മാറിയതായുള്ള ഫോട്ടോ പ്രചാരണം തെറ്റാണ്. മമതായ്ക്ക് സംഭവിച്ച പഴയ അപകടത്തിന്‍റെ ചിത്രവും ഇപ്പോഴത്തെ മുറിവിന്‍റെ ചിത്രവും ചേര്‍ത്തുവച്ചാണ് വ്യാജ പ്രചാരണം നടക്കുന്നത്.
Read more: വോട്ടിനായി സുരേഷ് ഗോപി പണം നല്‍കുന്നോ? വൈറല്‍ വീഡിയോയുടെ വസ്‌തുത- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം