അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിനെതിരായ പ്രതിഷേധത്തിന്‍റെ ചിത്രമോ ഇത്? Fact Check
അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ റാലി ചെന്നൈയില്‍ നടന്നു എന്നാണ് ചിത്രം സഹിതം പ്രചാരണം
ദില്ലി: മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ് വലിയ വിവാദമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് 2024 നടക്കുന്ന വേളയില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികള്‍ ഉയർത്തിയത്. ഇതിനിടെ പ്രതിഷേധത്തിന്‍റെ ഭാഗമായി ചെന്നൈയില്‍ മഹാപ്രകടനം നടന്നോ? ആയിരക്കണക്കിനാളുകളുള്ള ചിത്രം സഹിതമാണ് പ്രചാരണം തകൃതിയായി നടക്കുന്നത്.
പ്രചാരണം
അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ റാലി ചെന്നൈയില്‍ നടന്നു എന്നാണ് സാമൂഹ്യമാധ്യമമായ എക്സിലെ പ്രചാരണം. 'ഏകാധിപത്യത്തിന്‍റെ അന്ത്യം അടുത്തിരിക്കുന്നതായി ഈ ചിത്രം വ്യക്തമാക്കുന്നു. കെജ്രിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിക്കുന്ന ജനങ്ങളുടെ ചിത്രമാണ്' എന്ന കുറിപ്പോടെയാണ് ചിത്രം ജീത് ബുർദാക് എന്ന യൂസർ എക്സില്‍ (ട്വിറ്റർ) പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെന്നൈയാണ് ലൊക്കേഷന്‍ എന്നും ട്വീറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വസ്തുതാ പരിശോധന
ഈ ചിത്രം സഹിതം നടക്കുന്നത് വ്യാജ പ്രചാരണമാണ് എന്നതാണ് വസ്തുത. ഇതേ ഫോട്ടോ അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ കർമ്മത്തിന് ശേഷമുള്ള ആദ്യ ദിനത്തെ കാഴ്ചയാണിത് എന്ന അവകാശവാദത്തോടെ പ്രചരിച്ചിരുന്നതാണ്. അയോധ്യയിലെ ആദ്യ ദിനം അഞ്ച് ലക്ഷം ഭക്തര്‍ എത്തി എന്ന അവകാശവാദത്തോടെ സമാന ഫോട്ടോ കേരളത്തിലടക്കം മലയാളം തലക്കെട്ടുകളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതും വ്യാജ പ്രചാരണമായിരുന്നു.
സത്യാവസ്ഥ എന്ത്?
ഒഡിഷയിലെ പുരിയിലുള്ള ജഗന്നാഥ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന രഥ യാത്രയുടെ ചിത്രമാണ് രാഹുല്‍ ഗാന്ധിയുടെ റാലിയുടേത്, അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിനെ തുടർന്നുള്ള പ്രതിഷേധം എന്നീ തലക്കെട്ടുകളില്‍ പ്രചരിക്കുന്നത്. ഈ ചിത്രം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് 2023 ജൂണ്‍ 20ന് പുരിയിലെ എന്ന കുറിപ്പോടെ ട്വീറ്റ് ചെയ്തിരുന്നതാണ്.
Read more: പാഴ്‍വസ്തുക്കള്‍ പെറുക്കാനെത്തിയയാള്‍ കുട്ടിയെ തട്ടിക്കോണ്ടു പോയതായി വീഡിയോ വൈറല്‍- വസ്തുത
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം