അയോധ്യ രാമക്ഷേത്രത്തിന് നടന്‍ പ്രഭാസ് 50 കോടി രൂപ നല്‍കിയോ? സത്യമിത്
അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന് പ്രഭാസ് 50 കോടി രൂപ സംഭാവന ചെയ്തതതായി നിരവധി ട്വീറ്റുകളാണുള്ളത്
സലാര്‍ തിയറ്ററുകളില്‍ തരംഗമായിരിക്കേ നായകന്‍ പ്രഭാസിനെ കുറിച്ചുള്ള ഒരു വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ ഷെയര്‍ ചെയ്യപ്പെടുകയാണ്. അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ കര്‍മ്മത്തിനായി 50 കോടി രൂപ പ്രഭാസ് സംഭാവന ചെയ്തെന്നും പ്രതിഷ്ഠാ കര്‍മ്മ ദിനമായ 2024 ജനുവരി 22ന് ക്ഷേത്രത്തിലെ ഭക്ഷണ ചിലവുകളെല്ലാം വഹിക്കുക താരമാണ് എന്നുമാണ് സാമൂഹ്യമാധ്യമമായ എക്സില്‍ (പഴയ ട്വിറ്റര്‍) വ്യാപകമായി പ്രചരിക്കുന്നത്.
പ്രചാരണം
അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന് പ്രഭാസ് 50 കോടി രൂപ സംഭാവന ചെയ്തതതായി നിരവധി ട്വീറ്റുകളാണുള്ളത്. Adoni prabhas fans എന്ന യൂസര്‍ 2024 ജനുവരി 19ന് പ്രഭാസിന്‍റെ വീഡിയോ സഹിതം ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. Adoni prabhas fans മാത്രമല്ല, മറ്റനേകം പേരും പ്രഭാസ് അയോധ്യ രാമക്ഷേത്രത്തിന് വലിയ തുക നല്‍കിയതായി ട്വീറ്റുകളില്‍ അവകാശപ്പെടുന്നു. വെരിഫൈഡ് അക്കൗണ്ടുകളില്‍ നിന്നുവരെ പ്രഭാസിനെ കുറിച്ച് ഈ അവകാശവാദമുന്നയിച്ചവരെ കാണാം. അത്തരം ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു.
ഇതേസമയം ആന്ധ്രാപ്രദേശ് എംഎല്‍എ ചിര്‍ല ജഗ്ഗിറെഡ്ഡിയും പ്രഭാസിനെ കുറിച്ച് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അയോധ്യ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ദിനത്തിലെ ഭക്ഷണ ചിലവ് പ്രഭാസ് വഹിക്കും എന്നാണ് ഒരു പൊതുപരിപാടിക്കിടെ ജഗ്ഗിറെഡ്ഡി പറഞ്ഞത്. ചിര്‍ല ജഗ്ഗിറെഡ്ഡിയുടെ വീഡിയോ ഇതിനകം എക്സില്‍ വൈറലായിക്കഴിഞ്ഞു.
വസ്‌തുത
എന്നാല്‍ അയോധ്യ രാമക്ഷേത്രത്തിന് നടന്‍ പ്രഭാസ് 50 കോടി രൂപ നല്‍കിയതായുള്ള സോഷ്യയില്‍ മീഡിയയിലെ പ്രചാരണം വ്യാജമാണ് എന്നാണ് റിപ്പോര്‍ട്ട്. പ്രഭാസിന്‍റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് ഈ വസ്തുത റിപ്പോര്‍ട്ട് ചെയ്തത്. രാമക്ഷേത്രത്തിന് 50 കോടി രൂപ നല്‍കിയതായുള്ള വാര്‍ത്ത വ്യാജമാണ് എന്ന് പ്രഭാസിന്‍റെ ടീം അംഗം ഇന്ത്യാ ടുഡേയോട് പറഞ്ഞു. പ്രഭാസിനെ കുറിച്ച് അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണം വ്യാജമാണ് എന്ന് ഇതിലൂടെ നിഗമനത്തിലെത്താം. അതേസമയം രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മത്തിന് പ്രഭാസിന് ക്ഷണമുണ്ടോ എന്ന കാര്യം വ്യക്തമല്ല.
Read more: പാരീസിന്‍റെ മുഖമായ ഈഫല്‍ ടവറിന് തീപ്പിടിച്ചോ; ചിത്രങ്ങളും വീഡിയോയും വൈറല്‍, സത്യമറിയാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം