ബിജെപി ഇതര മുഖ്യമന്ത്രിമാർ ബഹിഷ്ക്കരിച്ച പരിപാടിയിൽ പിണറായി വിജയന്‍ പങ്കെടുത്തോ? ഫോട്ടോയ്ക്ക് പിന്നില്‍
എൻ കെ പ്രേമചന്ദ്രനെ കളിയാക്കാന്‍ സിപിഎമ്മിന് എന്ത് അവകാശം? ബിജെപി മുഖ്യമന്ത്രിമാർക്കൊപ്പമല്ലേ പിണറായി പോസ് ചെയ്യുന്നത്- എന്ന ചോദ്യത്തോടെയാണ് പോസ്റ്റുകള്‍
കൊല്ലത്തെ യുഡിഎഫ് എംപിയും ആർഎസ്പി നേതാവുമായ എൻ കെ പ്രേമചന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നില്‍ പങ്കെടുത്തത് വിവാദമായിരുന്നു. പ്രധാനമന്ത്രി എട്ട് എംപിമാർക്കായി ഒരുക്കിയ പ്രത്യേക വിരുന്നില്‍ കേരളത്തില്‍ നിന്ന് ക്ഷണം കിട്ടിയ ഏകയാളാണ് എൻ കെ പ്രേമചന്ദ്രൻ. മോദിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രനെ കേരളത്തിലെ ഭരണകക്ഷിയായ എല്‍ഡിഎഫിലെ പ്രധാന പാർട്ടിയായ സിപിഎം രൂക്ഷമായി വിമർശിച്ചിരുന്നു. മോദിയുടെ വിരുന്നിലെ എന്‍ കെ പ്രേമചന്ദ്രന്‍റെ സാന്നിധ്യം വിവാദമായതിന്‍റെ പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു ചിത്രം ഫേസ്ബുക്കില്‍ പ്രചരിക്കുകയാണ്. ഇതിന്‍റെ വസ്തുത എന്താണ് എന്ന് പരിശോധിക്കാം.
പ്രചാരണം
കൈപ്പത്തി വിപ്ലവം എന്ന ഫേസ്ബുക്ക് പേജില്‍ 2024 ഫെബ്രുവരി 13ന് പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഇവിടെ ചേർക്കുന്നു. 'ബിജെപി ഇതര മുഖ്യമന്ത്രിമാർ ബഹിഷ്ക്കരിച്ച പരിപാടിയിൽ യോഗി ആതിഥ്യനാഥിനോടും അമിത്ഷായ്ക്കുമൊപ്പം ചിരിച്ചിരിക്കുന്ന ആളിനെ അറിയുമോ ഗയ്സ്'- ഇത്രയുമാണ് എഫ്ബി പോസ്റ്റിലുള്ളത്. പോസ്റ്റിനൊപ്പമുള്ള ചിത്രത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പിണറായി വിജയന്‍, യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള മുഖ്യന്ത്രിമാരെയും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയും കാണാം. 'എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത് ഷായുടെ വേദി പങ്കിടുന്ന വിജയന്‍. ഇങ്ങേരുടെ അടിമകളാണ് എന്‍ കെ പ്രേമചന്ദ്രനെ സങ്കി ആക്കാന്‍ നടക്കുന്നത്' എന്ന എഴുത്ത് ചിത്രത്തിലും കാണാം.
സമാന ചിത്രം സഹിതം മറ്റ് ചില പോസ്റ്റുകളും ഫേസ്ബുക്കിലുണ്ട്. 'സംഘപരിവാർ ഗ്രൂപ്പിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത പിണറായിയും കൂട്ടരുമാണോ എന്‍ കെ പ്രേമചന്ദ്രനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ നടക്കുന്നത്' എന്ന ചോദ്യത്തോടെയാണ് ഈ പോസ്റ്റുകള്‍.
വസ്തുതാ പ്രചാരണം
സത്യത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാർ ബഹിഷ്ക്കരിച്ച ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടോ നമുക്ക് വിശദമായി പരിശോധിക്കാം.
സോഷ്യല്‍ മീഡിയയില്‍ പ്രചാരത്തിലുള്ള ചിത്രത്തിന്‍റെ വസ്തുത അറിയാന്‍ ഫോട്ടോ റിവേഴ്സ് ഇമേജ് സെർച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ 2022 ഒക്ടോബർ 28ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിക്കാനായി. 2024ഓടെ എന്‍ഐഎയുടെ ബ്രാഞ്ചുകള്‍ എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിക്കും എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതായാണ് വാർത്തയുടെ തലക്കെട്ട്. ഫേസ്ബുക്ക് പോസ്റ്റില്‍ കാണുന്ന ചിത്രത്തിന്‍റെ കൂടുതല്‍ വിശദമായ രൂപം ഈ വാർത്തയില്‍ കാണാം. ഹരിയാനയിലെ സുരാജ്കുണ്ടില്‍ അമിത് ഷാ വിളിച്ചുചേർത്ത എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന ചിന്തന്‍ ശിവിർ എന്ന പരിപാടിയെ കുറിച്ചാണ് വാർത്ത. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന യോഗമായിരുന്നു ഇതെന്ന് വ്യക്തം. ഇത് ബിജെപിയുടെ സ്വകാര്യം പരിപാടി അല്ല.
2022 ഒക്ടോബറില്‍ കേരളവും പഞ്ചാബും ആന്ധ്രാപ്രദേശും തെലങ്കാനയും ഉള്‍പ്പടെ വിവിധ എന്‍ഡിഎ ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തതായി വാർത്തയില്‍ വിശദീകരിക്കുന്നു. പഞ്ചാബ് മുഖ്യമന്ത്രി ബഹവന്ത് മാനെ ചിത്രത്തില്‍ കാണാം. യോഗത്തില്‍ പങ്കെടുത്ത കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നയാള്‍ കൂടിയാണ്.
അതേസമയം 2022 ഒക്ടോബറില്‍ ബിജെപി/എന്‍ഡിഎ ഇതര സർക്കാരുകളുള്ള പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഒഡിഷ, ബിഹാർ, തമിഴ്നാട് എന്നിവിടങ്ങളിലെ ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിമാർ യോഗത്തിനെത്തിയില്ല. എന്നാല്‍ ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുതിർന്ന ഉദ്യോഗസ്ഥരെ യോഗത്തിന് അയച്ചു. എന്‍ഡിഎ ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെല്ലാം യോഗം ബഹിഷ്കരിച്ചിരുന്നു എന്ന പ്രചാരണം അതിനാല്‍ തന്നെ വസ്തുതാവിരുദ്ധമാണ്.
നിഗമനം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബിജെപി മുഖ്യമന്ത്രിമാർക്കുമൊപ്പം കേരള സിഎം പിണറായി വിജയന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത് ബിജെപി പരിപാടിയിലല്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തന്‍ ശിവിർ എന്ന യോഗത്തില്‍ നിന്നുള്ള ചിത്രമാണിത്. മാത്രമല്ല, പഞ്ചാബ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മറ്റ് ബിജെപി ഇതര മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം